SWISS-TOWER 24/07/2023

ഡോ മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 25 വിദ്യാർത്ഥികൾക്ക് മെഡിക്കൽ, നഴ്സിംഗ്, ഫാം പഠനത്തിന് 100% ഫീസിളവ്!

 
Dr Moopen's Legacy Scholarship announcement event
Dr Moopen's Legacy Scholarship announcement event

Photo: Special Arrangement

● അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 125 വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
● ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ പ്രതിവർഷം 3 കോടിയിലധികം രൂപ നീക്കിവെക്കും.
● സ്കോളർഷിപ്പിനുള്ള അപേക്ഷകൾ 2025 ജൂലൈ 28 മുതൽ സ്വീകരിച്ചു തുടങ്ങി.
● വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജാണ്.

കൊച്ചി: (KVARTHA) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അക്കാദമിക മികവ് പുലർത്തുന്നതുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം യാഥാർത്ഥ്യമാക്കാൻ ഒരു സുപ്രധാന സംരംഭത്തിന് തുടക്കമിട്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും ലോകപ്രശസ്ത മനുഷ്യസ്നേഹിയുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ. 

Aster mims 04/11/2022

വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് നഴ്‌സിംഗ് കോളേജ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന മിടുക്കരായ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി 'ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സ് പ്രോഗ്രാം' എന്ന പേരിൽ ഒരു വാർഷിക സ്കോളർഷിപ്പ് അദ്ദേഹം പ്രഖ്യാപിച്ചു. 

യോഗ്യരായ വിദ്യാർത്ഥികൾക്ക് 100% ട്യൂഷൻ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജ് എന്ന നേട്ടവും ഇതോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സ്വന്തമാക്കി. എംബിബിഎസ്, ബി.എസ്‌സി. നഴ്‌സിംഗ്, ബി.ഫാം കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ 25 വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പ് ലഭിക്കുക. 

ഓരോ വർഷവും 5 എംബിബിഎസ്, 10 നഴ്‌സിംഗ്, 10 ബി.ഫാം വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. എംബിബിഎസ് സ്കോളർഷിപ്പുകൾക്കുള്ള തിരഞ്ഞെടുപ്പ് പൂർണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും; മികച്ച അക്കാദമിക് ട്രാക്ക് റെക്കോർഡുകളും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കുകളുമുള്ള വിദ്യാർത്ഥികളെയാണ് പരിഗണിക്കുക. 

അതേസമയം, ബി.എസ്‌സി. നഴ്‌സിംഗ്, ബി.ഫാം സ്ഥാനാർത്ഥികളെ അക്കാദമിക് മെറിറ്റിന് പുറമെ സാമ്പത്തികസ്ഥിതിയും കണക്കിലെടുത്താകും തിരഞ്ഞെടുക്കുക. പഠനകാലയളവിൽ ഉടനീളം അക്കാദമിക മികവ് പുലർത്തുകയും സ്കോളർഷിപ്പിന്റെ മാനദണ്ഡങ്ങൾ പിന്തുടരുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിൽ നൂറുശതമാനം ഇളവ് ലഭിക്കും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 125 വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ പ്രതിവർഷം 3 കോടിയിലധികം രൂപ നീക്കിവെക്കും.

‘നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്,’ എന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 

‘കഴിവുണ്ടായിട്ടും സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഡോക്ടർമാരോ നഴ്‌സുമാരോ ഫാർമസിസ്റ്റുകളോ ആകാനുള്ള ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന എണ്ണമറ്റ വിദ്യാർത്ഥികളുടെ കഥകൾ ഞാൻ കേട്ടിട്ടുണ്ട്. പണമില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും മെഡിസിൻ പഠനം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വലിയ ആഗ്രഹത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാണ് ഈ സ്കോളർഷിപ്പ്,’ അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സ്കോളർഷിപ്പിലൂടെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ ഉന്നമനവും ലക്ഷ്യമിടുന്നു.

നിർധനർക്കും ഉൾനാടൻ/ഗ്രാമീണ മേഖലകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ഡോ. ആസാദ് മൂപ്പന്റെ ജീവിതലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ സ്കോളർഷിപ്പ് പദ്ധതിയും. 2012-ൽ സ്ഥാപിതമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മലയോര, ആദിവാസി, പിന്നാക്ക ജില്ലയിൽ സ്ഥാപിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ്. 

ഈ മേഖലയിൽ ഉന്നത ഗുണനിലവാരമുള്ള ചികിത്സാ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനൊപ്പം ആദിവാസി യുവാക്കൾ ഉൾപ്പെടെയുള്ള പ്രാദേശിക സമൂഹങ്ങളെ മെഡിസിൻ രംഗത്ത് തൊഴിൽ നേടാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ദൗത്യം.

6 ബാച്ചുകളിലായി 900-ത്തോളം യുവ ഡോക്ടർമാരെ വളർത്തിയെടുത്ത ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഇന്ത്യയിൽ സ്ഥിരതയാർന്ന മികവും മിടുക്കും പ്രകടിപ്പിക്കുന്ന ഒരു മെഡിക്കൽ വിദ്യാഭ്യാസ ഹബ്ബായി മാറിക്കഴിഞ്ഞു. പരിചയസമ്പന്നരായ അധ്യാപകർ, ഉയർന്ന നിലവാരമുള്ള ലൈബ്രറി, മ്യൂസിയം, തൃതീയ പരിചരണ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രി എന്നിവയോടുകൂടി ഈ കോളേജ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു മികവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു.

സ്കോളർഷിപ്പിനുള്ള അപേക്ഷകൾ 2025 ജൂലൈ 28 മുതൽ സ്വീകരിച്ചുതുടങ്ങി. കൂടുതൽ വിവരങ്ങൾക്കും യോഗ്യതാ മാനദണ്ഡങ്ങൾ അറിയുന്നതിനും www(dot)dmscholarship(dot)in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ഡി.എം.ഇ. ആർ. എഫ് ട്രസ്റ്റിയുമായ അലീഷാ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടറും ഡി.എം.ഇ. ആർ. എഫ് ട്രസ്റ്റിയുമായ അനൂപ് മൂപ്പൻ, എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്ടറുമായ യു. ബഷീർ, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു.

ഈ മഹത്തായ സംരംഭത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Dr. Moopen's Legacy Scholarship offers 100% fee waiver.

#MoopensScholarship #MedicalEducation #FeeWaiver #KeralaNews #AsterDMHealthcare #Education

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia