Study | ലോക തിമിംഗല സ്രാവ് ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അവയുടെ സംരക്ഷണപാഠം പകര്‍ന്ന് നല്‍കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
കൊച്ചി: (KVARTHA) ലോക തിമിംഗലസ്രാവ് ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അവയുടെ സംരക്ഷണപാഠം പകര്‍ന്ന് നല്‍കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ). വൈപ്പിന്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിലാണ് സി എം എഫ് ആര്‍ ഐ കുട്ടികള്‍ക്കുള്ള ബോധവല്‍കരണ പരിപാടി നടത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന ഈ സ്രാവിനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. സൗമ്യനായ ഭീമ മത്സ്യം എന്നാണ് തിമിംഗല സ്രാവ് അറിയപ്പെടുന്നത്. ഏറ്റവും വലിയ മത്സ്യമാണിത്. കടലില്‍ ഇവ നേരിടുന്ന ഭീഷണികള്‍ വിദ്യാര്‍ത്ഥികളെ സി എം എഫ് ആര്‍ ഐ ബോധ്യപ്പെടുത്തി. സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയ നിയമങ്ങളും വിശദീകരിച്ചു നല്‍കി. ബോധവല്‍കരണ ക്ലാസുകള്‍ക്കൊപ്പം, പ്രശ്നോത്തരി, ചിത്രരചന-പ്രസംഗ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. തിമിംഗല സ്രാവിന്റെ ചിത്രത്തിനൊപ്പം സ്ഥാപിച്ച ഫോട്ടോ ബൂത്ത് ശ്രദ്ധേയമായി.
സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തിമിംഗല സ്രാവിന്റെ അതിജീവനവും സംരക്ഷണവും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. സി എം എഫ് ആര്‍ ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടി എം നജ്മുദ്ധീന്‍, സയന്റിസ്റ്റുമാരായ ഡോ രമ്യ എല്‍, ഡോ ലിവി വില്‍സന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക സ്മിത കെ ജി എന്നിവര്‍ പ്രസംഗിച്ചു.
#whaleshark #conservation #marinelife #education #CMFRI #Kochi #saveouroceans