നിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്ന ഇടമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി; ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് സ്കൂൾ വിഭാഗത്തിൽ മടവൂർ എൻഎസ്എസിനും കോളജ് വിഭാഗത്തിൽ കാര്യവട്ടം ക്യാമ്പസിനും കിരീടം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സ്‌കൂൾ വിഭാഗം ജേതാക്കൾക്ക് അഞ്ച് ലക്ഷം രൂപയും കോളേജ് വിഭാഗം ജേതാക്കൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് ക്യാഷ് പ്രൈസ്.
● തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
● ചരിത്രത്തെ വളച്ചൊടിക്കുന്നവരെ തിരിച്ചറിയാൻ നാടിന്റെ യഥാർത്ഥ ചരിത്രം പഠിക്കണമെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
● അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ ആലോചിക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
● പത്തനംതിട്ട കലഞ്ഞൂർ ജിഎച്ച്എസ്എസ് (സ്കൂൾ), ചിറ്റൂർ ഗവ. കോളേജ് (കോളേജ്) എന്നിവർ രണ്ടാം സ്ഥാനം നേടി.
തിരുവനന്തപുരം: (KVARTHA) കേരളത്തിൻ്റെ സാമൂഹിക, വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് സമാപിച്ചു.
അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത അറിവിൻ്റെ ഉത്സവത്തിൽ സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻഎസ്എസ് ഹയർ സെക്കന്ററി സ്‌കൂളും, കോളേജ് വിഭാഗത്തിൽ കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസും ജേതാക്കളായി.
തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിൽ നടന്ന ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി.

വിജയികൾ ഇവർ
സ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട കലഞ്ഞൂർ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടിയപ്പോൾ, കോളേജ് വിഭാഗത്തിൽ പാലക്കാട് ചിറ്റൂർ ഗവ. കോളേജ് രണ്ടാമത്തെത്തി. വയനാട് പെരിക്കല്ലൂർ ജിഎച്ച്എസ്എസും കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസുമാണ് യഥാക്രമം സ്‌കൂൾ, കോളേജ് വിഭാഗങ്ങളിൽ മൂന്നാം സ്ഥാനം നേടിയത്.
ഒന്നാം സ്ഥാനം നേടിയ എൻഎസ്എസ് മടവൂർ സ്‌കൂളിനെ പ്രതിനിധീകരിച്ച് അനന്യ പി.എസ് (പ്ലസ് വൺ), നവനീത് കൃഷ്ണ യു.എസ് (പ്ലസ് ടു) എന്നിവരും, കാര്യവട്ടം ക്യാമ്പസിനെ പ്രതിനിധീകരിച്ച് അശ്വതി പി.എ (എംഎ ഹിസ്റ്ററി), ശ്രീഹരി എം. (എംകോം) എന്നിവരും പങ്കെടുത്തു.

സ്‌കൂൾ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം അഞ്ചു ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപ വീതവും, കോളേജ് വിഭാഗത്തിൽ യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതവുമാണ് ക്യാഷ് പ്രൈസ്.
കോളേജ് വിഭാഗത്തിൽ മാർ ഇവാനിയോസ് കോളേജ് (തിരുവനന്തപുരം) നാലാം സ്ഥാനവും മലബാർ ക്രിസ്ത്യൻ കോളേജ് (കോഴിക്കോട്) അഞ്ചാം സ്ഥാനവും കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് (മണ്ണുത്തി) ആറാം സ്ഥാനവും നേടി.

സ്‌കൂൾ വിഭാഗത്തിൽ വാളാട് ജിഎച്ച്എസ്എസ് (വയനാട്), മാറാക്കര വിവിഎം എച്ച്എസ്എസ് (മലപ്പുറം), ചിങ്ങപുരം സികെജി മെമ്മോറിയൽ എച്ച്എസ്എസ് (കോഴിക്കോട്) എന്നിവർ യഥാക്രമം നാല് മുതൽ ആറ് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ചരിത്രം പഠിക്കണം, അപകീർത്തിപ്പെടുത്തുന്നവരെ തിരിച്ചറിയണം: മുഖ്യമന്ത്രി
ചരിത്രപരമായ ഒരു വലിയ മാറ്റത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാണ് ഇപ്പോഴത്തെ വിദ്യാർത്ഥികളെന്നും അവർ നാടിനുണ്ടായ മാറ്റങ്ങൾ പഠിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

‘വിദ്യ നിഷേധിക്കപ്പെട്ടിടത്ത് നിന്നും എല്ലാ കുഞ്ഞുങ്ങൾക്കും നിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്ന ഇടമായി കേരളം മാറി. ആയിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കാലത്തുനിന്നാണ് നവീന ലാബുകളും സൗകര്യങ്ങളുമുള്ള സ്‌കൂളുകളിലേക്ക് നാം എത്തിയത്,’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തെ അപകീർത്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില സിനിമകളെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് തിരിച്ചറിയാനും സമൂഹത്തെ അറിയിക്കാനും വിദ്യാർത്ഥികൾക്ക് കഴിയണം. അതിന് നമ്മുടെ നാടിനെയും അതിന്റെ ചരിത്രത്തെയും കുറിച്ച് വ്യക്തമായ ബോധ്യം അവർക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനയ്ക്ക് ഗ്രേസ് മാർക്ക്: മന്ത്രി വി. ശിവൻകുട്ടി
വിദ്യാർത്ഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, ഐപിആർഡി സ്‌പെഷ്യൽ സെക്രട്ടറി ടി.വി സുഭാഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, കോളേജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടർ കെ. സുധീർ തുടങ്ങിയവർ സംബന്ധിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ ജി സന്തോഷ് നന്ദി പറഞ്ഞു.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Madavoor NSS HSS and Kariyavattom Campus won the first Chief Minister’s Mega Quiz. Education Minister announced grace marks for reading habit.
#ChiefMinistersMegaQuiz #PinarayiVijayan #KeralaEducation #QuizWinners #VSivankutty #KeralaNews #ReadingHabit #GraceMarks #KVARTHA
