Inauguration | 'ഗുഡ് മോണിംഗ് എറണാകുളം' ടി ജെ വിനോദ് എംഎല്‍എയുടെ പ്രഭാത ഭക്ഷണ പദ്ധതി മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു
കൊച്ചി: (KVARTHA) എംഎല്‍എ ടി ജെ വിനോദിന്റെ നേതൃത്വത്തില്‍, എറണാകുളം നിയമസഭാമണ്ഡലത്തിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് നഴ്സറി, എല്‍.പി, യു.പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്പന ചെയ്ത 'ഗുഡ് മോണിംഗ് എറണാകുളം' പ്രഭാത ഭക്ഷണ പദ്ധതിയുടെ ഔദ്യോഗിക ഉദ് ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
ബിപിസിഎല്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എറണാകുളം മണ്ഡലത്തിലെ 38 സ്‌കൂളുകളില്‍ 7970 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നു.
മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസംഗത്തില്‍ നിന്ന്;
വിദ്യാഭ്യാസരംഗത്ത് ഗുണനിലവാര മാറ്റങ്ങള്‍ക്ക് തുടക്കമാവുകയാണ്. എട്ടാം ക്ലാസ്സ് മുതല്‍ വിഷയത്തില്‍ കുറഞ്ഞത് ഒരു പാസ് മാര്‍ക്ക് നേടുന്നതിനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതാണ്. ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് ഈ മാര്‍ക്ക് ലഭിക്കാതിരുന്നാല്‍, അവര്‍ക്ക് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും.
നിലവിലെ ഓള്‍ പ്രൊമോഷന്‍ രീതി ഉത്തരവാദിത്തമില്ലായ്മയ്ക്ക് കാരണമാകുന്നു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്കു ഉള്‍പ്പെടെ, കൂടുതല്‍ വിദ്യാര്‍ഥികള്‍ യോഗ്യത നേടുന്നതിന്, അധ്യാപകരും വിദ്യാര്‍ഥികളും ഏറെ ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകേണ്ടതുണ്ട്. ഇതുകൂടാതെ, എം.എല്‍.എ. ടി. ജെ. വിനോദ് പ്രഭാത ഭക്ഷണം പോലും നല്‍കിക്കൊണ്ട് മാതാപിതാക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. ഇനി കൂടുതല്‍ മെച്ചപ്പെട്ട പഠനവും മികച്ച ഫലവും സമ്മാനിക്കുക എന്നത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തമാണ്, എന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ വാക്കുകള്‍.
എംഎല്‍എ ടി ജെ വിനോദിന്റെ വാക്കുകള്‍:
തിരക്കേറിയ ജീവിത സാഹചര്യത്തില്‍, പലപ്പോഴും മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി, സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്നതിന് ഒരു പദ്ധതി ആരംഭിക്കണമെന്ന ആശയമാണ് രൂപം കൊണ്ടത്. തുടര്‍ന്ന് ബിപിസിഎല്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി ഈ പദ്ധതി തുടങ്ങുകയായിരുന്നു. 'ഗുഡ് മോണിംഗ് എറണാകുളം' പദ്ധതി ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്, എന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ബി.പി.സി.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, പബ്ലിക് റിലേഷന്‍സ് മാനേജര്‍ ടോം ജോസഫ്, കൗണ്‍സിലര്‍മാരായ സുധ ദിലീപ് കുമാര്‍, മനു ജേക്കബ്, ഡി.ഡി.ഇ ഹണി ജി. അലക്‌സാണ്ടര്‍, ഡി.ഇ.ഒ. ദേവിക ടി.എസ്, റവ. സി. ലുസെറ്റ്, പ്രിന്‍സിപ്പല്‍ റവ. സി. മാജി, ഹെഡ്മിസ് ട്രസ് റവ. സി. മനീഷ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
#KeralaEducation #SchoolBreakfast #FreeBreakfast #Ernakulam #GovernmentInitiative #EducationForAll