Teacher Accountability | വിദ്യാർഥികൾ തലതിരിഞ്ഞതിൻ്റെ കാരണക്കാർ മാതാപിതാക്കളോ, അധ്യാപകരെ മാത്രം എങ്ങനെ കുറ്റപ്പെടുത്താനാകും?


● വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നു.
● അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാസിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
● മാതാപിതാക്കളുടെ അമിതമായ സ്വാതന്ത്ര്യം കുട്ടികളെ വഴിതെറ്റിക്കുന്നു.
● വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം അനിവാര്യമാണ്.
കെ ആർ ജോസഫ്
(KVARTHA) ഇന്ന് വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം കൂടി വരുന്നു എന്നത് സത്യമാണ്. അതിൻ്റെ പേരിൽ പല വിധത്തിലുള്ള ക്രൂരതകളും കാമ്പസിൽ അരങ്ങേറുന്നുണ്ട്. അതിന് അധ്യാപകരെയോ ഭരിക്കുന്ന സർക്കാരിനെയോ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. ലഹരിയ്ക്കടിമകളാകുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളും അതിന് ഉത്തരവാദികളല്ലെ എന്ന് ചിന്തിക്കണം. ഒരു കുട്ടിയെ ശാസിച്ചാൽ, അല്ലെങ്കിൽ ശിക്ഷിച്ചാൽ അധ്യാപകൻ അകത്താകുന്ന കാലമാണ്. അതിനാൽ തന്നെ അധ്യാപകർക്ക് തൻ്റെ വിദ്യാർത്ഥികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റാത്ത സ്ഥിതി ആയിരിക്കുന്നു.
അധ്യാപകർ തങ്ങളോട് പറഞ്ഞിരിക്കുന്ന പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്നതിന് അപ്പുറം തൻ്റെ ശിഷ്യന്മാരുടെ മറ്റ് ഒരു കാര്യത്തിലും ഒന്നും ചെയ്യാൻ പറ്റാതെ മാറേണ്ട സാഹചര്യമായിരിക്കുന്നു. അതാണ് ഇപ്പോഴത്തെ ഗുരു ശിഷ്യ ബന്ധം. തങ്ങളുടെ മാതാപിതാക്കൾ പഠിപ്പിക്കുന്നതിന് പണം തരുന്നുണ്ട്. അതുകൊണ്ട് തങ്ങൾ പറയുന്നതുപോലെ അധ്യാപകർ പഠിപ്പിച്ചാൽ മതി എന്ന നിലപാടിലേയ്ക്ക് വിദ്യാർത്ഥികൾ വളർന്നതാണ് ഇന്ന് കാമ്പസുകളിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം.
ഈ അവസരത്തിൽ ഒരു അധ്യാപകൻ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 32 വർഷം അധ്യാപകനും 9 വർഷം ഹെഡ് മാസ്റ്ററും ആയിരുന്ന മാത്യു സ്ക്കറിയ എന്ന അധ്യാപകൻ എഴുതിയതാണ് ഈ കുറിപ്പ്. കുറിപ്പിൽ പറയുന്നത്: '32 വർഷക്കാലം അധ്യാപകനും 9 വർഷക്കാലം ഹെഡ് മാസ്റ്ററും ആയി ജോലി ചെയ്തു റിട്ടയർ ചെയ്തു. കഴിഞ്ഞ ജൂണിൽ ക്ലാസ് ടീച്ചർ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ എൻ്റെ ഓഫിസിലേയ്ക്ക് അയച്ചു. കുട്ടിയുടെ മുടി നെറ്റിയും കടന്ന് മുന്നിലേയ്ക്ക് കിടക്കുന്നു. മുടി വെട്ടണമെന്ന് പറഞ്ഞ് ഞാൻ കുട്ടിയെ പറഞ്ഞയച്ചു.
വീട്ടിലെത്തിയ കുട്ടി അമ്മയോട് കരഞ്ഞു പറഞ്ഞത് ഹെഡ് മാസ്റ്റർ അപമാനിച്ചെന്നാണ്. കുട്ടി പരാതി നൽകി. വിദ്യാഭ്യസ വകുപ്പ് ഓഫീസിലേയ്ക്ക് എന്നെ വിളിച്ചു വരുത്തി. അവിടെ ചെന്നപ്പോൾ കിട്ടിയത് മെമ്മോയാണ്. കലക്ടർ, പോലീസ്, ബാലാവകാശ കമ്മീഷൻ എന്നിവർക്കും കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി. ഞാൻ റിട്ടയർ ചെയ്തിട്ടും ഇതിൻ്റെ പേരിൽ അനേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസവും സ്‌കൂളിലെത്തി അധ്യാപകരിൽ നിന്നും തെളിവെടുത്തു. ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നതോടെ അധ്യാപകർ പല കാര്യത്തിലും ഇടപെടാറില്ല'.
ഇതാണ് മാത്യു സ്ക്കറിയ എന്ന അധ്യാപകൻ എഴുതിയ കുറിപ്പ്. ഇത് തന്നെയാണ് കുട്ടികൾ പഠിക്കുന്ന കാമ്പസുകളിൽ വഷളാകാൻ കാരണവും. എന്ത് ചെയ്താലും തങ്ങളോട് ആരും ചോദിക്കാൻ ഇല്ലാത്ത അവസ്ഥ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അധ്യാപക സമൂഹത്തെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തി അവരെ നിഷ്ക്രിയരും നിരായുധരുമാക്കുന്ന ബാലാവകാശനിയമങ്ങൾ കുട്ടിക്കുറ്റവാളികൾക്ക് പ്രോത്സാഹനമൊരുക്കുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തെറ്റ് തിരുത്തലകളും ശാസനകളും ബാലാവകാശ നിയമ നൂലാമാലകളിൽ തങ്ങളെ തിരിഞ്ഞു കൊത്തും എന്ന തിരിച്ചറിവിൽ അധ്യാപകർ വെറും സിലബസ് തീർക്കുന്ന തൊഴിലാളികളായി മാറിയിരിക്കുന്നു.
ഇനിയെങ്കിലും നിലവിലെ നിയമങ്ങൾ മാറ്റിയെഴുതപ്പെടുന്നില്ലങ്കിൽ കാമ്പസുകളിൽ ഇനിയും രക്തമൊഴുകും. ഇനി സ്‌കൂളുകളിൽ വടിയുള്ള കാലത്ത് പഠിച്ച ഒരു വിദ്യാർത്ഥി തന്നെ അന്ന് വടികൊണ്ട് തല്ലിയ അധ്യാപകനെ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന് കാട്ടി കുറിച്ച കുറിപ്പാണ് ശ്രദ്ധയിൽ കൊണ്ടു വരുന്നത്. അതിൽ പറയുന്നത് ഇങ്ങനെയാണ്: 'ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടി.വി ജോസഫ് സാർ ആയിരുന്നു ക്ലാസ് ടീച്ചർ. ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നത് ജോസഫ് സാർ ആയിരുന്നു. ക്ലാസ് എടുത്ത് കൊണ്ടിരുന്നപ്പോൾ പൂവർ (poor) എന്ന ഇംഗ്ലീഷ് വാക്കിൻ്റെ അർത്ഥം പറയാൻ സാർ ആവശ്യപ്പെട്ടു. 42 കുട്ടികൾ ഉള്ള ക്ലാസിൽ ഒരാളാണ് ഉത്തരം പറഞ്ഞത്.
തലേ ദിവസം പഠിപ്പിച്ച പാഠത്തിൽ നിന്നുള്ള ചോദ്യം ആയിരുന്നത് കൊണ്ട് അർത്ഥം പഠിക്കാതെ വന്ന ഞങ്ങൾ 41 പേരെയും സാർ ചൂരലിന് അടിച്ചു. അന്ന് നിക്കർ ആയിരുന്നു വേഷം. തല്ല് കിട്ടിയതിൻ്റെ അടയാളം തുടയിൽ പതിഞ്ഞു കിടന്നു. ഈ വിവരം വീട്ടിൽ പറയാൻ പേടി ആയിരുന്നു. എങ്കിലും അമ്മ കണ്ട് പിടിച്ചു. സാരമില്ല എന്ന് പറഞ്ഞു അമ്മ എണ്ണ തേച്ച് തന്ന് ആശ്വസിപ്പിച്ചു. ഹൈസ്കൂൾ പഠനവും കഴിഞ്ഞ് ജോലി ഒക്കെ കിട്ടി കഴിഞ്ഞ് മിക്കപ്പോഴും പള്ളിയിൽ വെച്ച് സാറിനെ കാണുമായിരുന്നു. സാറിനെ കാണുമ്പോൾ ഒക്കെ പഴയ അടിയുടെ വേദന മനസ്സിൽ ഓടി എത്തുമെങ്കിലും ബഹുമാനത്തോടെ ചിരിച്ച് സാറിനെ കടന്ന് പോകുക മാത്രം ചെയ്യും. ഇപ്പോഴും (സാർ മരണപ്പെട്ടു) പഴയ ഓർമ്മകൾ വേട്ടയടുമ്പോൾ ജോസഫ് സാർ മനസ്സിൽ എത്തും. അദ്ദേഹത്തോട് ദേഷ്യം തോന്നിയിട്ടില്ല'.
കുട്ടികൾ നന്നാകാൻ വേണ്ടി അധ്യാപകർ ശിക്ഷിക്കും. അത് ദേഷ്യം കൊണ്ടല്ല എന്ന് പുതുതലമുറ മനസ്സിലാക്കണം. ഇപ്പോഴത്തെ തലമുറ കാണിച്ച് കൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ എന്തോ ഒരു അസ്വസ്ഥത ഉണ്ടാകുന്നു. ശരിക്കും അധ്യാപകൻ്റെയും പഴയ വിദ്യാർത്ഥിയുടെയും കുറിപ്പുകൾ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. തൻ്റെ മക്കൾക്ക് ആവശ്യത്തിന് പണവും മറ്റ് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്ന മാതാപിതാക്കൾ തന്നെയല്ലെ അവർ മോശക്കാരാകുന്നതിന് പിന്നിലും ഒരു പരിധിവരെ കാരണക്കാർ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ഒരു മാറ്റം കൂടിയേ തീരു. അത് പഠിപ്പിക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആരോഗ്യദായകമായിരിക്കണം എന്നു മാത്രം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Teachers and parents should also share the responsibility for students' behavioral issues, as the current educational system and laws leave educators powerless.
#StudentBehavior #TeacherAccountability #Parenting #EducationReform #K-12Education #EducationalSystem