Inspiration | പാൻടെക്കിന് ഒരു ഓഫീസ്; സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്

 
The Embassy Building in Neeleswaram, the first office of Pantech.
The Embassy Building in Neeleswaram, the first office of Pantech.

Representational Image Generated by Meta AI

● നീലേശ്വരത്ത് സൗജന്യ സ്ഥലം ലഭിച്ചില്ല.
● സുഹൃത്ത് മുറി ഒഴിഞ്ഞുകൊടുത്തത് സഹായകമായി.
● വാടകയും ജീവനക്കാരൻ്റെ ശമ്പളവും ഏറ്റെടുത്തു.
● 1995ൽ പാൻടെക് പ്രവർത്തനം ആരംഭിച്ചു.

കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം ഭാഗം -53

(KVARTHA) സംഘടനയ്ക്ക് ഒരു ഓഫീസ് കണ്ടെത്തണമെന്നതായിരുന്നു അടുത്ത പ്രധാന ലക്ഷ്യം. രജിസ്ട്രേഷനായി ചെല്ലുമ്പോൾ ഓഫീസിൻ്റെ വാതിൽ നമ്പർ, വാർഡ്, പഞ്ചായത്ത് എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു. കണ്ണൂർ - കാസർകോട് ജില്ലകളിൽ എവിടെയെങ്കിലും ഓഫീസ് സ്ഥാപിക്കാമെന്നിരുന്നെങ്കിലും, എൻ്റെ പ്രവർത്തന മേഖല കൂടുതലും കാസർകോട് ജില്ലയായിരുന്നതിനാൽ അവിടെ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുന്നതാണ് ഉചിതമെന്ന് തോന്നി.

നീലേശ്വരത്ത് 1992 മുതൽ ഏകദേശം രണ്ടോ മൂന്നോ വർഷക്കാലം പോസ്റ്റ് ലിറ്ററസി ക്യാമ്പയിൻ്റെ ഭാഗമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് പഞ്ചായത്തിൻ്റെ അധീനതയിലുള്ള ഒരു കല്യാണമണ്ഡപം ഹാൾ ഞങ്ങൾക്ക് പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി. ആ സമയത്ത് നീലേശ്വരം ബ്ലോക്കിൻ്റെ തുടർ സാക്ഷരതാ പരിപാടിയുടെ പ്രോജക്ട് ഓഫീസറായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. ആ പ്രവർത്തന കാലയളവിൽ നീലേശ്വരത്തെ സാംസ്കാരിക - സാമൂഹിക രംഗത്തെ പ്രവർത്തകരും മാധ്യമപ്രവർത്തകരും പൂർണ്ണമായി സഹകരിച്ചു. അതിനാൽ പാൻടെക്കിൻ്റെ ഓഫീസ് നീലേശ്വരത്ത് സ്ഥാപിക്കുന്നതാണ് നല്ലതെന്ന് മനസ്സ് മന്ത്രിച്ചു.

The Embassy Building in Neeleswaram, the first office of Pantech.

എന്നാൽ 'പാൻടെക്' എന്ന ആശയം എങ്ങുമെത്തിയിരുന്നില്ല. എല്ലാം മനസ്സിൽ മാത്രം തളിരിട്ടു നിൽക്കുന്ന ചിന്തകളായിരുന്നു. സാമ്പത്തികമായി ഒരു രൂപയുടെ പോലും വരുമാനം അന്നുണ്ടായിരുന്നില്ല. ഒരു ഓഫീസ് കണ്ടെത്തിയേ മതിയാകൂ. എങ്കിൽ മാത്രമേ പി ടി ബി സാറിന് നൽകിയ വാക്ക് പാലിക്കാൻ സാധിക്കൂ. സൗജന്യമായി ഒരു സ്ഥലം ലഭിക്കുമോ എന്നറിയാൻ പല വാതിലുകളും മുട്ടിനോക്കി. എന്നാൽ പ്രവർത്തന പഥത്തിൽ എത്താത്ത ഒരു സംഘടനയ്ക്ക് ഓഫീസ് നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയില്ലെന്ന് മനസ്സിലായി.

അന്നത്തെ ജില്ലാ കളക്ടർ കമാൽകുട്ടി സാർ പല വഴികളും തേടിയെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവിൽ നീലേശ്വരം ബസ് സ്റ്റാൻഡിന് അടുത്തുള്ള എംബസി ബിൽഡിംഗ് ഉടമയെ കണ്ടു. അവിടെ മുറികളൊന്നും ഒഴിവില്ലായിരുന്നു. എന്നാൽ ആ കെട്ടിടത്തിലെ ഒരു മുറി എൻ്റെ സുഹൃത്തും നാട്ടുകാരനുമായ കൃഷ്ണൻ മാസ്റ്ററുടെ കൈവശമായിരുന്നു. ഇതര സംസ്ഥാനങ്ങളിലെ പ്രൊഫഷണൽ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ തരപ്പെടുത്തി കൊടുക്കുന്ന ഒരു ഏജൻ്റായി പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം, ആ മുറി ഒഴിയുന്നു എന്ന വിവരം ലഭിച്ചു.

ഉടൻ തന്നെ അദ്ദേഹത്തെ നേരിട്ട് ചെന്ന് കണ്ടു. മുറി ഒഴിഞ്ഞു തരാമെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, ഒരു നിബന്ധനയുണ്ടായിരുന്നു. ആ ഓഫീസിൽ അദ്ദേഹം ഒരു സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. വളരെ ദരിദ്രമായ ചുറ്റുപാടിൽ നിന്ന് വരുന്ന ഒരു പെൺകുട്ടിയാണത്. അവളെ ഓഫീസ് സ്റ്റാഫായി നിലനിർത്തണം. മുറിയുടെ വാടക കണ്ടെത്താൻ പോലും ബുദ്ധിമുട്ടുന്ന ഒരു സമയത്ത് ഒരു സ്റ്റാഫിന് കൂടി ശമ്പളം കൊടുക്കുക എന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു.

ഒടുവിൽ അതിനുള്ള തുക സ്വന്തം കയ്യിൽ നിന്ന് കണ്ടെത്താൻ തീരുമാനിച്ചു. മുറിയുടെ വാടക 400 രൂപയും സ്റ്റാഫിൻ്റെ അലവൻസ് 300 രൂപയുമടക്കം 700 രൂപയുടെ പ്രതിമാസ ചിലവ് ഏറ്റെടുത്തു. അങ്ങനെ ഒരു ഓഫീസ് കണ്ടെത്തി. വാടക രേഖ എഴുതി. 1995-ൽ പാൻടെക് പ്രവർത്തനം ആരംഭിച്ചു.

ഓഫീസ് സെക്രട്ടറിയായി നിയമിതയായ പെൺകുട്ടിയുടെ പേര് നാരായണി എന്നായിരുന്നു. നീലേശ്വരത്തിന് കിഴക്കുള്ള ഒരു ഗ്രാമമായിരുന്നു അവളുടെ വീട്. നാരായണി എന്ന പഴയ പേര് അവൾക്ക് അത്ര ഇഷ്ടമില്ലായിരുന്നു. അതിനാൽ എല്ലാവരും അവളെ ‘നന്ദു’ എന്നാണ് വിളിച്ചിരുന്നത്. ഓഫീസിൽ ഇരിക്കാൻ ഒരു മേശയോ കസേരയോ ഉണ്ടായിരുന്നില്ല. താൽക്കാലികമായി കൃഷ്ണൻ മാസ്റ്റർ ഉപയോഗിച്ചിരുന്ന മേശയും കസേരയും രണ്ടോ മൂന്നോ മാസത്തേക്ക് കടം വാങ്ങിയാണ് ഉപയോഗിച്ചത്.

രജിസ്ട്രേഷന് മുൻപ് തന്നെ പാൻടെക് പ്രവർത്തനങ്ങൾ ആരംഭിച്ചു. വാടകയും മറ്റ് അത്യാവശ്യ കാര്യങ്ങളും നിർവ്വഹിക്കാൻ പണം കണ്ടെത്തുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. അതിനായി ഒരു ഹോം നഴ്സിംഗ് സേവന പരിപാടി ആരംഭിക്കാമെന്ന ധാരണയിലെത്തി. 1985 മുതൽ കാൻഫെഡിൻ്റെ ആഭിമുഖ്യത്തിൽ ഹോം നഴ്സിംഗ് പരിശീലനവും തുടർന്ന് സേവനത്തിന് ആളുകളെ നിയോഗിക്കുന്നതും എൻ്റെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു. അതിൻ്റെ ഭാഗമായി ഹോം നഴ്സിംഗ് കോ-ഓർഡിനേറ്ററായി പുല്ലൂരിലെ പി മിനിമോളെ നിയമിച്ചിരുന്നു.

ആ മുൻപരിചയം വെച്ച് പാൻടെക്കിൻ്റെ നേതൃത്വത്തിലും ഒരു ഹോം നഴ്സിംഗ് പരിപാടി ആരംഭിക്കാൻ തീരുമാനിച്ചു. ഹോം നഴ്സിംഗ് പരിശീലനത്തിൽ താൽപ്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് പത്രത്തിൽ ഒരു പരസ്യം നൽകി. ഏകദേശം ഇരുപതോളം വനിതകൾ അപേക്ഷകരായി എത്തി. അവർക്ക് പ്രായോഗിക പരിശീലനം നൽകാനായി എൻ്റെ സുഹൃത്ത് ഡോ. വി സി രവീന്ദ്രൻ നടത്തുന്ന ‘സബ’ ഹോസ്പിറ്റലിനെ സമീപിച്ചു. ഡോക്ടർ പൂർണ്ണമായ സഹായം വാഗ്ദാനം ചെയ്തു.

അപേക്ഷകരായ സ്ത്രീകൾ കൂടുതലും കാസർകോട് ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ളവരായിരുന്നു. അവർക്ക് താമസ സൗകര്യം ആവശ്യമായിരുന്നു. അതിനായി ഹോസ്പിറ്റലിന് സമീപം വാടകയ്ക്ക് ഒരു വീട് കണ്ടെത്തി. രണ്ടുമാസം വളരെ കൃത്യതയോടെയും നിഷ്ഠയോടെയും രോഗീപരിചരണത്തിനും പ്രസവ ശുശ്രൂഷയ്ക്കും അത്യാവശ്യം വേണ്ട പരിശീലനം അവർ വിജയകരമായി പൂർത്തിയാക്കി.

അവരെ ഉപയോഗിച്ച് ഒരു ഹോം നഴ്സിംഗ് സർവ്വീസ് ആരംഭിച്ചു. സംഘടന ഒരു നിശ്ചിത തുക രജിസ്ട്രേഷൻ ഫീസായി ഈടാക്കി. അതോടെ അതുവരെ ഉണ്ടായിരുന്ന കടങ്ങൾ തിരിച്ചടയ്ക്കാനും സംഘടനയുടെ നടത്തിപ്പിന് ആവശ്യമായ വരുമാനം ലഭിക്കാനും തുടങ്ങി. ഈ സേവനത്തെക്കുറിച്ച് അറിഞ്ഞ മറ്റ് യുവതികളും പരിശീലനത്തിനായി എത്തിത്തുടങ്ങി. വിവിധ ആശുപത്രികളിലെ മാനേജ്‌മെൻ്റുമായി നേരിട്ട് സംസാരിച്ചു.

ഹോം നഴ്സുമാർക്ക് പരിശീലനം നൽകാനുള്ള അനുമതി നേടിയെടുത്തു. എൻ്റെ സഹപാഠിയും ഡോക്ടറുമായ ഡോ. ശശി, എൻ്റെ ശിഷ്യന്മാരായ ഡോ. മുഹമ്മദലി, ഡോ. പത്മനാഭൻ, ഡോ. കെ ജി പൈ, ഡോ. കൃഷ്ണൻ നായർ എന്നിവർ അവരുടെ ഹോസ്പിറ്റലുകളിൽ പരിശീലനം നൽകാൻ സന്നദ്ധത അറിയിച്ചു.

അടുത്ത പ്രധാന പരിപാടി സംഘടനയുടെ രജിസ്ട്രേഷനായിരുന്നു. പ്രവർത്തനം ആരംഭിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും രജിസ്ട്രേഷൻ നടന്നിരുന്നില്ല. ഒരു ഭരണഘടന എഴുതിയുണ്ടാക്കി. സംഘടനയുടെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഒരു രൂപരേഖയായി തയ്യാറാക്കി പി ടി ബി സാറിന് അയച്ചു കൊടുത്തു. അദ്ദേഹം അതിൽ ചില മാറ്റങ്ങൾ വരുത്തി തിരികെ അയച്ചു. സംസ്ഥാനം മുഴുവൻ പ്രവർത്തിക്കാനുള്ള ലക്ഷ്യമാണ് സംഘടനയ്ക്ക് ഉണ്ടായിരുന്നത്.

ആദ്യത്തെ മൂന്നു വർഷക്കാലം കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം ഒതുങ്ങിയും പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനും തീരുമാനിച്ചു. രജിസ്റ്റേർഡ് ഓഫീസായി സ്വാമി നിത്യാനന്ദ പോളിടെക്നിക്കും, ഹെഡ് ക്വാർട്ടേഴ്സായി നീലേശ്വരത്തെ എംബസി ബിൽഡിംഗും താൽക്കാലികമായി അംഗീകരിച്ചു. ഒമ്പതംഗ പ്രവർത്തന സമിതിയെ ആദ്യ ടേമിൽ തെരഞ്ഞെടുത്തു.

കെ പി ഭരതൻ ചെയർമാൻ, ടി എൻ എ നായർ വൈസ് ചെയർമാൻ, കുക്കാനം റഹ്മാൻ ജനറൽ സെക്രട്ടറി, പി മിനിമോൾ സെക്രട്ടറി, എ കുഞ്ഞിക്കണ്ണൻ ട്രഷറർ, എൻ പി രാജൻ, കെ വി വിജയൻ, ടി തമ്പാൻ, ടി വി രാജീവൻ എന്നിവരായിരുന്നു ആദ്യ കമ്മിറ്റിയിലെ അംഗങ്ങൾ. ഇവരെ കൂടാതെ ഹരിദാസ് കുന്നിയൂർ, കെ പവിത്രൻ, വി വി രാമകൃഷ്ണൻ നമ്പ്യാർ എന്നിവരടക്കം 12 ഫൗണ്ടർ മെമ്പർമാർ പാൻടെക്കിനുണ്ടായിരുന്നു.

അങ്ങനെ 'പാൻടെക്' എന്ന സംഘടന 1996 ഡിസംബർ 18-ന് 389/96 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. സർക്കാരിൽ നിന്ന് പ്രോജക്ടുകൾ അംഗീകരിച്ചു കിട്ടണമെങ്കിലും സാമ്പത്തിക സഹായം ലഭിക്കണമെങ്കിലും രജിസ്ട്രേഷന് ശേഷം മൂന്നു വർഷം പൂർത്തിയാകണം. ഓരോ വർഷത്തെയും വരവ് ചെലവ് കണക്കുകൾ ഒരു ചാർട്ടേർഡ് അക്കൗണ്ടിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കുകയും വേണം. അതിനായി എൻ രാമനാഥ പ്രഭുവിനെ ഓഡിറ്ററായി നിയമിക്കാൻ കമ്മിറ്റി തീരുമാനിച്ചു.

വിശദമായ പ്രവർത്തന റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും സർക്കാരിലേക്ക് സമർപ്പിച്ചാൽ മാത്രമേ സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭ്യമാവുകയുള്ളൂ. സംഘടനയുടെ ബൈലോയിൽ പറഞ്ഞിട്ടുള്ള പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് വിവിധ തൊഴിൽ മേഖലകളിൽ അനൗപചാരികമായ രീതിയിൽ പരിശീലനം നൽകുകയും അവർക്ക് സ്വയം തൊഴിൽ ചെയ്ത് ജീവിതമാർഗ്ഗം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുക എന്നതാണ്. ഹോം നഴ്സിംഗ് പരിശീലനത്തിൽ ഏകദേശം നൂറോളം വനിതകൾ പങ്കെടുത്തു. 1996 ആയപ്പോഴേക്കും അവർക്ക് ജോലി ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.

ആദ്യത്തെ പ്രധാന പരിശീലന പരിപാടി ‘ഗോൾഡ് പ്ലേറ്റിംഗ്’ ആയിരുന്നു. മുപ്പത് വനിതകൾക്ക് അതിൽ പരിശീലനം നൽകി. പാൻടെക്കിൻ്റെ പ്രവർത്തകനായ ജയൻ്റെ ഭാര്യ രമയായിരുന്നു ഇൻസ്ട്രക്ടർ. അതിന് ആവശ്യമായ ഒരു പ്രധാന രാസവസ്തു പൊട്ടാസ്യം സയനൈഡ് ആണ്. അത് ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.

ആത്മഹത്യക്ക് വരെ ഉപയോഗിക്കാൻ സാധ്യതയുള്ളതുകൊണ്ട് വിൽപ്പനക്കാർ സയനൈഡ് നൽകാൻ മടികാണിക്കും. എങ്കിലും പരിചയമുള്ള ആളുകൾക്ക് അവർ നൽകി. ഒരു മാസം കൊണ്ട് വിജയകരമായി ഗോൾഡ് പ്ലേറ്റിംഗ് പരിശീലനം പൂർത്തിയാക്കിയ ആ മുപ്പത് വനിതകളും സ്വന്തമായി തൊഴിൽ ചെയ്യാൻ തയ്യാറായി. അവരിൽ അഞ്ചോളം പേർ ഇന്നും ഈ മേഖലയിൽ സജീവമായി മുന്നോട്ട് പോകുന്നുണ്ട്.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

This part of the memoir describes the efforts to find an office for Pantech, the initial struggles, securing a space in Neeleswaram in 1995 with the help of a friend, and the subsequent commencement of the organization's activities.

 

#Pantech #SocialInitiative #Education #Kerala #Memoir #Inspiration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia