Feature | നൂറു വർഷമായി വനിതകൾ മാത്രം പഠിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്കൂൾ! ഇത് കണ്ണൂരിൻ്റെ വിസ്മയം
● കണ്ണൂരിലെ ചൊവ്വ ധർമസമാജം സ്കൂൾ 1923-ൽ ആരംഭിച്ചു.
● സ്കൂളിൽ എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്നു.
● പി. കെ. ബാപ്പുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപനം.
● ശ്രീനാരായണഗുരു ഉൾപ്പെടെ നിരവധി മഹാന്മാർ സന്ദർശിച്ചിട്ടുണ്ട്.
മിൻ്റാ മരിയാ തോമസ്
(KVARTHA) നമ്മുടെ കേരളം എന്ന് പറയുന്നത് മറ്റ് എന്തിനെയും പിന്തള്ളിയാലും വിദ്യാഭ്യാസത്തെ വളരെയേറെ പ്രോത്സാഹിപ്പിക്കുന്ന നാടാണ്. മികച്ച വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവരാണ് ഇവിടെയുള്ള ഭൂരിപക്ഷം പേരും. തങ്ങളുടെ കുട്ടികളെ എത്ര തുക മുടക്കി ആണെങ്കിലും മികച്ച സ്‌കൂളിൽ തന്നെ പഠിപ്പിക്കണമെന്ന് വാശിവെക്കുന്ന മാതാപിതാക്കളും വളരെയേറെ ഉള്ളത് ഈ കേരളത്തിൽ തന്നെയാകും. അതുകൊണ്ട് ഒരുപാട് സ്‌കൂളുകൾ പല മേഖലകളിലും ഒരോ വർഷവും ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. ശരിക്കും സ്‌കൂളുകൾ തമ്മിൽ ഇവിടെ ഒരു മത്സരം നടക്കുന്നുവെന്ന് പറയാം.
തങ്ങളുടെ സ്‌കൂളുകളിലേയ്ക്ക് കുട്ടികളെ കൂടുതലായി ആകർഷിപ്പിക്കാൻ പല സ്‌കൂൾ മാനേജ്മെൻ്റും പല രീതിയിലുള്ള സംവിധാനങ്ങളും മാർഗങ്ങളുമാണ് ആവിഷ്ക്കരിച്ചു വരുന്നത്. പലതും പഴയ തലമുറയിൽപ്പെട്ട ആളുകൾക്ക് കേട്ടാൽ കൗതുകം തോന്നുക സ്വഭാവികം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നൂറുവർഷമായി വനിത അധ്യാപകർ മാത്രം പഠിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്കൂൾ എന്ന തലക്കെട്ടോടെ പുറത്തുവന്ന ഒരു പോസ്റ്റാണ് സാമൂഹ്യ മാധ്യമത്തിൽ ശ്രദ്ധയാകർഷിക്കപ്പെടുന്നത്. അതും നമ്മുടെ കേരളത്തിലെ കണ്ണൂരിൽ എന്നു കേൾക്കുമ്പോൾ കൂടുതൽ ആശ്ചര്യകരമായി തോന്നാം.
കുറിപ്പിൽ പറയുന്നത്: 'നൂറുവർഷമായി വനിത അധ്യാപകർ മാത്രം പഠിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്കൂൾ. കണ്ണൂർ ചൊവ്വ ദേശത്തിന്റെ ധാർമികവും സാംസ്കാരികവുമായ നവോത്ഥാനം മുൻ നിർത്തി 1922-ൽ രൂപീകൃതമായ ഒരു മഹത് സ്ഥാപനമാണ് ചൊവ്വ ധർമസമാജം. ആര്യബന്ധു പി. കെ. ബാപ്പു അവർകളുടെയും, എ. പി. പൊക്കൻ അവർകളുടെയും നേതൃത്വത്തിൽ സഹൃദയന്മാരും ഒത്തുേചർന്നു സമാരംഭിച്ചതാണു സമാജം. ഇരുപത്തിയേഴ് അമ്മമാരുടെ സ്നേഹത്തണലിലാണു കണ്ണൂർ ധർമസമാജം സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു വളരുന്നത്. 24 അധ്യാപികമാരും മൂന്ന് ആയമാരും. സ്റ്റാഫിൽ പുരുഷനായുള്ളത് അറ്റൻഡർ സുജിത് മാത്രം.
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂൾ 1923ൽ ആരംഭിച്ചു. ബാലിക പാഠശാല കാലത്തിനൊപ്പം വളർന്നു ചൊവ്വ ധർമസമാജം യുപി സ്കൂളായി മാറി. നൂറുവർഷമായി വനിത അധ്യാപകർ മാത്രം പഠിപ്പിക്കുന്ന സ്കൂൾ. ഇത്തരത്തിലൊന്നു രാജ്യത്തു തന്നെ അപൂർവമായിരിക്കും. 1923–ൽ ഒരു ബാലികാ പാഠശാലയായി ഈ സ്കൂൾ തുടങ്ങുമ്പോൾ ആര്യബന്ധു പി കെ ബാപ്പുവിന് ഒരുകാര്യം നിർബന്ധമായിരുന്നു. പെൺകുട്ടികൾക്കു വിദ്യാഭ്യാസം കിട്ടണം. അതു മാത്രമല്ല ജോലിയും വേണം. അതിനു വേണ്ടി അദ്ദേഹം അവതരിപ്പിച്ച നിർദേശമാണ് ഇവിടെ അധ്യാപികമാർ മാത്രം മതിയെന്ന്.
കണ്ണൂർ കോഴിക്കോട് ഹൈവേയോടു ഏറെ ചേർന്നാണ് ഈ സ്കൂൾ. കണ്ണൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണ് ആര്യബന്ധു പി.കെ ബാപ്പു. സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നു ജീവിതം തുടങ്ങിയ അദ്ദേഹം കണ്ണൂരിൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നിരവധി പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ മാത്രമല്ല നെയ്ത്തുശാല പോലുള്ള വ്യവസായ സ്ഥാപനങ്ങളും അദ്ദേഹം തുടങ്ങി. സ്ത്രീകൾ വരുമാനം നേടി സ്വന്തം കാലിൽ നിന്നാലേ സാമൂഹിക പുരോഗതി സാധ്യമാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. കണ്ണൂരിന്റെ ദാഹമകറ്റാൻ ഒരു നൂറ്റാണ്ട് മുൻപ് 23 പൊതുകിണറുകളുണ്ടാക്കി. സാമൂഹിക മാറ്റത്തിനു ശക്തി പകരാൻ സ്വാതന്ത്ര്യസമര കാലത്തു മഹാത്മാഗാന്ധിയെ കണ്ണൂരിൽ വിളിച്ചുവരുത്തി സ്വീകരിച്ചു.
ആ ശ്രമങ്ങളുടെ തുടർച്ചയായി ശ്രീനാരായണ ഗുരുദേവനും കണ്ണൂരിലെത്തി. അങ്ങനെ കണ്ണൂരിൽ പി.കെ. ബാപ്പു എന്ന വ്യവസായി നടത്തിയ സാമൂഹ്യമാറ്റങ്ങളുടെ ഫലമാണ് ഒരു നൂറ്റാണ്ടായി വനിതാ അധ്യാപികമാർ മാത്രം പഠിപ്പിക്കുന്ന ധർമസമാജം യു.പി. സ്കൂൾ. അധ്യാപകർ സ്ത്രീകൾ മാത്രം മതിയെന്നു തീരുമാനിച്ചെങ്കിലും വിദ്യാർഥികളായി ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. വിഷ്ണു എന്ന കുടുംബപ്പേരിലാണ് നെയ്ത്തു ശാല തുടങ്ങിയത്. അതു കണ്ണൂരിലെ വലിയ സാംസ്കാരിക പ്രസ്ഥാനമായി മാറി. പണ്ട് മലബാറിൽ നിന്നു തെക്കൻ കേരളത്തിലേക്കുള്ള രാജവീഥിയിലെ പ്രധാന ഇടത്താവളമായിരുന്നു ചൊവ്വ. അതുകൊണ്ടാണ് ബാപ്പു ഇവിടെയൊരു പൊതു കിണറും ചുമടുതാങ്ങിയും സ്ഥാപിച്ചത്.
കാളവണ്ടികളായിരുന്നു അന്നത്തെക്കാലത്തു പ്രധാന വാഹനങ്ങൾ. കാളകൾക്ക് തീറ്റയും വെള്ളവും കൊടുക്കാനുമുള്ള കാലിത്തൊട്ടിയും അദ്ദേഹം സ്ഥാപിച്ചു. ‘മനുഷ്യനോടു മാത്രമല്ല മൃഗങ്ങളോടും കാരുണ്യത്തോടെ പെരുമാറിയ വ്യക്തിയായിരുന്നു ആര്യബന്ധു. അതുകൊണ്ടാണ് അദ്ദേഹം കിണറ്റിനടുത്തു കാലിത്തൊട്ടി കൂടി സ്ഥാപിച്ചത്. രാവിലെ ആരെങ്കിലും ആ തൊട്ടിയിൽ വെള്ളം കോരി നിറച്ചിടും. വണ്ടിക്കാളകൾ മാത്രമല്ല അലഞ്ഞു നടക്കുന്ന കാലികളും ഇവിടെ നിന്നാണു വെള്ളം കുടിച്ചിരുന്നത്. കിണറും കാലിത്തൊട്ടിയും മാത്രമല്ല കാലത്തിന്റെ ശേഷിപ്പുകളിൽ ഒരു ശവമഞ്ചവുമുണ്ട്.
പണ്ട് ആംബുലൻസുകൾ ഇല്ലാത്ത കാലത്ത് മരിച്ച വരെ കൊണ്ടുപോയിരുന്നത് ഈ മഞ്ചലിലായിരുന്നു.
സ്കൂളിലേക്കുള്ള ശുദ്ധജലം ഇപ്പോഴും എടുക്കുന്നത് പി.കെ ബാപ്പു കുഴിച്ചു കൊടുത്ത കിണറിൽ നിന്നാണ്. വണ്ടിക്കാളകളുടെ കാലം കഴിഞ്ഞെങ്കിലും കാലിത്തൊട്ടി ഇപ്പോഴുമുണ്ട്. സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുമ്പോൾ അധികമാകുന്ന അധ്യാപകരെ മറ്റ് സ്കൂളുകളിൽ വിന്യസിക്കും. അങ്ങനെ കുറച്ചു കാലം ബാലൻ മാഷ് എന്ന പുരുഷ അധ്യാപകൻ പഠിപ്പിച്ചിട്ടുണ്ട്. അതല്ലാതെ പുരുഷ അധ്യാപകർ ഇവിടെ പഠിപ്പിച്ചതായി രേഖകൾ ഇല്ല . നൂറുവർഷത്തിനിടയിൽ ധർമസമാജം സ്കൂളിൽ പല മഹാന്മാരും സന്ദർശകരായെത്തി. അവരിൽ ശ്രീനാരായണഗുരു, സ്വാമി സത്യവ്രതൻ, വാഗ്ഭടാനന്ദഗുരു, ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന വി.വി ഗിരി, ചിന്മയാനന്ദസ്വാമികൾ... അങ്ങനെ ആ പട്ടിക നീണ്ടു പോകുന്നു.
ജാതിഭേദമില്ലാതെ എല്ലാവരെയും മനുഷ്യരായി കാണാനുള്ള ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു പി.കെ.ബാപ്പു. സ്കൂളിലെത്തിയ ശ്രീനാരായണഗുരുദേവനു വിശ്രമിക്കാൻ പ്രത്യേകം കസേര തയാറാക്കി കൊണ്ടുവന്നു. ശ്രീനാരായണഗുരു വിശ്രമിച്ചു എന്നു വിശ്വസിക്കുന്ന ആ കസേര ഇന്നും അമൂല്യനിധിയായി സ്കൂളിൽ സൂക്ഷിക്കുന്നു'.
ഇതൊക്കെയാണ് ഈ സ്‌കൂളിൻ്റെ പ്രത്യേകതകൾ. വലിയ വലിയ സ്‌കൂളുകൾക്കൊപ്പം പരമ്പരാഗതമായി ഇങ്ങനെയും ചില സ്‌കൂളുകൾ ഇവിടെ പിടിച്ചു നിൽക്കുന്നുവെന്ന് മനസ്സിലായില്ലേ.. തീർച്ചയായും കണ്ണൂർ സന്ദർശിക്കുന്നവർ ഈ സ്‌കൂളും കാണാനും അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും ശ്രമിക്കുക. ഇങ്ങനെ ഒരു സ്‌കൂൾ ഇവിടെ ഉണ്ടെന്ന് മറ്റുള്ളവർക്ക് അറിവ് പകരുന്ന ഈ ലേഖനം കൂടുതൽ പേർക്ക് പങ്കിടാനും മടിക്കേണ്ട.
#allfemaleschool #india #kerala #education #womenempowerment #history #school #dharmasamajam