Condom Efficacy | ലൈംഗിക രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ കോണ്ടത്തിന് കഴിയില്ല! പരിഹാരത്തിന് 6 കാര്യങ്ങൾ ഇതാ
കോണ്ടം ലിംഗത്തെ മാത്രമേ മറയ്ക്കൂ.
ഹെർപ്പസ്, എച്ച്‌പിവി പോലുള്ള രോഗങ്ങൾ ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്ക് പകരും.
കോണ്ടം പൊട്ടുകയോ വഴുതിപ്പോകുകയോ ചെയ്യാം.
ന്യൂഡൽഹി: (KVARTHA) ലൈംഗികമായി പകരുന്ന അണുബാധകളുടെ ( (STIs) സാധ്യത കുറയ്ക്കുന്നതിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്നാണ് ഗർഭനിരോധന ഉറകൾ അഥവാ കോണ്ടം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, കോണ്ടം ഒരു തടസമായി പ്രവർത്തിച്ച്, അണുബാധയുള്ള ദ്രാവകങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുന്നു. ഇത് അണുബാധ പകരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
എന്നിരുന്നാലും, ഗർഭനിരോധന ഉറകൾ ലൈംഗികമായി പകരുന്ന പല അണുബാധകളുടെയും അപകടസാധ്യത ഗണ്യമായി കുറയ്ക്കുമെങ്കിലും, എല്ലാ അണുബാധകളും തടയുന്നതിൽ അവ 100 ശതമാനം ഫലപ്രദമല്ലെന്ന്, ന്യൂഡൽഹി പഞ്ചാബി ബാഗിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. സാധന സിംഗാൽ വിഷ്‌ണോയ് പറഞ്ഞു.
കാരണങ്ങൾ
* കോണ്ടം മാത്രം പോരാ
കോണ്ടം ലിംഗത്തെ മാത്രമേ മറയ്ക്കൂ. ജനനേന്ദ്രിയ മേഖലയിലെ മറ്റ് ഭാഗങ്ങൾ ഇവകൊണ്ട് മൂടപ്പെടുന്നില്ല. ഇതുകൊണ്ട്, ഹെർപ്പസ്, എച്ച്‌പിവി, സിഫിലിസ് പോലുള്ള പല ലൈംഗിക രോഗങ്ങളും പകരാൻ സാധ്യതയുണ്ട്. കാരണം, ഈ രോഗങ്ങൾ ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്ക് പകരുന്നവയാണ്, കോണ്ടം മറക്കാത്ത ഭാഗങ്ങളിലൂടെയും ഇവ പകരാം. അതിനാൽ, കോണ്ടം ഉപയോഗിച്ചാലും മറ്റ് ലൈംഗിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
* കോണ്ടം പൊട്ടുകയോ വഴുതിപ്പോകുകയോ ചെയ്യാം
ലൈംഗിക ബന്ധത്തിനിടയിൽ കോണ്ടം പൊട്ടുകയോ വഴുതിപ്പോകുകയോ ചെയ്യുന്നത് ഒരു സാധാരണ പ്രശ്നമാണ്. ഇത് അവയുടെ ഫലപ്രാപ്തിയെ ബാധിക്കാം. കോണ്ടം ഉപയോഗിക്കുമ്പോൾ അഗ്രഭാഗത്ത് മതിയായ ഇടം വിടാതെയിരിക്കുകയോ എണ്ണ അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്റുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് പോലുള്ള തെറ്റായ രീതിയിലുള്ള ഉപയോഗം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം.
* ഫംഗസ് അണുബാധ
കോണ്ടം ഫംഗസ് അണുബാധ തടയുന്നതിൽ പൂർണമായ സംരക്ഷണം നൽകുന്നില്ല. കോണ്ടം സമ്പർക്കം പരിമിതപ്പെടുത്തുന്നതിലൂടെ ഫംഗസ് അണുബാധ പകരുന്നത് കുറയ്ക്കാൻ സാധിക്കും. എന്നാൽ, യീസ്റ്റ് അണുബാധ പോലുള്ള ചിലതരം ഫംഗസ് അണുബാധകൾ കോണ്ടം മറക്കാത്ത ശരീരഭാഗങ്ങളെ ബാധിക്കുന്നതിനാൽ കോണ്ടം ഉപയോഗിച്ചാലും അണുബാധ പകരാനുള്ള സാധ്യതയുണ്ട്.
എങ്ങനെ സുരക്ഷിതരാവാം?
* ഇടയ്ക്കിടെ ആരോഗ്യ പരിശോധന
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുരുന്നവർ, പ്രത്യേകിച്ച് ഒന്നിലധികം പങ്കാളികളുള്ളവർ, ഇടയ്ക്കിടെ ആരോഗ്യ പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്. പല ലൈംഗിക രോഗങ്ങൾക്കും തുടക്കത്തിൽ പ്രത്യേക ലക്ഷണങ്ങൾ ഉണ്ടാകാത്തതിനാൽ, ഇത്തരം പരിശോധനകളിലൂടെ മാത്രമേ രോഗം പിടിപെട്ടതായി തിരിച്ചറിയാനാവുകയുള്ളു. നേരത്തേ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതിന് ഇത്തരം പരിശോധനകൾ സഹായകമാണ്.
* ശുചിത്വം നിലനിർത്തുക
രോഗബാധ ഒഴിവാക്കാൻ വ്യക്തി ശുചിത്വം പാലിക്കുന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും ശരീരം വൃത്തിയായി സൂക്ഷിക്കണം. ടവൽ, അടിവസ്ത്രം തുടങ്ങിയ വസ്തുക്കൾ മറ്റുള്ളവരുമായി പങ്കിടരുത്.
* പങ്കാളികളുടെ എണ്ണം കുറയ്ക്കുക
ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കാരണം, നമ്മൾ കൂടുതൽ പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്, ലൈംഗിക രോഗങ്ങൾ പകരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതായത്, നമ്മൾ കൂടുതൽ പേരുമായി ബന്ധപ്പെടുന്നത്, അതിൽ ഒരാൾക്ക് എന്തെങ്കിലും ലൈംഗിക രോഗമുണ്ടെങ്കിൽ അത് നമുക്ക് പകരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട്, ലൈംഗിക പങ്കാളികളെ പരിമിതപ്പെടുത്തുന്നത് ലൈംഗിക രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാനുള്ള ഒരു നല്ല മാർഗമാണ്.
* വാക്സിൻ
എച്ച് പി വി, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള ചില ലൈംഗിക രോഗങ്ങൾക്ക് വാക്സിൻ ലഭ്യമാണ്. ഈ വാക്സിൻ എടുക്കുന്നത് ഈ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും അവ മൂലമുണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
* തുറന്ന് സംസാരിക്കുക
ലൈംഗികാരോഗ്യം സംരക്ഷിക്കാൻ, ലൈംഗിക പങ്കാളികളുമായി എസ്‌ടിഐയെക്കുറിച്ചും പരിശോധനകളെക്കുറിച്ചും തുറന്ന് സംസാരിക്കുന്നത് വളരെ പ്രധാനമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് പരസ്പരം പരിശോധന നടത്തുന്നത് രോഗബാധയുടെ സാധ്യത കുറയ്ക്കുകയും, അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും.
* ഡോക്ടറെ കാണുക
നിങ്ങൾക്ക് ലൈംഗിക രോഗങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ തോന്നുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ലൈംഗിക ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉണ്ടെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. അവർക്ക് നിങ്ങളുടെ പ്രശ്നം പരിശോധിച്ച് ഉചിതമായ ചികിത്സ നിർദ്ദേശിക്കാം.
#Condoms #STIPrevention #Health #HealthTips #CondomEfficacy #STDProtection