ഇന്ധനവില വര്‍ധനവിന് പിന്നാലെ അവശ്യവസ്തുക്കളുടെ വില ആകാശത്തോളം കുതിച്ചു; വിഷു-ഈസ്റ്റര്‍ ആഘോഷം അടിച്ചുപൊളിക്കാന്‍ സാധാരണക്കാര്‍ക്കാകുന്നില്ല

 



തിരുവനന്തപുരം: (www.kvartha.com 14.04.2022) ഇന്ധനവില വര്‍ധനവിന് പിന്നാലെ അവശ്യസാധനങ്ങളുടെയും വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് വേണ്ട വസ്തുക്കളുടെയും വില കുത്തനെ ഉയര്‍ത്തി. അതേസമയം രണ്ട് വര്‍ഷത്തിന് ശേഷം വിപണി സജീവമായതില്‍ വ്യാപാരികള്‍ സന്തുഷ്ടരാണ്. പക്ഷെ, വിലക്കയറ്റം കാരണം സാധനങ്ങള്‍ ആവശ്യാനുസരണം വാങ്ങാനാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഇന്ധനവില കുടുംബ ബജറ്റുകളെ തകിടം മറിച്ചെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ സാധാരണക്കാരന് വളരെ ചെലവേറിയതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, പാചക വാതകം എന്നിവയുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 10-15% വരെ ഉയര്‍ന്നു. ഭൂരിഭാഗം പേരും വിലക്കയറ്റവുമായി പൊരുത്തപ്പെടാന്‍ പാടുപെടുകയാണ്. വാങ്ങുന്ന സാധനങ്ങളുടെ അളവ് പരിമിതപ്പെടുത്തുകയോ, ചിലത് ഒഴിവാക്കുകയോ ആണെന്ന് പാളയം മാര്‍കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയ വീട്ടമ്മയായ കെ ശാന്തി കെ പറഞ്ഞു.

'സാധാരണ 100 രൂപ വിലയുള്ള ഒരു പച്ചക്കറി കിറ്റാണ് വാങ്ങുന്നത്, രണ്ട് ദിവസത്തേക്ക് അത് മതിയാകും, ഇപ്പോള്‍ അതേ കിറ്റില്‍ കുറച്ച് ഇനങ്ങള്‍ മാത്രമേയുള്ളൂ, അത് ഒരു ദിവസത്തേക്കേ ഉപയോഗിക്കാനാകൂ. ജീവിതച്ചെലവ് പെട്ടെന്ന് ഇരട്ടിയായി, ഞങ്ങളെപ്പോലുള്ളവര്‍ വളരെ ബുദ്ധിമുട്ടുകയാണ്. വിഷുവിന് അത്യാവശ്യമുള്ള സാധനങ്ങളേ വാങ്ങുന്നുള്ളൂ' -ശാന്തി പറഞ്ഞു.

ഇന്ധനവില വര്‍ധനവിന് പിന്നാലെ അവശ്യവസ്തുക്കളുടെ വില ആകാശത്തോളം കുതിച്ചു; വിഷു-ഈസ്റ്റര്‍ ആഘോഷം അടിച്ചുപൊളിക്കാന്‍ സാധാരണക്കാര്‍ക്കാകുന്നില്ല


വിപണിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയെന്ന് സംസ്ഥാന സര്‍കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. 'സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍കാര്‍ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ ന്യായമായ നിരക്കില്‍ ലഭ്യമാണെന്ന് സര്‍കാര്‍ പറയുന്നു. എന്നാല്‍ വാങ്ങാന്‍ പോയാല്‍ ഒന്നും കിട്ടുന്നില്ല. പൊതുവിപണിയില്‍ നിന്ന് താങ്ങാനാകാത്ത വിലയ്ക്ക് വാങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു. പാചക വാതകത്തിന്റെ വില കൂടിയതാണ് മറ്റൊരു പ്രശ്നമെന്നും' അവര്‍ ചൂണ്ടിക്കാട്ടി.

വിഷു, റംസാന്‍, ഈസ്റ്റര്‍, ദുഃഖവെള്ളി തുടങ്ങിയ ഉത്സവ സീസണുകള്‍ വന്നതോടെ പച്ചക്കറി, പഴം വിപണിയില്‍ നല്ല കച്ചവടമാണ് നടക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ പച്ചക്കറികള്‍ക്ക് വില കൂടിയതായി ചാല മാര്‍കറ്റിലെ പച്ചക്കറി വ്യാപാരി സന്തോഷ് പിള്ള പറഞ്ഞു.

തക്കാളി, ചേമ്പ്, ചുമന്ന മുളക് തുടങ്ങി ചില പച്ചക്കറികളുടെ വില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് വിപണി വളരെ സജീവമാണ്, കോവിഡിനെ അപേക്ഷിച്ച് വ്യാപാരം 60-70% വരെ ഉയര്‍ന്നു, 'സന്തോഷ് പറഞ്ഞു.

ആര്‍ബിഐയുടെ കീഴിലുള്ള മോണിറ്ററി പോളിസി കമിറ്റി നിശ്ചയിച്ച 4% മുതല്‍ 6% വരെ റീടെയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ധയായ മേരി ജോര്‍ജ് ആരോപിച്ചു. 

'സമ്പദ് വ്യവസ്ഥ ഇപ്പോഴും ബുദ്ധിമുട്ടിലാണ്, ചില്ലറ വില സൂചിക 6.95% ആയി ഉയര്‍ന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ സര്‍കാര്‍ ദയനീയമായി പരാജയപ്പെട്ടു. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ ഇന്ധനവില കുറയ്ക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2014 നും 2021 നും ഇടയില്‍ പെട്രോള്‍ വില 247% വര്‍ധിച്ചപ്പോള്‍ ഡീസല്‍ വില 793% കൂടി. സംസ്ഥാനവും കേന്ദ്രവും യഥാക്രമം 48%, 52% വീതം ഇന്ധന നികുതി പങ്കിടുന്നു. ഇന്ധനവില കുറച്ചാല്‍ മാത്രമേ സ്ഥിതി മെച്ചപ്പെടുത്താനാകൂ'-മേരി ജോര്‍ജ് പറഞ്ഞു.

കടപ്പാട്: ഷൈനു മോഹന്‍, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

Keywords:  News, Kerala, State, Thiruvananthapuram, Vishu, Easter, Good-Friday, Business, Finance, Sadya packs a pinch     
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia