തക്കാളിപ്പെട്ടി ചങ്ങയലിട്ട് പൂട്ടി; സ്വര്‍ണവിലയെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ പച്ചക്കറികള്‍ക്ക് വില കുതിക്കുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി യൂത് കോണ്‍ഗ്രസ്
Nov 25, 2021, 13:21 IST
കണ്ണൂര്‍: (www.kvartha.com 25.11.2021) സ്വര്‍ണവിലയെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ പച്ചക്കറികള്‍ക്ക് വില കുതിക്കുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി യൂത് കോണ്‍ഗ്രസ്. കണ്ണൂര്‍ കാള്‍ടെക്‌സില്‍ തക്കാളിപ്പെട്ടി ചങ്ങയലിട്ട് പൂട്ടിയാണ് വേറിട്ട പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സംസ്ഥാനത്ത് പച്ചക്കറി വില സാധാരണക്കാരുടെ കൈപൊള്ളിക്കുകയാണ്. ഇക്കൂട്ടത്തില്‍ തക്കാളിക്കാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുണ്ടായത്. കിലോയ്ക്ക് 120 മുതല്‍ 140 വരെ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച വരെ 38 രൂപ വിലയുണ്ടായിരുന്ന തക്കാളിയാണ് സെഞ്ചുറി പിന്നിട്ട് കുതിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള സര്‍കാര്‍ നടപടികള്‍ ആരംഭിച്ചു. കൃഷി മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വില നിയന്ത്രിക്കാനുള്ള നടപടി ആരംഭിച്ചത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കര്‍ണാടക, തമിഴ്‌നാട് എന്നി അയല്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ വാങ്ങി വിപണിയിലെത്തിക്കുകയാണ് സര്‍കാര്‍.
ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി കേരളത്തില്‍ എത്തി. ഹോര്‍ടികോര്‍പ്, വിഎഫ് പിസി എന്നിവ വഴി അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്.
'പച്ചക്കറി മൊത്തക്കച്ചവടക്കാര്‍ ബോധപൂര്‍വം വിലകൂട്ടാന്‍ ശ്രമിക്കരുത്. അങ്ങനെയുണ്ടായാല്‍ നടപടിയുണ്ടാകും. പച്ചക്കറി വിലക്കയറ്റം പ്രതിസന്ധി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് വേണ്ടി പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്'. രണ്ടാഴ്ചക്കുള്ളില്‍ റിപോര്‍ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും കൃഷി മന്ത്രി അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.