'സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ല'; തനിക്ക് ഒരു രൂപ മാത്രം ശമ്പളം മതിയെന്ന് നിഷ്‌കര്‍ഷിച്ച് പഞ്ചാബിന്റെ പുതിയ അഡ്വകറ്റ് ജനറല്‍
Mar 20, 2022, 12:37 IST
ചണ്ഡീഗഢ്: (www.kvartha.com 20.03.2022) മാസം ഒരു രൂപ മാത്രം ശമ്പളം വാങ്ങി രാജ്യത്തെ സേവിച്ചിരുന്ന ഒരു രാഷ്ട്രീയനേതാവ് നമുക്കുണ്ടായിരുന്നു. ഇന്‍ഡ്യയുടെ 11-ാമത് രാഷ്ട്രപതിയായ ഡോ. എ പി ജെ അബ്ദുള്‍ കലാം ആയിരുന്നു എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ച ആ വ്യക്തി. എന്നാലിപ്പോഴിതാ, തനിക്ക് ഒരു രൂപ മാത്രം ശമ്പളം മതിയെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുകയാണ് പഞ്ചാബിന്റെ പുതിയ അഡ്വകറ്റ് ജനറലായി നിയമിക്കപ്പെട്ട ചണ്ഡീഗഢ് ഹൈകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അന്‍മോല്‍ രത്തന്‍ സിദ്ദു.
സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനാലാണ് കുറഞ്ഞ ശമ്പളം വാങ്ങുന്നതെന്നും ഇന്‍ഡ്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്‍മോല്‍ പറഞ്ഞു. സര്‍കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സുതാര്യതയോടെ കേസുകള്‍ കൈകാര്യം ചെയ്യുമെന്നും അന്‍മോല്‍ വ്യക്തമാക്കി.
ചണ്ഡീഗഢ് ഹൈകോടതിയില്‍ ഭരണഘടനാ, ക്രിമിനല്‍, സിവില്‍, ഭൂമി വിഷയങ്ങളിലുള്ള വളരെ സെന്‍സിറ്റീവായ കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകനാണ് അന്‍മോല്‍. സാമൂഹിക സേവനത്തിനുള്ള പഞ്ചാബിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പര്‍മന്‍ പത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1958 മെയ് ഒന്നിന് കര്‍ഷക കുടുംബത്തില്‍ ജനിച്ച അന്‍മോല്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് 1975-ല്‍ ചണ്ഡീഗഡിലേക്ക് താമസം മാറി. സെക്റ്റര്‍-11ലെ ഗവണ്‍മെന്റ് കോളജിലായിരുന്നു പഠനം. പിന്നീട് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. 1981 മുതല്‍ 1982 വരെ സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു.
1985-ല്‍ അഭിഭാഷകനായി പ്രൊഫഷണല്‍ കരിയര്‍ തുടങ്ങി. 2005 വരെ ഡെപ്യൂടി അഡ്വകറ്റ് ജനറലായിരുന്നു. പിന്നീട് അഡീഷനല്‍ അഡ്വകറ്റ് ജനറലുമായി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ പദവികളും വഹിച്ചു. എട്ട് തവണ ചണ്ഡീഗഢ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.