ED on Vivo | ഇന്‍ഡ്യയില്‍ നികുതി ഈടാക്കാതിരിക്കാന്‍ വിവോ 62,476 കോടി രൂപ ചൈനയിലേക്ക് അയച്ചതായി ഇഡി; വിമര്‍ശനവുമായി എംബസി
Jul 7, 2022, 21:26 IST
ന്യൂഡെല്‍ഹി: (www.kvartha.com) ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്‍ഡ്യയില്‍ നികുതി ഈടാക്കാതിരിക്കാന്‍ 62,476 കോടി രൂപ ചൈനയിലേക്ക് അയച്ചതായി ഇഡി അറിയിച്ചു. വിറ്റുവരവിന്റെ പകുതിയോളം രൂപയാണിത്. അതായത് 1.25 ലക്ഷം കോടി രൂപയില്‍ 62,476 കോടി രൂപയാണ് അയച്ചത്.
അതേസമയം തുടര്‍ചയായ അന്വേഷണങ്ങള്‍ രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തെ തടസപ്പെടുത്തുകയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യുമെന്ന് ചൈന ആരോപിക്കുന്നു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കംപനികള്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അധികാരികള്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 'അതിനാല്‍ അത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയാനുള്ള സാഹചര്യം ഞാന്‍ കാണുന്നില്ലെന്നും' അദ്ദേഹം പറഞ്ഞു.
വിവോ മൊബൈല്‍സ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 48 സ്ഥലങ്ങളിലും ഗ്രാന്‍ഡ് പ്രോസ്പെക്റ്റ് ഇന്റര്‍നാഷനല്‍ കമ്യൂണികേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പെടെയുള്ള 23 അനുബന്ധ കംപനികളിലും ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 119 ബാങ്ക് അകൗണ്ടുകളില്‍ നിന്ന് 465 കോടി രൂപ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. വിവോ ഇന്‍ഡ്യയുടെ 66 കോടിയുടെ സ്ഥിരനിക്ഷേപവും രണ്ട് കിലോ സ്വര്‍ണക്കട്ടികളും 73 ലക്ഷം രൂപയും ഇതില്‍ ഉള്‍പെടുന്നു.
'ഈ കംപനികള്‍ വിവോ ഇന്‍ഡ്യയിലേക്ക് വന്‍തോതില്‍ ഫന്‍ഡ് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മൊത്തം വില്‍പന വരുമാനമായ 1,25,185 കോടി രൂപയില്‍, വിവോ ഇന്‍ഡ്യ 62,476 കോടി രൂപ പുറത്തേക്ക് അയച്ചു. അതായത്, വിറ്റുവരവിന്റെ 50% ഇന്‍ഡ്യയ്ക്ക് പുറത്തേക്ക്, പ്രധാനമായും ചൈനയിലേക്കാണ് ഈ പണമയച്ചത്. ഇന്‍ഡ്യയില്‍ നികുതി അടയ്ക്കുന്നത് ഒഴിവാക്കുന്നതിനായി ഇന്‍ഡ്യ ഇന്‍കോര്‍പറേറ്റഡ് കംപനികളിലെ വന്‍ നഷ്ടം വെളിപ്പെടുത്തുന്നതിനാണ് ഈ പണം അയച്ചത്,' എന്നും ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജിപിഐസിപിഎലിന്റെ ഭാഗമായിരുന്ന മുന്‍ വിവോ ഡയറക്ടര്‍ ബിന്‍ ലൂ 2018-ലും മറ്റ് ഡയറക്ടര്‍മാരായ ഷെങ്ഷെന്‍ ഔയും ഷാങ് ജിയും 2021-ലും ഇന്‍ഡ്യ വിട്ടു. വിവോ ഇന്‍ഡ്യയിലെ ചൈനീസ് പൗരന്മാര്‍ ഉള്‍പെടെയുള്ള ജീവനക്കാര്‍ ഈ സമയത്ത് സഹകരിച്ചില്ലെന്നും ഇഡി ആരോപിച്ചു. പരിശോധനയുമായി കംപനി ജീവനക്കാര്‍ സഹകരിച്ചില്ലെന്നും പലരും സ്ഥലം കാലിയാക്കിയെന്നും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചെന്നും മറയ്ക്കാന്‍ ശ്രമിച്ചെന്നും ഇഡി ആരോപിച്ചു. ഇതെല്ലാം അന്വേഷണ സംഘം വീണ്ടെടുത്തെന്നും വ്യക്തമാക്കി.
വിവോയുടെ ജമ്മു കശ്മീരിലെ ഒരു വിതരണക്കാരനെതിരെ ഡെല്‍ഹി പൊലീസ് രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് വിവോയുമായി ബന്ധമുള്ള ചില കംപനികളിലെ ഓഹരി ഉടമകള്‍ വ്യാജ തിരിച്ചറിയല്‍ രേഖകളും വ്യാജ വിലാസങ്ങളും ഉപയോഗിച്ചത്. അനധികൃതമായി ഉണ്ടാക്കിയ പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് വ്യാജരേഖ ചമച്ചതെന്ന് സംശയിക്കുന്നു.
ഇഡി റിപോര്‍ട് പ്രകാരം, ബിന്‍ ലൂ 'രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 18 കംപനികളെ 2014-15 വര്‍ഷത്തില്‍ വിവോ സംയോജിപ്പിച്ചതിന് തൊട്ടുപിന്നാലെ', Zhixin Wei മറ്റ് നാല് കംപനികളെ സംയോജിപ്പിച്ചിരുന്നു. വെയ്വോ കമ്യുണികേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് (ബെംഗ്ലൂറു), ഹൈജിന്‍ ട്രേഡ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് (കൊച്ചി), ജോയിന്‍മെയ് ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് (മുംബൈ), ഹൈചെങ് മൊബൈല്‍ (ഇന്‍ഡ്യ) പ്രൈവറ്റ് ലിമിറ്റഡ് (ന്യൂഡെല്‍ഹി) എന്നിവ ഈ കംപനികളില്‍ ഉള്‍പെടുന്നു.
'ചൈനീസ് സംരംഭങ്ങളെക്കുറിച്ചുള്ള ഇന്‍ഡ്യന്‍ അധികാരികളുടെ ഇടയ്ക്കിടെയുള്ള അന്വേഷണങ്ങള്‍ സാധാരണ ബിസിനസ് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും ചെയ്യുക മാത്രമല്ല, ഇന്‍ഡ്യയിലെ ബിസിനസ് അന്തരീക്ഷത്തെ തടസപ്പെടുത്തുകയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കംപനികളുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും. ചൈനീസ് സ്ഥാപനങ്ങള്‍ ഉള്‍പെടെ, ഇന്‍ഡ്യയില്‍ നിക്ഷേപം നടത്തുന്നുണ്ട്' എന്ന് ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ ബീജിംഗില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'ഞാന്‍ പലതവണ ഊന്നിപ്പറഞ്ഞതുപോലെ, വിദേശത്ത് ബിസിനസ് നടത്തുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ചൈനീസ് സര്‍കാര്‍ എല്ലായ്‌പ്പോഴും ചൈനീസ് കംപനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചൈനീസ് കംപനികളുടെ നിയമപരമായ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കും,' എന്നും അദ്ദേഹം പറഞ്ഞു.
Keywords: Vivo remitted Rs 62,476 crore to China to avoid getting taxed in India, says ED, New Delhi, News, Business, Criticism, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.