രവിപിള്ളയുടെ ആഡംബര ഹെലികോപ്റ്ററിന് ഗുരുവായൂരില്‍ വാഹനപൂജ; ചരിത്രം കുറിച്ച് ചടങ്ങുകള്‍
Mar 25, 2022, 10:55 IST
ഗുരുവായൂര്‍: (www.kvartha.com 25.03.2022) ചരിത്രം കുറിച്ച് ഹെലികോപ്റ്ററിന് ഗുരുവായൂരില്‍ വാഹനപൂജ. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും വാഹനങ്ങള്‍ക്ക് പൂജാ ചടങ്ങുകള്‍ നടത്തുന്നുണ്ടെങ്കിലും ഹെലികോപ്റ്ററിന് ഇത് ആദ്യമാണ്. നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ക്ഷേത്രനടയിലെത്തിച്ച് പൂജ ചെയ്ത് മാലയണിഞ്ഞ് മടങ്ങുകയാണ് പതിവും. ആര്‍പി ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി രവിപിള്ളയുടെ ആഡംബര ഹെലികോപ്റ്ററിന് വ്യാഴാഴ്ച ഗുരുവായൂരില്‍ വാഹനപൂജ നടത്തിയത്.
100 കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസമാണ് രവി പിള്ള ഹെലികോപ്റ്റര്‍ സ്വന്തമാക്കിയത്. എച് 145 ഡി 3 എയര്‍ ബസ് വൈകിട്ട് മൂന്നിനാണ് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയാണ് പൂജ നടത്തിയത്.
ഹെലികോപ്റ്ററിന് മുന്നില്‍ നിലവിളക്കുകള്‍ കൊളുത്തി, നാക്കിലയില്‍ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി പൂജ നിര്‍വഹിച്ചു. ആരതിയുഴിഞ്ഞ് മാല ചാര്‍ത്തി കളഭം തൊടീച്ച് വാഹനപൂജ പൂര്‍ത്തിയാക്കി.
കൊല്ലത്തുനിന്ന് ഗുരുവായൂര്‍ക്ക് പുറപ്പെട്ട എയര്‍ബസില്‍ കൊച്ചി വരെ നടന്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. ക്ഷേത്രദര്‍ശനത്തിനുശേഷം രവി പിള്ളയും മകനും വെള്ളിയാഴ്ച രാവിലെ എയര്‍ബസില്‍ കൊച്ചിയ്ക്ക് മടങ്ങി. അതുവരെ എയര്‍ബസ് ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ കനത്ത സുരക്ഷയില്‍ പാര്‍ക് ചെയ്തു.
പൂജാ ചടങ്ങില്‍ രവി പിള്ള, മകന്‍ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റന്‍ സുനില്‍ കണ്ണോത്ത്, ക്യാപ്റ്റന്‍ ജി ജി കുമാര്‍, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.