Spoof UPI Apps | 'പേയ്‌മെന്റ് സക്‌സസ്ഫുള്‍' മെസേജ് വന്നാലും വിശ്വസിക്കാന്‍ പറ്റില്ല; ഓണ്‍ലൈന്‍ ഇടപാട് നടത്തുമ്പോള്‍ ഉപയോക്താക്കളെ പറ്റിക്കാനായി പലതരം സ്പൂഫ് ആപ്ലികേഷനുകള്‍ രംഗത്ത്; തട്ടിപ്പില്‍ വീണ് പണം നഷ്ടപ്പെടാതിരിക്കാന്‍ കൂടുതല്‍ അറിയാം

 



ന്യൂഡെല്‍ഹി: (www.kvartha.com) വളരെ എളുപ്പവും സൗകര്യപ്രദവുമായതിനാല്‍ പലരും യുപിഐ വഴിയുള്ള പണമിടപാട് തന്നെയാണ് ഉപയോഗിക്കുന്നത്.  എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം ആപിലൂടെ എളുപ്പത്തില്‍ വഞ്ചിതരാകാനും സാധ്യതയുണ്ട്. കാരണം, യുപിഐ ആപുകള്‍ ജനപ്രിയമായതോടെ അത് വഴിയുള്ള തട്ടിപ്പും ഏറി വരികയാണ്.

കടകളില്‍ നിന്ന് സാധനം വാങ്ങി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കുകയും ശേഷം 'പേയ്‌മെന്റ് സക്‌സസ്ഫുള്‍' എന്ന് സ്‌ക്രീനില്‍ തെളിഞ്ഞ മെസേജ് കടക്കാരനെ കാണിച്ച ശേഷം തിരികെ പോവുകയുമാണ് എല്ലാവരും ചെയ്യുന്നത്. തിരക്കിനിടെ തന്റെ അകൗണ്ടില്‍ പണം വന്നോ എന്ന കാര്യം കടക്കാരന്‍ ഫോണ്‍ എടുത്ത് പരിശോധിക്കാറില്ല. ഇതാണ് തട്ടിപ്പുകാര്‍ അവസരമായി മാറ്റിയെടുത്തിരിക്കുന്നത്.

തട്ടിപ്പിനായി പലതരം സ്പൂഫ് ആപ്ലികേഷനുകളും ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഒരു ആപിനെ കോപിയടിക്കുകയും ആ ആപിന്റെ ജനപ്രീതി മുതലെടുക്കുകയും ചെയ്തുകൊണ്ട് ആ ആപിന്റെ യൂസര്‍ ഇന്റര്‍ഫേസിനോട് (യു ഐ) പൂര്‍ണമായി സാമ്യമുള്ള ഇന്റര്‍ഫേസുമായി പുറത്തിറങ്ങുന്ന വ്യാജ ആപിനെയാണ് സ്പൂഫ് ആപ് എന്ന് വിളിക്കുന്നത്. (ഫോണിലോ ടാബ്ലെറ്റിലോ എങ്ങനെയാണോ ആപ് നമുക്ക് ദൃശ്യമാവുന്നത് ആ ഡിസൈനിനെയാണ് യൂസര്‍ ഇന്റര്‍ഫേസ് എന്ന് വിളിക്കുന്നത്.)

Spoof UPI Apps | 'പേയ്‌മെന്റ് സക്‌സസ്ഫുള്‍' മെസേജ് വന്നാലും വിശ്വസിക്കാന്‍ പറ്റില്ല; ഓണ്‍ലൈന്‍ ഇടപാട് നടത്തുമ്പോള്‍ ഉപയോക്താക്കളെ പറ്റിക്കാനായി പലതരം സ്പൂഫ് ആപ്ലികേഷനുകള്‍ രംഗത്ത്; തട്ടിപ്പില്‍ വീണ് പണം നഷ്ടപ്പെടാതിരിക്കാന്‍ കൂടുതല്‍ അറിയാം


ക്യൂ ആര്‍ കോഡ് വഴി പണമിടപാട് നടത്തുമ്പോള്‍ പണം അയച്ച ആളിന്റെ ഫോണില്‍ ആപിനുള്ളില്‍ തന്നെ ഇടപാടിന്റെ വിവരങ്ങള്‍ ദൃശ്യമാകും. ആര്‍ക്കാണ് പണം അയച്ചത്, എത്ര രൂപ അയച്ചു, ഏത് അകൗണ്ടില്‍ നിന്നാണ് പണം പോയിരിക്കുന്നത്, ബാലന്‍സ് എത്ര രൂപയുണ്ട്, തുടങ്ങിയ വിവരങ്ങളും പേയ്‌മെന്റ് സക്‌സസ്ഫുള്‍ എന്ന ഒരു കുറിപ്പുമാണ് ആപില്‍ ദൃശ്യമാവുക. (ഈ വിവരങ്ങളാണല്ലോ നാം കടക്കാരന് കാണിച്ചുകൊടുക്കുന്നത്).

ഈ വിവരങ്ങളടങ്ങിയ കുറിപ്പ് നമ്മുടെ ഇഷ്ടാനുസരണം രൂപകല്‍പന ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലാണ് സ്പൂഫ് ആപുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നുവച്ചാല്‍, പണം അയക്കാതെ തന്നെ ഈ വിവരങ്ങളുടെ കുറിപ്പ് നമ്മുടെ ഫോണില്‍ സൃഷ്ടിക്കാം. പണം അയക്കുമ്പോള്‍ യഥാര്‍ഥ ആപില്‍ എങ്ങനെയാണോ വിവരങ്ങള്‍ ദൃശ്യമാകുന്നത് അതേ രൂപത്തില്‍ തന്നെ ഈ സ്പൂഫ് ആപില്‍ കുറിപ്പ് നമുക്ക് ഡിസൈന്‍ ചെയ്‌തെടുക്കാമെന്ന് സാരം. ഈ കുറിപ്പ് കടക്കാരനെ കാണിച്ച് അയാളെ തട്ടിപ്പുകാര്‍ക്ക് പറ്റിക്കാന്‍ സാധിക്കും.

ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ട്. തിരക്കുള്ള കടകളില്‍ ക്യൂ ആര്‍ കോഡ് സ്ഥാപിക്കുന്നതിനൊപ്പം ഇടപാടുകളുടെ വിവരം വരുന്ന മെസേജ് വായിച്ച് കേള്‍പിക്കുന്ന ഒരു സ്പീകര്‍ സിസ്റ്റം കൂടി വാങ്ങി വയ്ക്കുന്നത് തട്ടിപ്പിന് തടയിടാനാകും. മിക്ക യുപിഐ ആപ്പുകളും ഇപ്പോള്‍ അത്തരത്തില്‍ മെസേജ് റീഡ് ചെയ്യുന്ന സ്പീകറുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇത് സ്ഥാപിക്കുന്ന വഴി ക്യൂ ആര്‍ കോഡിലൂടെ നടക്കുന്ന പണമിടപാടിന്റെ വിവരം ഫോണ്‍ നോക്കാതെ തന്നെ ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കും. പേ ടിഎം സൗന്‍ഡ് ബോക്‌സ്, ടോക് ഇറ്റ് ലൗഡ് സൗന്‍ഡ് ബോക്‌സ് പോലുള്ള സ്പീകറുകള്‍ ഇതിന് ഉദാഹരണമാണ്. 

Keywords:  News,National,India,New Delhi,Application,Technology,Business,Finance,Top-Headlines, UPI Fraud: While making online payment, users make these mistakes, lose big money
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia