Economic Impact | ട്രംപിൻ്റെ ഹിമാലയൻ മണ്ടത്തരങ്ങൾ; ലോക രാജ്യങ്ങളെ മുക്കാൻ ശ്രമിച്ച അമേരിക്ക സ്വയം മുങ്ങുന്നു; സാമ്പത്തിക അരക്ഷിതാവസ്ഥ പിടി മുറുക്കുമ്പോൾ?


● ട്രംപിൻ്റെ പുതിയ ഇറക്കുമതി തീരുവകൾ ലോക വ്യാപാരത്തെ ബാധിച്ചു.
● അമേരിക്കൻ ഓഹരി വിപണിയിൽ വലിയ തകർച്ച നേരിട്ടു.
● പ്രമുഖ അമേരിക്കൻ ബ്രാൻഡുകളുടെ ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞു.
● ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പകരം തീരുവ ഏർപ്പെടുത്തി.
ഭാമനാവത്ത്
(KVARTHA) ലോക രാജ്യങ്ങളെ മുഴുവൻ എതിർ ചേരിയിലാക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ പുതിയ ഇറക്കുമതി ചുങ്കത്തിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി ലഭിക്കുന്നത് സ്വാഭാവികമാണ്. ചൈനയടക്കമുള്ള രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കും പകരം ഇറക്കുമതി ചുങ്കമേർപ്പെടുത്തിയപ്പോൾ കൈ പൊള്ളിയത് ട്രംപിനും അമേരിക്കൻ സമ്പദ്ഘടനയ്ക്കുമാണ്. ഇത്രയും വലിയ കടുംവെട്ട് വെട്ടുമ്പോൾ സ്വീകരിക്കേണ്ട ജാഗ്രതയോ ദീർഘദൃഷ്ടിയോ ട്രംപ് പുലർത്താത്തതിൻ്റെ ഭവിഷ്യത്തുകളാണ് ഇപ്പോൾ അമേരിക്ക അനുഭവിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതിനു ശേഷമാണ് ട്രംപ് മറ്റൊരു ഭരണപരിഷ്ക്കാരം കൂടി നടപ്പിലാക്കിയത്. രാജ്യത്തിൻ്റെ സമ്പദ്ഘടന വർദ്ധിപ്പിക്കാൻ നടപ്പിലാക്കിയ പുത്തൻപരിഷ്ക്കാരം പരാജയത്തിൻ്റെ പടുകുഴിയിലേക്കാണ് യാത്ര ചെയ്യുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചരിത്രപരമായ മണ്ടത്തരമായി പകരം ഇറക്കുമതി തീരുവാ ചുങ്കം മാറിയിരിക്കുകയാണ്. തീരുവ പ്രഖ്യാപനം അമേരിക്കയുടെ ആഗോള വിപണികളെ സാരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2020 ന് ശേഷം ഏറ്റവും വലിയ നഷ്ടമാണ് യുഎസ് ഓഹരി വിപണി നേരിട്ടത്. ആൻഡ് പി 500 സൂചികകൾക്ക് ഏകദേശം 2 ട്രില്യൺ ഡോളർ മൂല്യമാണ് നഷ്ടപ്പെട്ടത്. നൈക്ക്, ആപ്പിൾ, ആമസോൺ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ ഓഹരി വിലകൾ ഇടിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഡോളർ 2.2 ശതമാനം വരെ ഇടിഞ്ഞതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര വിതരണ ശൃംഖലകളെ ആശ്രയിക്കുന്ന കമ്പനികൾ ഉൾപ്പെടെ യുഎസ് വിപണികളിൽ ഇടിവ് രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി 9.3 ശതമാനവും, നൈക്ക് 14.4 ശതമാനവും ബെസ്റ്റ് ബൈ 17.8 ശതമാനവും -റാൽഫ് ലോറൻ 16.3 ശതമാനവും മൂല്യവും ഇടിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിൽ ഇടിവ് നേരിട്ടതായി വൈറ്റ് ഹൗസ് തന്നെ പ്രതികരിച്ചിട്ടുണ്ട്. വിപണിയിലെ ഇടിവുകളെ വൈറ്റ് ഹൗസ് അവഗണിക്കുകയാണ് ചെയ്തത്. ജനങ്ങൾ പ്രസിഡന്റ് ട്രംപിനെ അവിശ്വസിക്കരുതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ താരിഫ് യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു പ്രഹരമാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചു. കാനഡയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയതിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രതികരിച്ചിരുന്നു. അമേരിക്കയ്ക്ക് പകര ചുങ്കം ഏർപ്പെടുത്തുമെന്ന് കാർണി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ലോകരാജ്യങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചത്. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാൽ ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. അമേരിക്കയുടെ പ്രഖ്യാപനത്തിന് ശേഷം താരിഫുകളുടെ ആഘാതം ലഘൂകരിക്കാനുളള ശ്രമത്തിലായിരുന്നു ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ പകരചുങ്കം പ്രഖ്യാപിച്ചിരുന്നു. തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം എന്ന് പറഞ്ഞ് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തിയിരുന്നു. ചൈനയ്ക്ക് 34 ശതമാനവും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവുമാണ് തീരുവയും ജപ്പാന് 24 ശതമാനം തീരുവയുമാണ് ഏർപ്പെടുത്തിയത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്. വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ലെന്ന് ട്രംപ് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ പ്രസംഗിക്കവേ പറഞ്ഞിരുന്നു.
അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് 'വിമോചന ദിനമായി' അറിയപ്പെടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. 10 ശതമാനുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ പ്രായോഗികമായി ഇതൊന്നും നടപ്പിലായില്ലെന്ന് മാത്രമല്ല ലോകരാജ്യങ്ങളിൽ നിന്നും വൻ തിരിച്ചടിയേൽക്കുകയും ചെയ്തു.
ഇനിയെങ്കിലും ഒരു മയവുമില്ലാതെ മുഖം നോക്കാതെ നടപ്പിലാക്കിയത് ഹിമാലയൻ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞു. കൊണ്ട് പിൻവലിക്കുന്നതാണ് ട്രംപിന് അഭികാമ്യം. വെളുക്കാൻ തേച്ചത് പാണ്ടായി മാറാൻ അധികനാൾ വേണ്ടി വരില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
US President Trump's new import tariffs have triggered retaliatory tariffs from other countries, leading to a significant downturn in the US stock market, a fall in the dollar's value, and criticism from global leaders. Major US brands have seen their stock prices plummet, and the White House's economic policies are facing severe backlash, raising concerns about growing economic insecurity.
#TrumpTariffs #EconomicCrisis #GlobalTrade #USMarket #TradeWar #Retaliation