Internet | ഗ്രാമപ്രദേശങ്ങളിൽ എല്ലാവർക്കും അതിവേഗ ഇൻ്റർനെറ്റ്! ടാറ്റയും ബിഎസ്എൻഎല്ലും കൈകോര്‍ക്കുമ്പോൾ നേട്ടം ഉപഭോക്താക്കൾക്ക്; ജിയോ-എയർടെൽ അടക്കമുള്ള വമ്പൻമാർക്ക് തിരിച്ചടിയോ?


ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ വികസനത്തിന് വഴി തുറക്കും
ന്യൂഡെൽഹി: (KVARTHA) എയർടെല്ലും (Airtel) ജിയോയും (Jio) അടക്കമുള്ള ടെലികോം കമ്പനികൾ (Telecom Companies) റീചാർജ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, പല ഉപഭോക്താക്കളും ബിഎസ്എൻഎലിലേക്ക് (BSNL) മാറാൻ തുടങ്ങിയിരിക്കുന്നു. ടാറ്റ കൺസൾട്ടൻസി സർവീസും (TCS) ബിഎസ്എൻഎല്ലും തമ്മിലുള്ള 15,000 കോടി രൂപയുടെ കരാർ ഈ ട്രെൻഡിന് കാരണമായി. കരാർ പ്രകാരം, ടിസിഎസും ബിഎസ്എൻഎല്ലും ചേർന്ന് ഇന്ത്യയിലെ 1000 ഗ്രാമങ്ങളിൽ (Villages) 4ജി ഇൻ്റർനെറ്റ് സേവനം വ്യാപിപ്പിക്കും. ഇത് രാജ്യത്തുടനീളം അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാൻ സഹായിക്കും.
ജിയോയും എയർടെല്ലും ഇപ്പോഴും 4ജി സേവനത്തിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, ബിഎസ്എൻഎൽ ശക്തിപ്പെടുന്നത് ഈ രണ്ട് കമ്പനികൾക്കും വെല്ലുവിളിയാകും. ടാറ്റ ഇന്ത്യയിൽ നാല് ഡാറ്റാ സെൻ്ററുകൾ (Data Centers) നിർമ്മിക്കുകയാണ്, ഇത് രാജ്യത്തിന്റെ 4ജി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സഹായിക്കും. കൂടാതെ ബിഎസ്എൻഎൽ രാജ്യത്തുടനീളം 9000-ലധികം 4ജി നെറ്റ്‌വർക്കുകൾ വിന്യസിച്ചിട്ടുണ്ട്, ഇത് ഒരു ലക്ഷമായി ഉയർത്താൻ ലക്ഷ്യമിടുന്നു.
ഉപഭോക്താക്കൾക്ക് നേട്ടം
ജിയോ 12 മുതൽ 25 ശതമാനം വരെയും എയർടെൽ 11 മുതൽ 21 ശതമാനം വരെയും വി 10 മുതൽ 21 ശതമാനം വരെയുമാണ് നിരക്ക് വർധിപ്പിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ, ബിഎസ്എൻഎലിന് താങ്ങാനാവുന്ന നിരക്കിൽ 4ജി സേവനം നൽകുന്നതിനുള്ള അവസരമാണ് മുന്നിലുള്ളത്. ഇത് രാജ്യത്തെ ടെലികോം മേഖലയിൽ കാര്യമായ മാറ്റങ്ങൾക്ക് വഴിവെക്കും. ടാറ്റയുടെ സഹകരണത്തോടെ ബിഎസ്എൻഎൻഎല്ലിന് മത്സരക്ഷമത വർദ്ധിക്കുകയും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ മികച്ച സേവനം നൽകാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
ഗ്രാമീണ ഇന്ത്യയ്ക്ക് അതിവേഗ ഇൻ്റർനെറ്റ്
നിലവിൽ, രാജ്യത്തെ വലിയ നഗരകേന്ദ്രങ്ങളിൽ മാത്രമാണ് ഉയർന്ന വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യമായിട്ടുള്ളത്. ഈ കരാറിലൂടെ, 1000 ഗ്രാമങ്ങളിലേക്ക് 4ജി സേവനം എത്തിക്കുന്നതിന് ടാറ്റയും ബിഎസ്എൻഎല്ലും ചേർന്ന് പ്രവർത്തിക്കും. ഇത് ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ വികസനത്തിന് വഴി തുറക്കും.