സ്റ്റേറ്റ് നർകോട്ടിക് കൺട്രോൾ ബ്യൂറോ സ്ക്വാഡിനോട് അബ്കാരി കേസുകൾ എടുക്കരുതെന്ന് നിർദേശം; പുതിയ യൂണിഫോം ലഭിക്കാത്തതിനാൽ പരിശോധനയും മുടങ്ങി
ADVERTISEMENT
● കോട്ടയം ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിനെയാണ് ബ്യൂറോയുടെ ഭാഗമാക്കിയത്
● കാക്കി യൂണിഫോമിന് പകരം പുതിയത് നൽകുമെന്നായിരുന്നു ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്
● ഉത്തരവിലെ സാങ്കേതിക വ്യക്തതക്കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ
● പുതിയ സംവിധാനം വന്നതോടെ ഇൻസ്പെക്ടർമാർക്ക് മാത്രമേ എൻഡിപിഎസ് കേസെടുക്കാനാകൂ
കോട്ടയം: (KVARTHA) പുതിയതായി രൂപം നൽകിയ സ്റ്റേറ്റ് നർകോട്ടിക് കൺട്രോൾ ബ്യൂറോ സ്ക്വാഡിനോട് അബ്കാരിക്കേസുകൾ എടുക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം. കോട്ടയം ജില്ലാ എക്സൈസിലെ ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിൻ്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ച് അതിലെ അംഗങ്ങളെ സ്റ്റേറ്റ് നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഭാഗമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അബ്കാരിക്കേസുകൾ എടുക്കരുതെന്ന് സ്ക്വാഡിലെ അംഗങ്ങൾക്ക് ഉന്നതതല നിർദേശം ലഭിച്ചത്.
യൂണിഫോമില്ലാതെ ഉദ്യോഗസ്ഥർ
അബ്കാരി കേസുകൾ എടുക്കുന്നതിൽ നിന്ന് വിലക്കിയതിന് പുറമെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ യൂണിഫോമും ഇതുവരെ നൽകിയിട്ടില്ല. നിലവിലെ കാക്കി യൂണിഫോമിന് പകരം പുതിയ യൂണിഫോം നൽകുമെന്ന് എക്സൈസ് കമ്മിഷണറേറ്റിൽ നിന്നറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഉദ്യോഗസ്ഥർക്ക് യൂണിഫോം ലഭിച്ചിട്ടില്ല.
എക്സൈസ് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥർക്ക് മാത്രമാണ് നിലവിൽ പുതിയ യൂണിഫോം നൽകിയത്. പുതിയ നിർദേശം വന്നതോടെ മുൻപ് ഇവർ ഉപയോഗിച്ചിരുന്ന കാക്കി യൂണിഫോം ഇട്ട് ജോലി ചെയ്യാനും കഴിയാത്ത അവസ്ഥയാണ്.
എന്നാൽ ഇറങ്ങിയ ഉത്തരവിലെ സാങ്കേതിക വ്യക്തതക്കുറവാണ് അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധിക്ക് കാരണമെന്ന് എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അബ്കാരി ആക്ട് അനുസരിച്ചാണ് നിലവിലെ ഉത്തരവിറങ്ങിയത്. ഏതാനും ദിവസത്തിനുള്ളിൽ തന്നെ പുതിയ നോട്ടിഫിക്കേഷൻ ഇറങ്ങുമെന്നും, ഇതോടെ സ്ക്വാഡിന് അബ്കാരി കേസും എടുക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർക്കുള്ള പുതിയ യൂണിഫോമും വേഗത്തിൽ ജില്ലയിലെത്തുമെന്ന് ജില്ലാ എക്സൈസ് ഓഫീസ് അറിയിച്ചു.
അബ്കാരി കേസുകളുടെ എണ്ണം കുറഞ്ഞു
സ്ക്വാഡിൻ്റെ പ്രവർത്തനം ഭാഗികമായി നിലച്ചതോടെ ജില്ലയിലെ അബ്കാരി കേസുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ അബ്കാരി, എൻഡിപിഎസ് കേസുകൾ എടുത്തതിൽ സംസ്ഥാനത്ത് തന്നെ രണ്ടാം സ്ഥാനത്തായിരുന്നു ഈ സ്ക്വാഡ്. ഷാപ്പിൽ വിതരണം ചെയ്യാനെത്തിച്ച സ്പിരിറ്റ് പിടികൂടിയതും സ്ക്വാഡിൻ്റെ മികച്ച പ്രവർത്തനത്തിൻ്റെ ഭാഗമായാണ്. മുൻപ് പ്രിവൻ്റീവ് ഓഫീസർമാർക്കും ഇത്തരം കേസെടുക്കാമായിരുന്നു. എന്നാൽ പുതിയ സംവിധാനം വന്നതോടെ ഇൻസ്പെക്ടർമാർക്ക് മാത്രമേ എൻഡിപിഎസ് കേസെടുക്കാനാകൂ എന്നതും തിരിച്ചടിയായി.
ജില്ലയിലാദ്യമായാണ് ഷാപ്പിൽനിന്ന് എക്സൈസ് സംഘം സ്പിരിറ്റ് പിടികൂടിയത്. സ്ക്വാഡിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഈ പരിശോധന. സെപ്റ്റംബറിൽ മാത്രം 26 എൻഡിപിഎസ് കേസും 4 അബ്കാരിക്കേസും 127 ലിറ്റർ സ്പിരിറ്റും പിടികൂടാൻ ഇവർക്ക് കഴിഞ്ഞിരുന്നു.
വ്യക്തികളുടെ അനധികൃത മദ്യവിൽപനയും ബാറുകൾ നേരത്തേ തുറന്നുവച്ചുള്ള മദ്യക്കച്ചവടവുമെല്ലാം സ്ക്വാഡ് കർശനമായി പരിശോധിച്ചിരുന്നു. പൊതുജനങ്ങൾക്കും സ്ക്വാഡിന് രഹസ്യവിവരം നൽകാൻ പ്രത്യേക സംവിധാനമുണ്ടായിരുന്നു.
കൂടുതല് വാർത്തകളും വിശേഷങ്ങളും അറിയാന് ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: The newly formed State Narcotic Control Bureau squad in Kottayam was directed by higher officials not to register Abkari cases.
#Kvartha #KeralaExcise #KottayamNews #NarcoticControlBureau #AbkariCases #KeralaNews #CrimeNews #SobhaNews
