Analysis | ചെറുകിട വ്യാപാരികൾ തകരുമ്പോൾ ലാഭം കൊയ്യുന്നതാര്? ബഹുരാഷ്ട്ര കമ്പനികൾ നിറഞ്ഞാടുന്ന വിപണിയിൽ നിന്നും ചെറുവ്യാപാര സ്ഥാപനങ്ങൾ പൂട്ടുമ്പോൾ


● ഓൺലൈൻ വ്യാപാരത്തിന്റെ വളർച്ച ചെറുകടകളെ ബാധിക്കുന്നു.
● സാമ്പത്തിക മാന്ദ്യം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.
● കേരളത്തിൽ ഒരു വർഷം 400-ലധികം ചെറുകടകൾ അടച്ചുപൂട്ടുന്നു.
നവോദിത്ത് ബാബു
(KVARTHA) സാധാരണ ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരാണ് ചെറുകിട വ്യാപാരികൾ. ഡയറക്റ്റ് മാർക്കറ്റിങിലൂടെ വ്യാപാരി സമൂഹം ഉപഭോക്താക്കളുമായി പ്രത്യേക ബന്ധം തന്നെ സ്ഥാപിക്കുന്നുണ്ട്. പ്രാചീന കാലത്ത് മനുഷ്യൻ നടത്തിവന്ന ബാർട്ടർ സമ്പ്രദായത്തിൻ്റെ മറ്റൊരു പതിപ്പാണ് നമ്മുടെ വ്യാപാര മേഖല. കച്ചവടക്കാരനും ഉപഭോക്താവും തമ്മിലുള്ള ബന്ധം വ്യക്തിപരവും കുടുംബപരവുമായി ഇവിടെ മാറുന്നു. മാനുഷികമായ കൊടുക്കൽ വാങ്ങലുകൾ അവിടെയുണ്ടാകുന്നത് സാമൂഹ്യ കുട്ടായ്മയെ കോർത്തിണക്കിയാണ്.
നമ്മുടെ രാജ്യത്തെ സമ്പദ്ഘടനയിൽ ഒരു കാലത്ത് നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നത് ചെറുകിട വ്യാപാര മേഖലയായിരുന്നു. എന്നാൽ ഡോ. മൻമോഹൻ സിങ് സർക്കാർ ആഗോളീകരണ നയങ്ങൾ നടപ്പിലാക്കിയതോടുകൂടി ഇന്ത്യൻ മാർക്കറ്റിലും ബഹുരാഷ്ട്ര കുത്തകകളുടെ കുത്തൊഴുക്കുണ്ടായി. ബഹുരാഷ്ട്ര കുത്തകകളുടെ സൂപ്പർ മാർക്കറ്റുകൾ വൻ നഗരങ്ങളിൽ മാത്രമല്ല ചെറു നഗരങ്ങളിലും കൂണുകൾ പോലെ ഉയരാൻ തുടങ്ങി. ചെറുകിട വ്യാപാര മേഖല ഇതോടെ തളരാൻ തുടങ്ങി. ഈ മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന ലക്ഷക്കണക്കിനാളുകൾ പെരുവഴിയിലാകാൻ തുടങ്ങി.
വാറ്റിന് പകരം ജി.എസ്.ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയതോടെ വ്യാപാര മേഖലയുടെ തകർച്ചയുടെ ഗതിവേഗം തുടങ്ങിയെന്ന് വ്യാപാരി സംഘടനകൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്രയും അരക്ഷിതമായ മേഖലയിലാണ് ആമസോണും ഫ്ലിപ്പ് കാർട്ടുമടക്കമുള്ള ഓൺലൈൻ പ്ലാറ്റ് ഫോമുകൾ പിടി മുറുക്കുന്നത്. വമ്പൻ ഓഫറുകളുമായി ഇവർ ഉപഭോക്താക്കളെ തേടിയെത്തിയതോടെ ന്യൂ ജനറേഷൻ ഉപഭോക്താക്കൾ അവർക്ക് പിന്നാലെയായി. ഇതോടെ 2024പിന്നിടും മുൻപെ രാജ്യത്ത് രണ്ടു ലക്ഷത്തോളം ചെറുകിട കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായുള്ള കണക്കുകളാണ് പുറത്തുവരുന്നത്.
ഉപ്പു തൊട്ടു കർപ്പൂരം വരെ വിൽക്കുന്ന ഓൺലൈൻ കമ്പനികള്‍ വന്‍ ഓഫര്‍ നൽകി കടന്നുവരുന്നതും സാമ്പത്തിക രംഗത്തെ മാന്ദ്യവുമാണ് ഇതിന് കാരണമെന്ന് ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.സി.പി.ഡി.എഫ്) കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വഴിവിട്ട കച്ചവട രീതിക്ക് തടയിട്ടില്ലെങ്കില്‍ രാജ്യത്തെ ചില്ലറ വിൽപന മേഖല പൂർണമായി തകരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായും ലക്ഷ്യമിടുന്നത് മെട്രോ നഗരങ്ങളിലെ ഉപയോക്താക്കളെയാണ്. വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കി വിപണി പിടിക്കുന്ന ഇത്തരം ന്യൂജന്‍ ബിസിനസുകാരോട് മല്‍സരിക്കാന്‍ ചെറിയ മുതല്‍മുടക്കിൽ നടത്തിവരുന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് സാധിക്കാതെ വരുന്നു.
മെട്രോ നഗരങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 90,000 കടകള്‍ പൂട്ടിപ്പോയെന്നാണ് കണക്കുകൾ. ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ എടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. ഇ-കൊമേഴ്‌സ് കമ്പനികളുടെ സാന്നിധ്യം ഉള്ളിടത്തെല്ലാം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഗ്രാമീണ മേഖലയില്‍ മാത്രമാണ് വലിയ തോതില്‍ ഇത് ബാധിക്കാത്തത്. ചെറുകിട കച്ചവട നടത്തിപ്പുകാരും ഉപയോക്താക്കളും തമ്മിലുള്ള വ്യക്തിബന്ധങ്ങളും ഇതിന് കാരണമാകുന്നുണ്ട്. ചെറുകിട കച്ചവടം ഇല്ലാതാവുന്നതോടെ വൻ തോതിൽ ഈ തൊഴിൽ മേഖല തകരുമെന്നും, അത് രാജ്യത്തെ സാമ്പത്തിക നാശനഷ്ടവും തൊഴിലില്ലായ്മ നിരക്ക് വർധനക്ക് ഹേതുവായി മാറുകയും ചെയ്യുമെന്ന കാര്യത്തിന് അടിവരയിടുകയാണ് കേന്ദ്ര സർക്കാരിന് നൽകിയ കത്ത്.
രാജ്യത്തെ മാത്രം ഗ്രസിച്ചു നിൽക്കുന്ന അപകടകരമായ അവസ്ഥയല്ലിത്. കേരളത്തിലും ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെ കടന്നുകയറ്റവും വാടക കെട്ടിടങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി വർധിപ്പിച്ചതും സാമ്പത്തിക മാന്ദ്യവുമെല്ലാം ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിന് കാരണമായി മാറുന്നുണ്ട്. കണ്ണൂർ ജില്ലയിൽ മാത്രം ഒരു വർഷം 400 ലേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നുണ്ടെന്നാണ് വ്യാപാരി സംഘടന ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. പുതിയ സംരഭങ്ങൾ തുടങ്ങാനും സംരഭകർ രംഗത്തുവരാത്ത സാഹചര്യമാണുള്ളത്.
പരമ്പരാഗതമായി നടത്തി കൊണ്ടുപോകുന്നവർ മാത്രമാണ് ഈ രംഗത്തുള്ളത്. അവർ തന്നെ നാളെയെല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് കടക്കെണിയിൽ കഴിയുമ്പോഴും മുൻപോട്ടു പോകുന്നത്. കേരളം നേരിട്ട പ്രളയങ്ങളിലും ഉരുൾപൊട്ടലിലും സാന്ത്വന സഹായവുമായി ദുരിത ബാധിതരെ ചേർത്തുപിടിച്ചവരാണ് ഇവിടെയുള്ള വ്യാപാരികൾ. അവരുടെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്യുമ്പോൾ കേരളം മുഴുവൻ അവൾക്ക് പിൻതുണയുമായി രംഗത്തിറക്കണം. ചെറുതായാലും വലുതായാലും തങ്ങളുടെ ആവശ്യങ്ങൾക്കായി ചെറുകിട വ്യാപാരികളെ നാം നേരിട്ട് സമീപിക്കുമ്പോൾ മാത്രമേ അവർക്ക് അതിജീവനം സാധ്യമാവുകയുള്ളൂ.
#SaveSmallBusinesses #KeralaEconomy #GST #SupportLocal