അടുത്തവര്‍ഷം മുതല്‍ പഴയ വാഹനം പുതുക്കുന്നതിന് എട്ടിരട്ടി ഫീസ്; പുതിയ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം
Oct 6, 2021, 10:38 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.10.2021) 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രെജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്ക് എട്ടിരട്ടി വര്‍ധിപ്പിച്ചു. പുതിയ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇനി അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രെജിസ്‌ട്രേഷന്‍ പുതുക്കാന്‍ എട്ടു മടങ്ങ് അധികം പണം നല്‍കേണ്ടി വരും.
15 വര്‍ഷത്തിലധികം പഴക്കമുള്ള ബസ്, ട്രക് തുടങ്ങിയ വാഹനങ്ങളുടെ രെജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 12,500 രൂപ നല്‍കണം. 1500 രൂപയാണ് നിലവിലെ ചാര്‍ജ്. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനത്തിന് 10,000 രൂപയും കാറുകള്‍ക്ക് 40,000 രൂപയുമാണ് ഈടാക്കുക. രെജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിശ്ചിത കാലാവധി കഴിഞ്ഞ് വരുന്ന ഓരോ ദിവസത്തിനും 50 രൂപ പിഴയും ഈടാക്കും.
കാറുകള്‍ക്ക് 5000 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയുമാണ് ഈടാക്കുക. നിലവിലിത് 600, 300 രൂപയാണ് ഈടാക്കിവരുന്നത്. സ്മാര്‍ട് കാര്‍ഡ് രൂപത്തിലുള്ള രെജിസ്‌ട്രേഷന്‍ സെര്‍ടിഫികറ്റുകള്‍ ആവശ്യമെങ്കില്‍ 200 രൂപ അധികം നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
സ്വകാര്യ വാഹനങ്ങളുടെ രെജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി അപേക്ഷ സമര്‍പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മാസം 300 രൂപയും ചരക്കുവാഹനങ്ങള്‍ക്ക് 500 രൂപയും പിഴ നല്‍കണം. കേന്ദ്ര സര്‍കാരിന്റെ പൊളിക്കല്‍ നയത്തിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം.
സ്വകാര്യ വാഹനങ്ങള്‍ 15 വര്‍ഷം കഴിയുമ്പോള്‍ പുതുക്കണം. അഞ്ചുവര്‍ഷത്തേയ്ക്കാണ് പുതുക്കി നല്‍കുക. പിന്നീട് ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് പുതുക്കണം. വാണിജ്യവാഹനങ്ങള്‍ എട്ടുവര്‍ഷം കഴിഞ്ഞാല്‍ ഓരോ വര്‍ഷവും ഫിറ്റ്നസ് പുതുക്കണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.