Stock Market | സെൻസെക്സ് ആദ്യമായി 80,000 കടന്നു, നിഫ്റ്റി 24,500ന് അടുത്ത്; ഓഹരി വിപണിയിൽ മുന്നേറ്റം


കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, എം ആൻഡ് എം എന്നിവയും നേട്ടമുണ്ടാക്കി
മുംബൈ: (KVARTHA) ഓഹരി വിപണിയിൽ ഉജ്വല തുടക്കം. സെൻസെക്സും നിഫ്റ്റിയും ശക്തമായ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്‌സ് ആദ്യമായി 80,000 പോയിൻ്റ് കടന്നപ്പോൾ നിഫ്റ്റി 24,300 പോയിൻ്റിനടുത്തെത്തി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ഓഹരികൾ ഉയർന്നതിനെ തുടർന്നാണ് ഓഹരിവിപണിയിലെ മുന്നേറ്റം.
വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 570 പോയിൻ്റ് ഉയർന്ന് 80,039 പോയിൻ്റിലെത്തി. നിഫ്റ്റി 50 സൂചിക 169 പോയിൻ്റ് ഉയർന്ന് 24,292 പോയിൻ്റിലെത്തി. സെൻസെക്‌സ് ഓഹരികളിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിലാണ് ഏറ്റവും വലിയ ഉയർച്ച. ഏകദേശം മൂന്ന് ശതമാനം വർധനയോടെ 1,791.90 രൂപയുടെ പുതിയ റെക്കോർഡിലെത്തി.
ഇതോടൊപ്പം കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, എം ആൻഡ് എം എന്നിവയും മുന്നേറ്റം തുടരുമ്പോൾ ടെക് മഹീന്ദ്ര, ടിസിഎസ്, സൺ ഫാർമ, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നിവ നഷ്ടത്തിലായി. ശക്തമായ ആഗോള പ്രവണതകളും ബാങ്ക് ഓഹരികളിലെ ശക്തമായ വാങ്ങലും മൂലമാണ് ഓഹരി വിപണിയിലെ ഉയർച്ചയെന്നാണ് വിലയിരുത്തുന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമ, ടിസിഎസ്, അൾട്രാടെക് സിമൻ്റ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മിഡ്‌ക്യാപ് സൂചിക 0.53 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 0.68 ശതമാനം ഉയർന്നു.