Business | ഇന്ധന വില വർധനവും സാമ്പത്തിക മാന്ദ്യവും; വാഹന വിപണിയിൽ നിന്നും ഇടത്തരക്കാർ പിൻവലിയുന്നു; കാർ വിൽപന മന്ദഗതിയിൽ
* വാഹന നിർമാതാക്കൾ ഉത്പാദനം കുറയ്ക്കുന്നു
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) പെട്രോൾ വില വർധനവും ജീവിത ചെലവ് കുത്തനെ കൂടിയതും കാരണം ഇടത്തരക്കാർ പുത്തൻ വാഹനങ്ങൾ വാങ്ങുന്നത് നന്നെ കുറച്ചതായി റിപ്പോർട്ട്. ഇതു രാജ്യത്തെ കാർ വിപണിയിൽ വൻ മാന്ദ്യമാണുണ്ടാക്കിയിരിക്കുകയാണ്. കനത്ത മഴ കഴിഞ്ഞ് ഓണം ഉത്സവ സീസണ്‍ അടുത്തിട്ടും കേരളത്തിലെ കാര്‍ വില്‍പ്പന മന്ദഗതിയിലായതില്‍ ആശങ്കയിലാണ് വാഹന ഡീലർമാർ. രാജ്യത്ത് ഉത്പാദനം വര്‍ധിക്കുന്നുണ്ടെങ്കിലും ഡീലര്‍ഷിപ്പുകളില്‍ നിന്നും പ്രതീക്ഷിച്ച വില്‍പ്പന നടക്കാത്തതാണ് വാഹനവിപണിക്ക് തിരിച്ചടിയായത്.
ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം ഏതാണ്ട് 73,000 ലക്ഷം രൂപ വില വരുന്ന ഏഴുലക്ഷം യൂണിറ്റുകള്‍ വിവിധ ഷോറൂമുകളിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ ദിവസം വിപണിയിലെ മെല്ലെപ്പോക്കിനെത്തുടര്‍ന്ന് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ സമാനമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനം ഡീലറില്‍ നിന്നും ഉപഭോക്താവിൻ്റെ കൈകളിലെത്താന്‍ ജൂണ്‍ മാസത്തില്‍ 62-67 ദിവസമെടുത്തിരുന്നെങ്കില്‍ ഇപ്പോഴത് 70-75 ദിവസം വരെയാണ്. പെട്രോൾ ഡീസൽ വില വർധനവും ഇക്കൊല്ലത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും കടുത്ത ചൂടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച അപ്രതീക്ഷിത മഴയുമാണ് വില്‍പ്പന മാന്ദ്യത്തിന് കാരണമായതെന്നാണ് കണക്കാക്കുന്നത്. നിലവില്‍ രണ്ട് മാസത്തേക്ക് വില്‍പ്പന നടത്താനുള്ള വാഹനങ്ങള്‍ ഡീലര്‍മാരുടെ കൈവശമുണ്ട്, എന്നാല്‍ വില്‍പ്പന നടക്കാതെ ഷോറൂമുകളില്‍ സ്റ്റോക്ക് വര്‍ധിച്ചത് ഡീലര്‍മാര്‍ക്കും തലവേദനയാണ്.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ കണക്കുപ്രകാരം നാല് ലക്ഷം വാഹനങ്ങള്‍ മാത്രമേ ഷോറൂമിലുള്ളൂ. നിലവിലെ വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രധാന വാഹന നിര്‍മാതാക്കള്‍ കാറുകള്‍ക്ക് വലിയ ഓഫറുകള്‍ പ്രഖ്യാപിക്കാനും സാധ്യതകളേറെയാണ്. ഓണം ഉത്സവ സീസണില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കുറഞ്ഞ കാര്‍ വായ്പാ പലിശ നിരക്ക്, എക്സ്റ്റന്‍ഡഡ് വാറണ്ടി, സൗജന്യ സര്‍വീസ് തുടങ്ങിയവ പോലുള്ള പ്രത്യേക ഓഫറുകള്‍ നൽകിയേക്കാൻ സാധ്യതയുണ്ട്.
ഇലക്ട്രിക് - യൂസ്ഡ് കാർ വിൽപന രംഗത്തും മാന്ദ്യം നിലനിൽക്കുന്നുണ്ട്. മോശപ്പെട്ട സർവീസും വാഹനങ്ങൾക്കുണ്ടാകുന്ന തകരാറുകളുമാണ് ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്നും ഉപഭോക്താക്കളെ പിന്നോട്ടടിപ്പിക്കുന്നത്. ഇതുകൂടാതെ താങ്ങാനാവാത്ത അധിക വിലയാണ് വാഹന നിർമ്മാതാക്കൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. കേന്ദ്ര സർക്കാർ സബ്സിഡി പിൻവലിച്ചതും വൻ തിരിച്ചടിയായിട്ടുണ്ട്. യൂസ്ഡ് കാർ വിപണിയിലും വൻ വിലവർധനവാണുണ്ടായിരിക്കുന്നത്. പഴഞ്ചൻ വാഹനങ്ങൾക്കുപോലും വൻ വിലയീടാക്കുന്നത് ഉപഭോക്താക്കൾക്ക് വിനയായി മാറിയിരിക്കുകയാണ്.
#carsales #India #fuelprices #economicslowdown #automobiles