Customs Duty | കസ്റ്റംസ് തീരുവ കുറച്ചത് സ്വാഗതം ചെയ്‌ത് സ്വർണവ്യാപാരികൾ; ആഭ്യന്തര ആഭരണ നിർമാതാക്കൾക്ക് ഗുണം ചെയ്യുമെന്ന് അഡ്വ. എസ് അബ്ദുൽ നാസർ


കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് കള്ളക്കടത്ത് കുറയ്ക്കാനും സഹായിക്കും
കൊച്ചി: (KVARTHA) കേന്ദ്ര ബജറ്റിൽ സ്വർണത്തിനും വെള്ളിക്കും അടിസ്ഥാന കസ്റ്റംസ് തീരുവ ആറ് ശതമാനമായും പ്ലാറ്റിനത്തിന് 6.4 ശതമാനമായും കുറച്ചതിനെ സ്വാഗതം ചെയ്ത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (AKGSMA). ഇത് ആഭ്യന്തര ആഭരണ നിർമാതാക്കൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യുമെന്ന് സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു.
ദീർഘകാലമായി നിലനിന്നിരുന്ന ഒരു ആവശ്യമാണിത്. കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് കള്ളക്കടത്ത് കുറയ്ക്കാനും ഈ മേഖല ഔപചാരിക ചാനലിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. കൂടാതെ, എസ്എംഇകൾക്കും എംഎസ്എംഇകൾക്കും പ്രവർത്തന മൂലധന വായ്പയുടെ പരിധി വർദ്ധിപ്പിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഭാവിയിൽ ഈ യൂണിറ്റുകൾക്ക് അവരുടെ ബിസിനസ് വിപുലീകരിക്കാൻ ഇത് സഹായിക്കും. തൊഴിൽദാതാക്കളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളിലേക്ക് നേരിട്ട് ശമ്പളവും എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ടും കൈമാറ്റം ചെയ്യുന്ന ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ സ്‌കീം ഉൽപ്പാദന മേഖലയിലേക്ക് വ്യാപിപ്പിച്ചതും പ്രശംസനീയമാണ്. ഇന്ത്യയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അഡ്വ. അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.