ശില്‍പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന് 3 ലക്ഷം രൂപ പിഴയിട്ട് സെബി
Jul 29, 2021, 15:06 IST
മുംബൈ: (www.kvartha.com 29.07.2021) ശില്‍പ ഷെട്ടിയുടേയും നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന് പിഴയിട്ട് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ). മൂന്ന് ലക്ഷം രൂപയാണ് സെബി പിഴയായി ചുമത്തിയത്. 2013 മുതല്‍ 2015 വരെ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് പിഴശിക്ഷ. ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ നടപടി. കമ്പനി ഉള്‍പെട്ട സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകള്‍ നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
2015 ലക്ഷം അഞ്ച് ലക്ഷം ഇക്വിറ്റി ഓഹരികള്‍ നാല് പേര്‍ക്കായി വിയാന്‍ ഇഡന്‍സ്ട്രീസ് നല്‍കിയിരുന്നു. 2.57 കോടി രൂപ മൂല്യം വരുന്ന 1,28,800 ഓഹരികള്‍ ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രക്കും കൈമാറിയിരുന്നു. ഈ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം സെബിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയത്.
10 ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ യഥാസമയത്ത് സെബിയെ അറിയിക്കണമെന്ന് ചട്ടമുണ്ട്. ഇത് ലംഘിച്ചുവെന്ന് വ്യക്തമാക്കിയാണ് സ്ഥാപനത്തിനെതിരെ സെബി പിഴ ചുമത്തിയത്. അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 19ന് അറസ്റ്റിലായ കുന്ദ്രയുടെ ജാമ്യ ഹര്‍ജി ബോംബെ ഹൈകോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ (ഓഗസ്റ്റ്-ഡിസംബര്‍) മാത്രം പോണ്‍ ആപ് വഴി കുന്ദ്ര 1.17 കോടി സമ്പാദിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചുള്ളത്.
അതേസമയം കേസില്‍ ശില്‍പ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആദ്യ റൗന്‍ഡ് ചോദ്യം ചെയ്യലില്‍ ഹോട്സ്പോട് ആപുമായി തനിക്ക് ബന്ധമില്ല എന്നാണ് നടി പറഞ്ഞിരുന്നത്. എന്നാല്‍ ആപിലേത് അശ്ലീലമല്ല, രതിചോദന ഉയര്‍ത്തുന്ന ഉള്ളടക്കങ്ങളാണ് എന്നും ശില്‍പ മൊഴി നല്‍കിയിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന് ഇടക്കാലയളവില്‍ ശില്‍പ രാജി വെച്ചത് എന്തിനെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, രാജ് കുന്ദ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. രാജ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ചോപ്ര ആരോപിച്ചത്. 2019 മാര്‍ചിലായിരുന്നു സംഭവമെന്നും അവര്‍ വെളിപ്പെടുത്തി.
'2019ലെ തുടക്കത്തില്‍ രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ വിളിച്ചു. ഒരു പ്രൊപോസല്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നാണ് പറഞ്ഞത്. മാര്‍ച് 27ലെ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് എന്നെ ചുംബിക്കാന്‍ ശ്രമിച്ചു. ഞാന്‍ പ്രതിരോധിച്ചു. വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ബിസിനസിനെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴക്കാനും തയ്യാറല്ലായിരുന്നു. ശില്‍പ ഷെട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. ഞാന്‍ ഭയന്ന് കുതറി മാറി വാഷ്റൂമിലേക്ക് ഓടി.' - മുംബൈ ക്രൈംബ്രാഞ്ചിലെ പ്രോപര്‍ടി സെലിന് മുമ്പാകെ നടി നല്‍കിയ മൊഴിയില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.