Tax Evasion | ഇന്‍ഫോസിസ് 32,000 കോടിയുടെ നികുതി വെട്ടിച്ചോ, ജി എസ് ടി ഇന്റലിജന്‍സ് അന്വേഷണം എന്തിന്?


യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്ത് രാജ്യത്തെ സേവിക്കണമെന്ന് ആഹ്വാനം ചെയ്ത് വിവാദത്തിലായ വ്യവസായിയാണ് നാരായണമൂര്‍ത്തി
ആദിത്യന്‍ ആറന്മുള
ന്യൂഡൽഹി: (KVARTHA) ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് 32,000 കോടി രൂപയോളം നികുതി വെട്ടിപ്പ് ചെയ്തെന്ന പരാതിയിൽ അന്വേഷണത്തിന് വിധേയമായിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്സ് ആന്‍ഡ് സർവീസ് ടാക്സ് ഇന്റലിജന്‍സ് (DG GST Intelligence) ഈ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
അഞ്ച് വര്‍ഷത്തിനിടെ 32,000 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രമുഖ ഐടി (IT) കമ്പനിയായ ഇന്‍ഫോസിസിനെതിരെ അന്വേഷണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്ത് രാജ്യത്തെ സേവിക്കണമെന്ന് ആഹ്വാനം ചെയ്ത് വിവാദത്തിലായ വ്യവസായിയാണ് നാരായണമൂര്‍ത്തി.
ഇത്തരത്തിലുള്ള ആഹ്വാനം നടത്തിയ വ്യക്തി തന്നെ രാജ്യവികസനത്തിനായുള്ള കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചു എന്ന ആക്ഷേപം തന്നെ വലിയ നാണക്കേടാണ്. പ്രത്യേകിച്ച് ഇദ്ദേഹത്തിന്റെ ഭാര്യ സുധാമൂര്‍ത്തി രാജ്യസഭാ അംഗംകൂടിയായിരിക്കെ. എല്ലാ ജിഎസ്ടി കുടിശ്ശികയും അടച്ചുവെന്നും കേന്ദ്ര-സംസ്ഥാന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നും ബെംഗളൂരു ആസ്ഥാനമായുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനി വിശദീകരിക്കുന്നു.
2017 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സേവനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഐജിഎസ്ടി (IGST) നല്‍കാത്തതിന് ഇന്‍ഫോസിസ് നിരീക്ഷണത്തിലാണെന്ന് ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ചൊവ്വാഴ്ച നല്‍കിയ നോട്ടീസില്‍ ആരോപിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള നിയമ നിര്‍വ്വഹണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിനാണ് നികുതി വെട്ടിപ്പ് അന്വേഷിക്കുന്നതിനുള്ള ചുമതല. ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍ സംസ്ഥാന വിതരണത്തിന്മേല്‍ ചുമത്തുന്ന പരോക്ഷ നികുതിയാണ് സംയോജിത ചരക്ക് സേവന നികുതി.
ഇന്‍ഫോസിസുമായുള്ള കരാറിന്റെ ഭാഗമായി ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്നതിനായി കമ്പനി വിദേശത്ത് ശാഖകള്‍ തുറന്നു. ഈ ശാഖകളെയും കമ്പനിയെയും സംയോജിത ജിഎസ്ടി നിയമത്തിന് കീഴില്‍ രണ്ടായി കണക്കാക്കുന്നു, അതുകൊണ്ട് അന്തര്‍ സംസ്ഥാന ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണത്തിന് അല്ലെങ്കില്‍ രണ്ടിനും നികുതി പിരിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നു- അന്വേഷണ ഏജന്‍സി പറയുന്നു.
അതിനാല്‍, വിദേശ ബ്രാഞ്ചുകളില്‍ നിന്നുള്ള സാധനങ്ങള്‍ ലഭിക്കുന്നതിന് നല്‍കുന്ന പണം അവിടുത്തെ ചെലവുകളുടെ രൂപത്തില്‍ കമ്പനി ബ്രാഞ്ച് ഓഫീസുകള്‍ക്ക് നല്‍കി. അതിനാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ശാഖകളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ക്ക് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന് കീഴില്‍ ജിഎസ്‌ടി അടയ്ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്ന് നോട്ടീസില്‍ പറയുന്നു. റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം അനുസരിച്ച് ചരക്കുകളുടെയോ സേവനങ്ങളുടെയോ സ്വീകര്‍ത്താക്കള്‍ അവരുടെ വിതരണക്കാരെക്കാള്‍ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതായും മറുപടി നല്‍കിയെന്നും ഇന്‍ഫോസിസ് അറിയിച്ചു.
ഇതേ വിഷയത്തില്‍ കമ്പനിക്ക് ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസും ലഭിച്ചിട്ടുണ്ട്, കമ്പനി അതിന് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് കമ്പനി എക്‌സ്‌ചേഞ്ചിംഗ് ഫയലില്‍ പറയുന്നു. ചട്ടങ്ങള്‍ അനുസരിച്ച് നോട്ടീസില്‍ പറയുന്ന ചെലവുകള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്നും അതില്‍ വ്യക്തമാക്കുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലര്‍ (2024 ജൂണ്‍ 26 ലെ സര്‍ക്കുലര്‍ നമ്പര്‍ 210/4/2024] പ്രകാരം, വിദേശ ശാഖകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഇന്ത്യയിലെ സ്ഥാപനം ജിഎസ്ടിക്ക് വിധേയമല്ല എന്നും ഇന്‍ഫോസിസ് പറയുന്നു.
എന്നാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയോ കമ്പനിയോ, രാജ്യത്തിന് പുറത്ത് ബന്ധമുള്ള വ്യക്തിയില്‍ നിന്നോ കമ്പനിയില്‍ നിന്നോ സേവനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് ജൂണില്‍ കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല റിവേഴ്‌സ് ചാര്‍ജ് സമ്പ്രദായത്തിന് കീഴില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി നികുതി അടയ്ക്കണമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ഐടി സേവനങ്ങളുടെ കയറ്റുമതിയ്ക്കെതിരായ ക്രെഡിറ്റിനോ റീഫണ്ടിനോ ജിഎസ്ടി പേയ്മെന്റുകള്‍ യോഗ്യമാണെന്ന് ഇന്‍ഫോസിസ് അഭിപ്രായപ്പെട്ടു. യോഗ്യതയില്ലാത്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നേടിയതിന് ഒഡീഷ ജിഎസ്ടി അധികൃതര്‍ 1.46 ലക്ഷം രൂപ പിഴ ചുമത്തിയതായി ഇന്‍ഫോസിസ് ഏപ്രിലില്‍ പറഞ്ഞതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ ചൂഷണം അടക്കം നിരവധി ആരോപണങ്ങള്‍ ഇന്‍ഫോസിസിനെതിരെ പലതവണ ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിലക്കയറ്റം എന്നിവ രൂക്ഷമായി നില്‍ക്കുകയാണ്. അതിന് പുറമേ കോര്‍പ്പറേറ്റ് നികുതി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇന്‍ഫോസിസ് പോലുള്ള വലിയ ഐടി കമ്പനികള്‍ ഇത്രയും ഭീമമായ തുകയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് നികുതി വെട്ടിപ്പിനുള്ള സാധ്യത കാണുന്നുണ്ട്.
32,000 കോടി രൂപ എന്നത് ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ച് വലിയ തുകയാണ്. ക്ഷേമപദ്ധതികളുടെ അടക്കം ആനുകൂല്യങ്ങളും റെയില്‍വേ വികസനം അടക്കമുള്ള പ്രാഥമിക വിസനങ്ങളും നടപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരത്തില്‍ നികുതി വെട്ടിക്കുന്ന എല്ലാ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പണം പൊതുഖജനാവിലേക്ക് കണ്ടുകെട്ടുകയും വേണം. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അത് അത്യാവശ്യമാണ്.