മലബാറിന് വികസനക്കുതിപ്പ്; പൊന്നാനിയിൽ 1000 കോടിയുടെ കപ്പൽ നിർമ്മാണശാല വരുന്നു; ടെൻഡർ നടപടികൾ പൂർത്തിയായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പൊന്നാനി: (KVARTHA) മലബാറിന്റെ വ്യവസായ-വികസന ഭൂപടത്തിൽ തങ്കലിപികളാൽ എഴുതപ്പെടുന്ന വൻകിട പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമാകുന്നു. കൊച്ചി കപ്പൽ നിർമ്മാണശാല കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കപ്പൽ നിർമ്മാണശാല പൊന്നാനി തുറമുഖത്ത് യാഥാർത്ഥ്യമാകാനൊരുങ്ങുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
കേരള മാരിടൈം ബോർഡിന്റെ അധീനതയിൽ പൊന്നാനി ഫിഷിങ് ഹാർബറിന് പടിഞ്ഞാറുവശത്തായി കടലോരത്തുള്ള 29 ഏക്കറോളം വരുന്ന ഭൂമിയിലാണ് കപ്പൽ നിർമ്മാണശാല സ്ഥാപിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പിടുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.
ഘട്ടം ഘട്ടമായി വികസനം
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 200 കോടി രൂപ മുതൽമുടക്കിൽ ചെറുകിട കപ്പലുകൾ നിർമ്മിക്കാനുള്ള സംവിധാനമാണ് ഒരുക്കുക. ഇതിന്റെ ഭാഗമായി അഴിമുഖത്ത് പുതിയ വാർഫ് നിർമ്മിക്കും. പുലിമുട്ടിനോട് ചേർന്ന് പഴയ ജങ്കാർ ജെട്ടിക്ക് സമീപത്താണ് വാർഫ് വരിക.
രണ്ടാംഘട്ടത്തിൽ വൻകിട കപ്പലുകൾ നിർമ്മിക്കാനുള്ള ബൃഹത്തായ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏഴ് മുതൽ പത്ത് വർഷത്തിനുള്ളിൽ 1000 കോടിയോളം രൂപ നിക്ഷേപിച്ച്, കൊച്ചി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാലയായി പൊന്നാനിയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. കപ്പൽ യാർഡ് പ്രവർത്തനം തുടങ്ങുന്നതിന് പിന്നാലെ ചരക്ക് നീക്കവും ആരംഭിക്കും.
തൊഴിലവസരങ്ങളും പരിശീലനവും
കപ്പൽ നിർമ്മാണശാല വരുന്നതോടെ മേഖലയിൽ ആയിരത്തോളം പേർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കൂടാതെ, കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്നതിനായി പ്രത്യേക ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.
മീൻ ചാപ്പകൾ മാറ്റിസ്ഥാപിക്കും
കപ്പൽ നിർമ്മാണശാലയ്ക്കായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് നിലവിൽ പ്രവർത്തിക്കുന്ന മീൻ ചാപ്പകൾ മാറ്റിസ്ഥാപിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, ഹാർബറിന്റെ കിഴക്കുഭാഗത്ത് ഇതിനായി സൗകര്യം ഒരുക്കാൻ തീരുമാനമായിട്ടുണ്ട്.
കപ്പൽ നിർമ്മാണശാല പൊന്നാനിയുടെ വികസന രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പദ്ധതിക്ക് തദ്ദേശീയമായ സഹകരണം ഉറപ്പാക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. മലബാറിന്റെ വാണിജ്യ മുഖച്ഛായ മാറ്റാൻ കെൽപ്പുള്ള പദ്ധതിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക
Article Summary: Ponnani is set to host Kerala's second-largest shipyard after Kochi, with a ₹1000 crore investment. The tender process is complete, and the project promises significant employment opportunities and development for the Malabar region.
#Ponnani #Shipyard #MalabarDevelopment #KeralaMaritimeBoard #Investment #KeralaNews #PNandakumarMLA
