ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കര്‍ അറസ്റ്റില്‍
Apr 12, 2022, 09:55 IST
മുംബൈ: (www.kvartha.com 12.04.2022) ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി ഇന്‍ഡ്യില്‍നിന്ന് നാടുവിട്ട പ്രമുഖ വ്യവസായി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കര്‍ അറസ്റ്റില്‍. ഈജിപ്തില്‍ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെ സുഭാഷ് ശങ്കറിനെ മുംബൈയിലെത്തിച്ച് സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയുടെ എറ്റവും അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് സുഭാഷ് ശങ്കറെന്നാണ് സിബിഐ പറയുന്നത്. തട്ടിപ്പില്‍ ഇയാളും പങ്കാളിയാണെന്നും അന്വേഷണ ഏജന്‍സി കരുതുന്നു. നീരവ് മോദിക്കൊപ്പം സുഭാഷ് ശങ്കറിനായും സിബിഐ നേരത്തെ ലുകൗട് നോടീസ് ഇറക്കിയിരുന്നു
പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും. 2018 ജനുവരിയോടെ ഇരുവരും ഇന്‍ഡ്യ വിടുകയായിരുന്നു. ബാങ്ക് തട്ടിപ്പ് നടത്തി നീരവ് മോദി വിദേശത്തേക്ക് കടന്നത് വന്‍വിവാദമായിരുന്നു.
തുടര്‍ന്ന് മുംബൈയിലെ പ്രത്യേക കോടതിയുടെ അനുമതി നേടിയ ശേഷം നീരവ് മോദിയുടെ, 326.99 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. നീരവ് മോദിയുടെ പേരില്‍ ലന്‍ഡനിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഫ്ലാറ്റുകള്‍ അടക്കമാണ് കണ്ടുകെട്ടിയത്. ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
100 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ 2018 ഓഗസ്റ്റില്‍ നിലവില്‍ വന്ന ഫ്യുജിറ്റീവ് ഇകണോമിക് ഒഫന്‍ഡേഴ്സ് (എഫ്ഇഒ) നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയ്ക്ക് ശേഷം ഈ വകുപ്പ് ചുമത്തി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന വ്യക്തിയാണ് നീരവ് മോദി.
കഴിഞ്ഞ വര്‍ഷം നീരവ് മോദിയുടെ 17.25 കോടി രൂപ കൂടി കണ്ടെടുത്തു. നീരവ് മോദിയുടെ സഹോദരി പര്‍വി മോദിയാണ് ഈ തുക ഇഡിക്ക് നല്‍കിയത്. പര്‍വിയുടെ പേരില്‍ നീരവ് മോദി യുകെ ബാങ്കില്‍ തുറന്ന അകൗണ്ടിലെ പണമാണ് ഇഡിക്ക് കൈമാറിയത്. അകൗണ്ടിനെ കുറിച്ച് പര്‍വി മോദി തന്നെയാണ് വിവരം നല്‍കിയതെന്ന് ഇഡി അറിയിച്ചു. നേരത്തെ തന്നെ പര്‍വിക്കും ഭര്‍ത്താവ് മൈനാക് മേത്തയ്ക്കും 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ മാപ്പ് നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.