മുദ്ര സ്‌കീമിന് കീഴില്‍ 34.4 കോടി ഗുണഭോക്താക്കള്‍ക്ക് 18.6 ട്രില്യന്‍ രൂപ വായ്പ ലഭിച്ചതായി ധനമന്ത്രി; പദ്ധതി നടത്തിപ്പിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി, 'സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരാകാനും തുകയില്ലാത്തവര്‍ക്ക് ധനസഹായം നല്‍കുക എന്നതാണ് ലക്ഷ്യം'
Apr 9, 2022, 09:05 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.04.2022) പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് (പിഎംഎംവൈ) കീഴില്‍ ഇതുവരെ 34.4 കോടി ഗുണഭോക്താക്കള്‍ക്ക് ബാങ്കുകള്‍ 18.6 ട്രില്യണ്‍ രൂപ വായ്പ നല്‍കിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വെള്ളിയാഴ്ച പദ്ധതി ഏഴ് വര്‍ഷം പിന്നിടുമ്പോഴാണ് ഈ നേട്ടം.
കോര്‍പറേറ്റ് ഇതര, കാര്‍ഷികേതര മേഖലകളില്‍ വളര്‍ന്നുവരുന്നവര്‍ക്കും ചെറുകിട സംരംഭകര്‍ക്കും വേണ്ടിയുള്ള ഈ സ്‌കീമിന് കീഴില്‍, ഒരു ഗുണഭോക്താവിന് മിതമായ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു.
പദ്ധതി നടത്തിപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'തുകയില്ലാത്തവര്‍ക്ക് ധനസഹായം നല്‍കുക എന്നതാണ് മുദ്ര യോജനയുടെ ലക്ഷ്യം. നിരവധി പേര്‍ക്ക് അവരുടെ സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരാകാനും പദ്ധതി അവസരം നല്‍കിയിട്ടുണ്ട്', മോദി പറഞ്ഞു.
മുദ്ര അകൗണ്ട് ഉടമകളില്‍ 68% സ്ത്രീകളാണെന്നും 22% വായ്പകള്‍ പുതിയ സംരംഭകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. മൊത്തം അനുവദിച്ച വായ്പയുടെ 51% എസ് സി / എസ് ടി / ഒബിസി വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്കാണ് നല്‍കിയത്. പദ്ധതി സാമൂഹിക നീതിക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് സൂചിപ്പിക്കുന്നതാണിതെന്ന് മന്ത്രി പറഞ്ഞു.
2015 ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കോവിഡ് മഹാമാരി മുദ്ര ലോണുകളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെങ്കിലും, വിതരണം 2020 വരെ വാര്‍ഷിക ശരാശരിയായ 2.66 ട്രില്യന്‍ രൂപയ്ക്ക് മുകളിലാണ്.
2021 സാമ്പത്തിക വര്‍ഷത്തില്‍, വായ്പ വിതരണം 3.12 ട്രില്യന്‍ രൂപയായിരുന്നു. 2022 ല്‍ ഇത് 3.03 ട്രില്യനിലെത്തി.
മുദ്രാ ലോണുകളില്‍ ഭൂരിഭാഗവും ഈട് രഹിതമാണ്. അതിനാല്‍, ദുര്‍ബല വിഭാഗങ്ങളില്‍പെട്ട ആളുകളുടെ പങ്കാളിത്തം സ്‌കീം മെച്ചപ്പെടുത്തിയതായി അധികൃതര്‍ സമ്മതിക്കുന്നു. എന്നാല്‍ ആസ്തിയുടെ ഗുണനിലവാരം മോശമാകുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശിശു, കിഷോര്‍, തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കാണ് മുദ്ര വായ്പകള്‍ നല്‍കുന്നത്. 50,000 രൂപ വരെ വായ്പ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ശിശു വിഭാഗത്തില്‍ പെടുന്നു. കിഷോര്‍ വിഭാഗത്തില്‍ 50,000 രൂപയ്ക്ക് മുകളിലും 5 ലക്ഷം രൂപ വരെയുള്ള വായ്പയും ഉള്‍പെടുന്നു. കൂടാതെ തരുണ്‍ വിഭാഗത്തില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയും 10 ലക്ഷം രൂപ വരെയുള്ള വായ്പയും ലഭ്യമാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.