വിഡിയോ ഗെയിം കളിക്കാന്‍ അമ്മയുടെ ബാങ്ക് അകൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവാക്കി; മാതാപിതാക്കള്‍ ശാസിച്ചതിന് പിന്നാലെ കൗമാരക്കാരനെ കാണാതായി, ഒടുവില്‍ 16കാരനെ കണ്ടെത്തിയത് ഗുഹയില്‍ ഒളിച്ചിരുന്ന നിലയില്‍
Aug 28, 2021, 11:11 IST
മുംബൈ: (www.kvartha.com 28.08.2021) കോവിഡ് എന്ന മഹാമാരി വിദ്യാഭ്യാസമേഖലയെയും കുട്ടികളെയും സാരമായി ബാധിച്ചിരുന്നു. പഠനവും പരീക്ഷയുമെല്ലാം ഓണ്‍ലൈന്‍ വഴി ആയതോടെ മാതാപിതാക്കളുടെ സ്മാര്‍ട്‌ഫോണുകള്‍ ഇപ്പോള്‍ കുട്ടികളുടെ കൈകളിലാണ്. അത്തരത്തില്‍ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മുതിര്‍ന്നവരുടെ ശ്രദ്ധ കൂടി പതിഞ്ഞില്ലെങ്കില്‍ പണിപ്പാളും എന്ന് തെളിയിക്കുന്നതാണ് മുംബൈയിലെ ഈ വാര്‍ത്ത. വിഡിയോ ഗെയിം പബ്ജി കളിക്കാന്‍ ഓണ്‍ലൈന്‍ ഇടപാടിലൂടെ കൗമാരക്കാരന്‍ കളഞ്ഞത് അമ്മയുടെ ബാങ്ക് അകൗണ്ടിലെ 10 ലക്ഷം രൂപ. എന്നാല്‍ സംഭവമറിഞ്ഞ് മാതാപിതാക്കള്‍ ശാസിച്ചതിനെ തുടര്‍ന്ന് 16 വയസുകാരന്‍ വീടുവിട്ടു പോയി.
മുംബൈയിലെ ജോഗേശ്വരിയിലാണ് സംഭവം നടന്നത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയില്‍ കുട്ടി കഴിഞ്ഞ മാസം മുതല്‍ പബ്ജിക്ക് അടിമയായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍, തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ കാണാതായ കൗമാരക്കാരനെ വ്യാഴാഴ്ച ഉച്ചയോടെ അന്ധേരിയിലെ മഹാകാളി ഗുഹയ്ക്കടുത്തുനിന്ന് പൊലീസ് കണ്ടെത്തി. പബ്ജി കളിക്കാനായി അമ്മയുടെ ബാങ്ക് അകൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവാക്കിയതായി കുട്ടി പൊലീസുകാരോട് വെളിപ്പെടുത്തി. കൂടുതല്‍ അന്വേഷണത്തില്‍ കുട്ടി കത്തെഴുതിവച്ച് വീടുവിട്ടതാണെന്ന് കണ്ടെത്തി. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയശേഷം മാതാപിതാക്കളുടെ കൂടെ അയച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.