മുല്ലപ്പെരിയാര്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത, ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്

 



ഇടുക്കി: (www.kvartha.com 29.10.2021) കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷടറുകള്‍ തമിഴ്നാട് വെളളിയാഴ്ച രാവിലെ 7.30 മണിക്ക് തുറന്നു. ഏഴു മണിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസം മൂലം വൈകുകയായിരുന്നു. 3,4 സ്പില്‍വേ ഷടറുകള്‍ ആണ് 35 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇത് അറുപത് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 

534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോള്‍ 138.75  അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്. ഷടറുകള്‍ തുറന്നതോടെ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്.

മുല്ലപ്പെരിയാര്‍ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ തുറന്നാലും പെരിയാറില്‍ ഏകദേശം 60 സെന്റീമീറ്ററില്‍ താഴെ മാത്രമേ ജലനിരപ്പ് ഉയരൂവെന്നാണ് വിലയിരുത്തല്‍. 

മുല്ലപ്പെരിയാര്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത, ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്


വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാര്‍പിച്ചിട്ടുണ്ട്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാംപ് ചെയ്തിരുന്നു. റെവന്യൂമന്ത്രി കെ രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരാണ് പ്രദേശത്ത് ക്യാംപ് ചെയ്യുന്നത്.

മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമെത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരുകയുള്ളു. പക്ഷേ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ജലത്തിനൊപ്പം മഴ കൂടി ശക്തമായാല്‍ അടുത്ത ദിവസം വൈകിട്ട് മുതല്‍ ഇടുക്കിയില്‍ നിന്ന് സെകന്‍ഡില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏര്‍പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്. 

ഇതിനിടെ കേന്ദ്ര ജല കമിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വാണ് കേന്ദ്ര ജല കമിഷന്‍ അംഗീകരിച്ചത്. കേരളത്തിന്റെ പ്രവചനാതീതമായ കാലാവസ്ഥയില്‍ ഇത് സ്വീകാര്യമല്ലെന്നും ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയാക്കാന്‍ പാടില്ലെന്നും കേരളം വാദിച്ചു. 

2108-ല്‍ ഇതിനുമുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നപ്പോള്‍ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകള്‍ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസിലുണ്ട്. അന്ന് മുന്നറിയിപ്പ് പോലുമില്ലാതെ സ്പില്‍വേകള്‍ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങള്‍ ജില്ലാ ഭരണകൂടത്തെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറ്റമറ്റ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇരുകരകളിലും താമസിക്കുന്നവരെ മാറ്റി പാര്‍പിക്കുക മാത്രമല്ല, ആവശ്യത്തിന് ദുരിതാശ്വാസ ക്യാംപുകളും അധികൃതര്‍ തുറന്നിട്ടുണ്ട്.

വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് മുല്ലയാറിലെ തടസങ്ങള്‍ നീക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എസ്റ്റേറ്റുകളുടെ ഗേറ്റുകള്‍ എല്ലാം തുറന്നിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിലേജ്, താലൂക്, കലക്‌ട്രേറ്റില്‍ ജില്ലാതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എല്ലവിധ സുരക്ഷാ ഉപകരണങ്ങളോടുകൂടി ഫയര്‍ഫോഴ്‌സും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

Keywords:  News, Kerala, State, Idukki, Dam, Mullaperiyar Dam, Mullaperiyar, Technology, Finance, Business, Mullaperiyar dam opened; Red alert at Idukki dam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia