SWISS-TOWER 24/07/2023

Launch | 10 കോടി ചെലവില്‍ എംപിഐയുടെ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും; പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി ജെ ചിഞ്ചുറാണി

 
MPI Chicken Processing Unit to Begin Construction Soon
MPI Chicken Processing Unit to Begin Construction Soon

Photo Credit: Facebook / J Chinchu Rani

● പാല്‍, മുട്ട, ഇറച്ചി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം
● എംപിഐ ബ്രാന്‍ഡ് ഇറച്ചി ഉല്‍പ്പന്നങ്ങള്‍ക്കുള്ള സ്വീകാര്യത ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്  ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിലൂടെ നിരവധി പേര്‍ക്ക് തൊഴിലുറപ്പാക്കാന്‍ കഴിയും 

തിരുവനന്തപുരം: (KVARTHA) കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി  10 കോടി രൂപ ചെലവില്‍ കോഴിയിറച്ചി സംസ്‌കരണ യൂനിറ്റിന്റേയും മാലിന്യ സംസ്‌കരണത്തിനുള്ള ഡ്രൈ റെന്‍ഡറിംഗ് യൂനിറ്റിന്റേയും നിര്‍മ്മാണം മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ (എംപിഐ) മേല്‍നോട്ടത്തില്‍ ഉടന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. 

Aster mims 04/11/2022

പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളില്‍ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ മീറ്റ് സ് ആന്‍ഡ് ബൈറ്റ് സ് ഫ്രാഞ്ചൈസി ഔട്ട് ലെറ്റുകളുടെ സംസ്ഥാനതല ഉദ് ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാല്‍, മുട്ട, ഇറച്ചി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  ഇതിന്റെ ഭാഗമായി 32 കോടി രൂപ ചെലവില്‍ ഇടയാറില്‍ നിര്‍മ്മിച്ച പ്ലാന്റിലൂടെ ഏഴായിരത്തി എണ്ണൂറ് മെട്രിക് ടണ്‍ ഇറച്ചിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഏരൂരിലെ പ്ലാന്റില്‍ പ്രതിദിനം നാലു മെട്രിക് ടണ്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.  

തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന എംപിഐയെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിലൂടെ വികസനോന്‍മുഖ പദ്ധതികളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. എംപിഐ ബ്രാന്‍ഡ് ഇറച്ചി ഉല്‍പ്പന്നങ്ങള്‍ക്കുള്ള സ്വീകാര്യത ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്.  ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിലൂടെ നിരവധി പേര്‍ക്ക് തൊഴിലുറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. 

ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിച്ച് സംശുദ്ധവും സമ്പുഷ്ടവുമായ ഇറച്ചിയും ഇറച്ചി ഉല്‍പ്പന്നങ്ങളും അത്യാധുനിക സംവിധാനത്തില്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് ജനങ്ങള്‍ക്ക് വിതരണം നടത്തിവരുന്നുണ്ട്. ചടങ്ങില്‍ ഫ്രാഞ്ചൈസി സംരംഭകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും  മന്ത്രി വിതരണം ചെയ്തു.

ഫ്രോസണ്‍  ഇറച്ചി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ ഉപഭോക്താക്കളുടെ ആഗ്രഹവും  ഭക്ഷ്യാഭിരുചിയും കണക്കിലെടുത്ത് സുരക്ഷിതത്വമുറപ്പിച്ചുള്ള എംപിഐ ബ്രാന്‍ഡ് ചില്‍ഡ്/ ഫ്രഷ്  ഇറച്ചി സംസ്‌കരിച്ച് വിതരണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് മീറ്റ് സ് ആന്‍ഡ് ബൈറ്റ് സ് ഔട്ട് ലെറ്റുകള്‍ ആരംഭിക്കുന്നത്.  ആദ്യഘട്ടം സംരംഭക പദ്ധതി എന്ന നിലയില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ  250 ഫ്രാഞ്ചൈസി  ഔട്ട് ലെറ്റുകളാണ് ഉദ്ദേശിക്കുന്നത്. 

തുടര്‍ന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പിലാക്കും. ഇതിനകം രജിസ്റ്റര്‍ ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളതും പ്രവര്‍ത്തന സജ്ജവുമായ 30 എംപിഐ മീറ്റ് സ് ആന്‍ഡ് ബൈറ്റ് സ് ഫ്രാഞ്ചൈസി ഔട്ട് ലെറ്റുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നാലാം നൂറുദിന പരിപാടികളുടെ ഭാഗമായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ എംപിഐ ചെയര്‍മാന്‍ ഇകെ ശിവന്‍, എംഡി സലില്‍ കുട്ടി, ഡയറക്ടര്‍ കെ എസ് മോഹന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

#KeralaChicken #MPI #PoultryProcessing #KeralaGovernment #MeatIndustry #Franchise

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia