ഡ്രൈ ഫ്രൂട് ബിസിനസ് തട്ടിപ്പ് കേസ്; 'ഫ്രീഡം 251' എന്ന ഫോണുമായി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മോഹിത് ഗോയല്‍ വഞ്ചനാ കേസില്‍ അറസ്റ്റില്‍
Aug 26, 2021, 14:44 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.08.2021) 251 രൂപയ്ക്ക് ഫോണ്‍ എന്ന വാഗ്ദാനവുമായി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മോഹിത് ഗോയല്‍ വഞ്ചനാ കേസില്‍ അറസ്റ്റില്‍. ഡ്രൈ ഫ്രൂട് ബിസിനസ് തട്ടിപ്പ് കേസിലാണ് ഇയാളെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്ന് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 41 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതിനാണ് മോഹിതിനെ പിടികൂടിയത്.
ഇന്ദിരാപുരത്ത് കച്ചവടക്കാരനായ വികാസ് മിത്തലിന്റെ പരാതിയിലാണ് ഗോയലിനെതിരെ പൊലീസ് കേസെടുത്തത്. 41 ലക്ഷം രൂപ തട്ടിച്ചെന്നായിരുന്നു പരാതി. പണം തിരികെയാവശ്യപ്പെട്ട് വികാസ് ബന്ധപ്പെട്ടപ്പോള്‍ ഗോയല്‍ ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഓഗസ്റ്റ് 19 ന് മിത്തലിനെ ഗോയല്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പരിക്കുകളോടെ മിത്തല്‍ രക്ഷപ്പെടുവെന്നും പരാതിയില്‍ പറയുന്നു.
റിങിങ് ബെല്‍സ് എന്ന കമ്പനി സ്ഥാപിച്ചാണ് 2017-ല്‍ 251 രൂപയ്ക്ക് ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗോയല്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഫ്രീഡം 251 എന്നായിരുന്നു ഫോണിന് നല്‍കിയ പേര്. ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഓഫെര്‍. 30000ത്തിലേറെ പേരാണ് ഫോണിന് വേണ്ടി ബുക് ചെയ്തത്. എന്നാല്‍ ഇവരില്‍ ഏറെ പേര്‍ക്കും ഫോണ്‍ കിട്ടിയിരുന്നില്ല.
പണം നല്‍കിയവര്‍ ഫോണ്‍ ലഭിച്ചില്ലെന്ന് പരാതിപ്പെട്ടതോടെ 2017 ല്‍ ഇയാളെ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ബുക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2018 ല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലും ഇയാള്‍ പിടിയിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.