Diplomatic Failure | അമേരിക്കയിൽ ഓടിയെത്തി വണങ്ങി, ഇറക്കുമതി ചുങ്കത്തിൽ ട്രംപിൻ്റെ പ്രഹരമേറ്റുവാങ്ങിയ മോദിയുടെ വിദേശനയം നയതന്ത്ര വീഴ്ചയോ?

 
 India US Trade Tariffs, Modi and Trump, Diplomatic Struggle
 India US Trade Tariffs, Modi and Trump, Diplomatic Struggle

Image Credit: X/ Narendra Modi

● അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ 100% നികുതി ചുമത്തുന്നു.
● ഏപ്രിൽ 2 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.
● ഇന്ത്യ - അമേരിക്ക വ്യാപാര ബന്ധത്തിന് പുതിയ വെല്ലുവിളികൾ

ഭാമനാവത്ത്


(KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ്ഹൗസ് സന്ദർശിച്ചിട്ടും ഇന്ത്യക്കെതിരെ അമേരിക്കയുടെ ഒളിയുദ്ധങ്ങൾ തുടരുമെന്നാണ് പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസ്താവനകൾ വെളിപ്പെടുത്തുന്നത്. മോദിയുടെ നയതന്ത്ര മികവ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണെങ്കിലും അതൊന്നും ഇന്ത്യയുടെ വാണിജ്യപരമായ താൽപര്യങ്ങൾക്ക് അനുകൂലമായിട്ടില്ല. വാണിജ്യരംഗത്ത് ഏറ്റവും കൂടുതൽ വിനിമയങ്ങൾ നടക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും ഇന്ത്യയും. 

അധിനിവേശ നിലപാടുകളിൽ എതിർപ്പുണ്ടെങ്കിലും ചൈനയും ലോക വാണിജ്യ രംഗത്ത് മുൻനിരയിലാണ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അമിതമായി ഇന്ത്യ നികുതി ചുമത്തുന്നുവെന്ന പരാതി നേരത്തെ അമേരിക്കൻ വ്യവസായ ഭീമൻമാർ ഉയർത്തുന്നതാണ്. ഈയൊരു വിഷയത്തിലാണ് ട്രംപ് ഇപ്പോൾ ഇടപെട്ടിരിക്കുന്നത്. ഇന്ത്യക്ക് എതിരെ നൂറ് ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അസന്നിഗ്ദ്ധമായി പറഞ്ഞിരിക്കുകയാണ്. 

നിലവില്‍ ഇന്ത്യ അമേരിക്കയ്ക്ക് നൂറ് ശതമാനമാണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്,‌ അംഗീകരിക്കാനാവില്ല. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാലാണ് ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും ട്രംപ് വ്യക്തമാക്കി. 

അമേരിക്കയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗമില്ലെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമേയുള്ളൂവെന്ന് ട്രംപ് നിലപാട് കടുപ്പിച്ചു. 'അമേരിക്ക തിരിച്ചുവന്നു' എന്ന ‌വാചകത്തോടെ പ്രസം​ഗം തുടങ്ങിയ ട്രംപ് മറ്റ് സർ‌ക്കാരുകൾ വർഷങ്ങൾ എടുത്ത് ചെയ്ത കാര്യങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ 43 ദിവസം കൊണ്ട് തങ്ങൾ ചെയ്തു തീർത്തുവെന്നും പറഞ്ഞു. സർക്കാർ തലത്തിലുളള എല്ലാ സെൻസർഷിപ്പുകളും അവസാനിച്ചു, ആശയാവിഷ്കാര സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവെന്നും ട്രംപ് വ്യക്തമാക്കി.

മുട്ടവില നിയന്ത്രണാതീതമാണെന്നും ആളുകൾക്ക് താങ്ങാനാവുന്ന വിലയിലേക്ക് കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി. കർഷകർക്കായി പുതിയ വ്യാപാര നയം കൊണ്ടുവരും. ​ഗുണനിലവാരമില്ലാത്ത പല ഉത്പന്നങ്ങളും അമേരിക്കയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്നുണ്ട്. ഇത് കർഷകരെ ദ്രോഹിക്കുന്നതിന് തുല്യമാണ്. ഏപ്രിൽ രണ്ടിന് നിലവിൽ വരുന്ന പല താരിഫുകളും കാർഷിക ഉത്പന്നങ്ങളെ ലക്ഷ്യമിട്ടുളളതാണ്. വിവിധ വിഭാ​ഗം ജീവനക്കാർക്കുളള ടിപ്പുകൾ, ഓവർടൈം, മുതിർന്നവർക്കുളള സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്കുളള നികുതി കുറച്ചുവെന്നും ട്രംപ് പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ അമേരിക്കയ്ക്ക് എതിരെ കൂടുതൽ തീരുവയാണ് ചുമത്തുന്നത്. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് നൽകിയ ഇളവ് നിർത്തുകയാണെന്നും ട്രംപ് പറഞ്ഞു. ആയിരക്കണക്കിന് അമേരിക്കകാരുടെ ജീവനെടുത്ത ഫെന്റനൈൽ ലഹരി മരുന്ന് ഈ രാജ്യങ്ങളിൽ നിന്നാണ് വരുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ 25 ശതമാനം ഇറക്കുമതി ചുങ്കമാണ് ചുമത്തിയിട്ടുളളത്. ഇത് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ചൈനയിൽ നിന്നുളള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ പത്ത് ശതമാനം തീരുവ 20 ശതമാനമായി ഉയർത്തുകയും ചെയ്തു.

ട്രംപിൻ്റെ കടുത്ത തീരുമാനങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര പരാജയങ്ങളായാണ് വിലയിരുത്തപ്പെട്ടത്. അമേരിക്കയുടെ നല്ല സുഹൃത്തെന്ന് അറിയപ്പെടുന്ന ഇന്ത്യയ്ക്ക് വ്യാപാര തീരുവയിൽ ഇളവ് അനുവദിക്കാൻ ട്രംപ് ഭരണകൂടം തയാറാവാത്തത് നയതന്ത്ര വീഴ്ചയാണെന്ന് വിലയിരുത്തിയാൽ തെറ്റ് പറയാൻ കഴിയില്ല. വികസിത രാജ്യമായ ചൈന ലോകത്തെ ഏറ്റവും വലിയ വാണിജ്യ ശക്തി കൂടിയാണ്. ചൈനീസ് ഉൽപന്നങ്ങളാണ് ലോക വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്. 

വികസനത്തിൻ്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒട്ടേറെ പ്രോത്സാഹനങ്ങളും ചേർത്തു നിർത്തലും ലോക രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇതിനിടെയാണ് അമേരിക്ക നൽകുന്ന കനത്ത പ്രഹരം. ഇന്ത്യൻ വിദേശനയം വൻകിട രാജ്യങ്ങളെ പ്രീണിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇപ്പോൾ അനുഭവിക്കുന്ന ദുരന്തം. ചേരിചേരാനയത്തിലൂടെ അന്തസ് ഉയർത്തിപ്പിടിച്ച ഒരു രാജ്യം അമേരിക്കയ്ക്ക് മുൻപിൽ തലകുനിക്കാൻ പാടില്ല.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Prime Minister Modi's foreign policy struggles are evident as Trump imposes heavy tariffs on India, challenging the diplomatic strength of India’s trade relations.


#Modi #Trump #ForeignPolicy #IndiaUSRelations #Tariffs #TradeRelations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia