വ്യാപാരത്തിന് തടസമാകുന്നു: സിഗരറ്റ് ലൈറ്ററുകളുടെ ഇറക്കുമതി നിരോധിക്കണമെന്ന് തീപ്പെട്ടി നിര്‍മാതാക്കള്‍

 


തൂത്തുക്കുടി: (www.kvartha.com 17.04.2022) സിഗരറ്റ് ലൈറ്ററുകളുടെ ഇറക്കുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടിയിലെ തീപ്പെട്ടി നിര്‍മാതാക്കള്‍ കേന്ദ്രമന്ത്രിയെ സമീപിച്ചു. സിഗരറ്റ് ലൈറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നത് തീപ്പെട്ടി വ്യാപാരികളുടെ നിലനില്‍പിന് തന്നെ ഭീഷണിയാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

അതുകൊണ്ടുതന്നെ സിഗരറ്റ് ലൈറ്റര്‍ നിരോധിക്കാനും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനും നടപടിയെടുക്കണമെന്ന് നിര്‍മാതാക്കള്‍ വിരുദു നഗറിലെത്തിയ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ഡോ. എല്‍ മുരുകനുമായുള്ള കൂടിക്കാഴ്ചയില്‍ അഭ്യര്‍ഥിച്ചു.

തമിഴ്നാട്ടിലെ വിരുദുനഗര്‍, തൂത്തുക്കുടി, തിരുനെല്‍വേലി, വെല്ലൂര്‍ ജില്ലകളിലെ ഗ്രാമീണരുടെ പ്രധാന വരുമാനമാര്‍ഗമാണ് തീപ്പെട്ടി ഫാക്ടറികള്‍. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. അവരില്‍ 90% വും സ്ത്രീകളാണ്. കഴിഞ്ഞ 80 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യവസായം, സമീപ വര്‍ഷങ്ങളില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ ക്രമാതീതമായ വര്‍ധനയെ തുടര്‍ന്ന് ഭീഷണിയുടെ വക്കിലാണ്.

തമിഴ്നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന തീപ്പെട്ടികള്‍ ആഭ്യന്തര വിപണിയില്‍ 90% വും അന്താരാഷ്ട്ര വിപണിയില്‍ 40% വിറ്റഴിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അസംസ്‌കൃത വസ്തുക്കളുടെയും സ്പിന്നിംഗ് - ഇന്ധന- ഗതാഗത ടോള്‍ വിലകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ തീപ്പെട്ടി നിര്‍മാതാക്കള്‍ ഓരോ ബോക്സിന്റെയും പരമാവധി വില രണ്ടുരൂപയായി ഉയര്‍ത്തിയിരുന്നു. 14 വര്‍ഷത്തിന് ശേഷമാണ് ഈ വര്‍ധനവ്. വില വര്‍ധിച്ചെങ്കിലും വ്യവസായം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. സിഗരറ്റ് ലൈറ്ററുകളുടെ ഇറക്കുമതി ആഭ്യന്തര, റീടെയില്‍ വിപണികളിലെ തീപ്പെട്ടി വില്‍പനയെ കാര്യമായി ബാധിച്ചതായും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളം സിഗരറ്റ് വലിക്കുന്നവരാണ് പ്രധാനമായും തീപ്പെട്ടികള്‍ വാങ്ങുന്നതെന്ന് നാഷനല്‍ സ്‌മോള്‍ മാച് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം പരമശിവം പറഞ്ഞു. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍ വിപണിയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന പോകറ്റ് ലൈറ്ററുകള്‍, ഗാസ് ലൈറ്ററുകള്‍, റീഫില്‍ ചെയ്യാവുന്ന ലൈറ്ററുകള്‍ എന്നിവ തീപ്പെട്ടി വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോകറ്റ് ലൈറ്ററുകള്‍, ഗാസ് ലൈറ്ററുകള്‍, റീഫില്‍ ചെയ്യാവുന്ന ലൈറ്ററുകള്‍ എന്നിവ നയ രഹിത ചരക്കുകളും നിയമപരമായി ഇറക്കുമതി ചെയ്യുന്നവയുമാണ്. ഇത് പ്രധാനമായും ചൈനയില്‍ നിന്നും മുംബൈയിലെ നവാ ഷെവ തുറമുഖത്ത് നിന്നും ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണെന്ന് കസ്റ്റംസ് ഏജന്റ് ബി എം അഹ് മദ് ജാന്‍ പറയുന്നു.

പെട്ടിക്കടകളിലും കഫറ്റീരിയകളിലും സിഗരറ്റ് ലൈറ്ററുകള്‍ എത്തിയതോടെ ആഭ്യന്തരമായി നിര്‍മിച്ച തീപ്പെട്ടികള്‍ക്ക് വിപണിയില്‍ കടുത്ത മത്സരം തന്നെ നേരിടേണ്ടി വരുമെന്നും തീപ്പെട്ടി ഫാക്ടറി ഉടമ കതിരവന്‍ പറഞ്ഞു. സിഗരറ്റ് ലൈറ്ററുകളുടെ വരവ് തീപ്പെട്ടികളുടെ നിലനില്‍പിനെ തന്നെ ബാധിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ലൈറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നത് സംസ്ഥാന സര്‍കാരും കേന്ദ്ര സര്‍കാരും പരിശോധിച്ച് തീപ്പെട്ടി ഫാക്ടറികളുടെ ബിസിനസിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കി അവ നിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഗരറ്റ് ലൈറ്ററുകള്‍ രാജ്യത്ത് നിരോധിക്കണമെന്നും തീപ്പെട്ടി ഫാക്ടറികളുടെ ആഭ്യന്തര വിപണിക്ക് നേട്ടമുണ്ടാക്കാന്‍ ലൈറ്ററുകളുടെ അനധികൃത ഇറക്കുമതി പരിശോധിക്കണമെന്നും കോവില്‍പട്ടി എംഎല്‍എ കടമ്പൂര്‍ സി രാജുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.

സിഗരറ്റ് ലൈറ്ററുകള്‍ കൂടാതെ, പൊടാസ്യം ക്ലോറേറ്റ്, കാര്‍ഡ് ബോര്‍ഡ്, മെഴുക് എന്നിവയുടെ വിലയും നിയന്ത്രിക്കേണ്ടതുണ്ട്. എഐഎഡിഎംകെ ഭരണകാലത്ത്, ജിഎസ്ടി സ്ലാബ് 18% ല്‍ നിന്ന് 12% ആയി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍കാര്‍ കേന്ദ്ര സര്‍കാരിനോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

വ്യാപാരത്തിന് തടസമാകുന്നു: സിഗരറ്റ് ലൈറ്ററുകളുടെ ഇറക്കുമതി നിരോധിക്കണമെന്ന് തീപ്പെട്ടി നിര്‍മാതാക്കള്‍

Keywords:  Matchbox manufacturers in Thoothukudi seek ban on import of cigarette lighters, Chennai, News, Business, Meeting, Minister, Threatened, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia