Lucky Break | ഭാഗ്യശാലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും 2 മാസത്തിനിടെ 2 ബംപര്‍ ലോട്ടറി അടിച്ച സന്തോഷത്തില്‍ ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറി ഏജന്‍സി ഉടമകളായ ഈ സഹോദരങ്ങള്‍


● മൈസൂരു സ്വദേശികളാണ് ഈ സഹോദരങ്ങള്‍
● 15 വര്‍ഷം മുമ്പാണ് ബത്തേരിയില്‍ എത്തിയത്
● അഞ്ചുവര്‍ഷം മുന്‍പാണ് സ്വന്തമായി കട തുടങ്ങിയത്
വയനാട്: (KVARTHA) ഫലം അറിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതുവരെ ഓണം ബംപറായ 25 കോടി രൂപ അടിച്ച ആ ഭാഗ്യശാലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടു മാസത്തിനിടെ രണ്ടു ബംപര്‍ ലോട്ടറി അടിച്ച സന്തോഷത്തിലാണ് ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറി ഏജന്‍സി ഉടമകളും സഹോദരങ്ങളുമായ നാഗരാജും മഞ്ജുനാഥും.
ഗാന്ധി ജംക്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ലോട്ടറിക്കടയില്‍ വിറ്റ ലോട്ടറിക്കാണ് ഇത്തവണ ഓണം ബംപറായ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുന്‍പും ഇതേ കടയില്‍ നിന്നു വിറ്റ വിന്‍ വിന്‍ ലോട്ടറിക്കായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്.
സമ്മാനം തങ്ങള്‍ വിറ്റ ലോട്ടറിക്കാണെന്ന് തിരിച്ചറിഞ്ഞതോടെ ഫുള്‍ ഹാപ്പിയെന്നായിരുന്നു നാഗരാജിന്റെ പ്രതികരണം. വിറച്ചിട്ട് സംസാരിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ നാഗരാജ് സ്വര്‍ഗത്തില്‍ പോയി തിരിച്ചുവന്നതു പോലെയുണ്ടെന്നും പ്രതികരിച്ചു. രണ്ടു മാസം മുന്‍പ് തന്നെ ലോട്ടറി വില്‍പന തുടങ്ങിയതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് അറിയില്ല. നിരവധി ആളുകള്‍ ടിക്കറ്റെടുക്കാന്‍ എത്താറുണ്ട്. പനമരത്തെ ഹോള്‍സെയില്‍ കടയായ എസ് ജെ ലക്കി സെന്ററില്‍ നിന്നാണ് സമ്മാനര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നും നാഗരാജ് പറഞ്ഞു.
കര്‍ണാടക, തമിഴ് നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ ബത്തേരിയില്‍ നിന്നു മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവരും ലോട്ടറി എടുക്കാറുണ്ട്. തമിഴ് നാട്ടിലെ ഗൂഡല്ലൂര്‍ അടക്കം മലയാളികള്‍ ഏറെ താമസിക്കുന്ന സ്ഥലത്തുനിന്നും ധാരാളം പേര്‍ ബത്തേരിയില്‍ നിന്നു ടിക്കറ്റ് എടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ലോട്ടറി അടിച്ചത് ചിലപ്പോള്‍ അന്യസംസ്ഥാനത്തുള്ളവര്‍ക്കുമാകാം. ഉരുള്‍പൊട്ടല്‍ ദുരന്തവാര്‍ത്തകള്‍ മാത്രം വന്നുകൊണ്ടിരുന്ന വയനാട്ടിലേക്ക് ഇത്തവണ ഭാഗ്യദേവത എത്തിയതില്‍ വയനാട്ടുകാരും ഏറെ സന്തോഷത്തിലാണ്.
മൈസൂരു സ്വദേശികളാണ് ഈ സഹോദരങ്ങള്‍. 15 വര്‍ഷം മുമ്പാണ് ബത്തേരിയില്‍ എത്തിയത്. ഹോട്ടലിലും മറ്റുമാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ലോട്ടറി നടന്നു വില്‍ക്കാന്‍ തുടങ്ങി. അഞ്ചുവര്‍ഷം മുന്‍പാണ് സ്വന്തമായി കട തുടങ്ങിയത്. നിലവില്‍ ബത്തേരിയിലെ കുപ്പാടിയില്‍ കുടുംബവുമൊത്ത് താമസിക്കുകയാണ്.
#Lottery #OnamBumper #KeralaLottery #Wayanad #Winners #Bumper