കുടുംബശ്രീക്ക് ഇനി ഓൺലൈൻ ചിറകുകൾ; സൊമാറ്റോയുമായി കൈകോർക്കുന്നു


● തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളാണ് ഉൾപ്പെടുന്നത്.
● കഫേ കുടുംബശ്രീ റെസ്റ്റോറന്റുകൾ, ജനകീയ ഹോട്ടലുകൾ എന്നിവയും ഉണ്ടാകും.
● സംരംഭകർക്ക് പുതിയ വിപണിയും വരുമാനവും ലഭിക്കും.
● ഓൺലൈൻ ഡെലിവറിക്ക് കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും.
തിരുവനന്തപുരം: (KVARTHA) കുടുംബശ്രീയുടെ വനിതാ സംരംഭകർ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യവിഭവങ്ങൾ ഇനി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ വഴി ലഭ്യമാകും.
ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകൾ, കാന്റീനുകൾ, ജനകീയ ഹോട്ടലുകൾ, കാറ്ററിങ് സർവീസ് യൂണിറ്റുകൾ എന്നിവയാണ് സൊമാറ്റോയിൽ ഉൾപ്പെടുത്തുക.

ഇതിനുള്ള ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശനും സൊമാറ്റോ കേരള പ്രോഗ്രാം മാനേജർ അൽ അമീനും ചേർന്ന് ഒപ്പുവെച്ചു. തിരുവനന്തപുരം ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സന്നിഹിതനായിരുന്നു.
സൊമാറ്റോയുമായുള്ള ഈ സഹകരണം കുടുംബശ്രീ സംരംഭങ്ങൾക്ക് പുതിയൊരു വിപണി തുറന്നുകൊടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതുവഴി കുടുംബശ്രീ യൂണിറ്റുകൾക്ക് കൂടുതൽ വരുമാനം നേടാനും അവരുടെ ഉത്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിക്കും.
കുടുംബശ്രീ നൽകിയ പട്ടിക അനുസരിച്ച് സൊമാറ്റോയുടെ പ്രതിനിധികൾ നേരിട്ടെത്തി ഹോട്ടലുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് അവയെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഒരിക്കൽ ഓൺബോർഡ് ചെയ്താൽ ഈ റെസ്റ്റോറന്റുകൾക്ക് സൊമാറ്റോയുടെ മർച്ചന്റ് ഡാഷ്‌ബോർഡിലേക്ക് പ്രവേശിക്കാൻ സാധിക്കും.
സൊമാറ്റോയിൽ ഉൾപ്പെടുത്തുന്ന എല്ലാ കുടുംബശ്രീ യൂണിറ്റുകളിലെയും അംഗങ്ങൾക്ക് ഓൺലൈൻ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകും. ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കുന്നത്, ഭക്ഷണം പാക്ക് ചെയ്യുന്നത്, ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകുക.
ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, അസിസ്റ്റൻ്റ് സെക്രട്ടറി ജോണ്‍ വി. സാമുവല്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍. സി, പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണ കുമാര്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ്. ജി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ മുഹമ്മദ് ഷാന്‍ എസ്.എസ്, സുചിത്ര. എസ്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ അഖിലേഷ് എ, അഞ്ജിമ സുരേന്ദ്രന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ നവജിത്, സൊമാറ്റോ പ്രതിനിധികളായ രവിശങ്കര്‍ (അക്വിസിഷന്‍ കീ അക്കൗണ്ട്‌സ് മാനേജര്‍), ചാള്‍സ് (ഫീല്‍ഡ് ഓപ്പറേഷന്‍സ് മാനേജര്‍) എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീ ഉത്പന്നങ്ങൾ സൊമാറ്റോയിൽ ലഭിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Kudumbashree food products to be available on Zomato.
#Kudumbashree #Zomato #Kerala #FoodDelivery #KudumbashreeProducts #KeralaNews