'കെഎസ്ആർടിസിക്ക് ഇനി ബസുകൾ സ്പോൺസർ ചെയ്യാം'; പുതിയ പദ്ധതി ക്ലച്ച് പിടിക്കണം; കൊറിയർ സേവനവും വിപുലീകരിച്ചു
ADVERTISEMENT
● ഒൻപത് മീറ്റർ മുതൽ 15 മീറ്റർ വരെ നീളമുള്ള വിവിധ പ്രീമിയം, എസി, സൂപ്പർഫാസ്റ്റ് ബസുകളാണ് സ്പോൺസർഷിപ്പിലൂടെ സ്വീകരിക്കുന്നത്
● സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരോ ബ്രാൻഡോ ബസുകളിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും
● ബസുകളുടെ പൂർണ നിയന്ത്രണം കെഎസ്ആർടിസിക്കായിരിക്കുമെന്ന് കോർപറേഷന്റെ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു
● ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം വിപുലീകരിച്ചു
പാലക്കാട്: (KVARTHA) പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലകളിലടക്കം യാത്രാസൗകര്യം വർധിപ്പിക്കാനുമായി ബസുകൾ സ്വീകരിക്കാൻ സ്പോൺസർഷിപ്പ് പദ്ധതിയുമായി കെഎസ്ആർടിസി. വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കോർപറേഷൻ സ്പോൺസർഷിപ്പ് തേടുന്നുണ്ട്. ഇതിനുള്ള മാർഗനിർദേശം കോർപറേഷൻ പുറപ്പെടുവിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ എന്നിവർക്കു പുറമേ സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും കെഎസ്ആർടിസിക്ക് ബസുകൾ നൽകാൻ അവസരമുണ്ട്. ഒൻപത് മീറ്റർ മുതൽ 15 മീറ്റർ വരെ നീളമുള്ള എസി പ്രീമിയം ബസുകൾ, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ വാഹനങ്ങളാണ് പദ്ധതി വഴി സ്വീകരിക്കുക.
സ്പോൺസർമാർക്കുള്ള ആനുകൂല്യങ്ങൾ
വാഹനങ്ങൾ വാങ്ങി നൽകുകയോ തുക കോർപറേഷന് കൈമാറുകയോ ചെയ്യാം. സ്പോൺസർ ചെയ്യുന്ന സ്ഥാപനത്തിൻ്റെയോ സംഘടനയുടെയോ പേരോ ബ്രാൻഡോ നിശ്ചിത മാർഗനിർദേശങ്ങൾക്ക് വിധേയമായി ബസുകളിൽ പ്രദർശിപ്പിക്കാനും പരസ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും അവർക്ക് അവസരം നൽകും. എന്നാൽ സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകളുടെ പൂർണ നിയന്ത്രണം കെഎസ്ആർടിസിക്കായിരിക്കുമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
കൊറിയർ സേവനം വിപുലീകരിച്ചു
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി റെയിൽവേ മാതൃകയിൽ കെഎസ്ആർടിസി തുടങ്ങിയ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനവും കൂടുതൽ വിപുലീകരിച്ചു. രേഖകൾ ഉൾപ്പെടെയുള്ളവ സുരക്ഷിതമായും വേഗത്തിലും ഇനി കൈമാറാം. സംസ്ഥാനത്ത് 23 ഡിപ്പോകളിലാണ് നിലവിൽ സർവീസുള്ളത്.
തിരുവനന്തപുരം സെൻട്രലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൻ്ററുണ്ട്. മറ്റു സ്ഥലങ്ങളിൽ പകലാണ് പ്രവർത്തനം. ആലപ്പുഴ ജില്ലയിൽ ആലപ്പുഴ, കായംകുളം ഡിപ്പോകളിൽ സേവനം ലഭ്യമാണ്. കൂടുതൽ ഡിപ്പോകളിൽ ഉടൻ കൊറിയർ സർവീസ് തുടങ്ങാനാണ് അധികൃതരുടെ ശ്രമം.
കൂടുതൽ വരുമാനം ലക്ഷ്യം
പദ്ധതിയിലൂടെ കോർപറേഷന് കൂടുതൽ വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷ. സ്ഥാപനങ്ങൾക്കും ഓൺലൈൻ വ്യാപാരികൾ, ചെറുകിട സംരംഭകർ, വിദ്യാർഥികൾ തുടങ്ങിയവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. കൊറിയർ സർവീസ് നാളുകളായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അടുത്തിടെയാണ് സേവനം കൂടുതൽ വിപുലീകരിച്ചത്.
കൊറിയർ കൗണ്ടറുള്ള ഡിപ്പോകളിൽ നിന്ന് പാഴ്സൽ ബുക്ക് ചെയ്യുന്നതിനും നിരക്ക്, റൂട്ട്, എത്തുന്ന സമയം തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനും സൗകര്യമുണ്ട്. ദൂരത്തിൻ്റെയും തൂക്കത്തിൻ്റെയും അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുന്നത്. ആലപ്പുഴയിൽ വാണിജ്യ മേഖലയിലും ജനങ്ങൾക്കിടയിലും കൊറിയർ സർവീസിനു കൂടുതൽ സ്വീകാര്യത നേടാനുള്ള ശ്രമത്തിലാണ് അധികൃതർ. കെഎസ്ആർടിസി സർവീസുള്ള മേഖലകളിൽ സാധനങ്ങൾ എളുപ്പത്തിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ സംസ്ഥാന വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം. 💬
Article Summary: KSRTC introduces a new bus sponsorship scheme and expands its courier services across Kerala.
#Kvartha #KSRTC #KeralaTransport #BusSponsorship #KSRTCCourier #KeralaNews #MalayalamNews #PublicTransport
