Announcement | നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള ശൈത്യകാല സര്‍വീസുകളുടെ പട്ടിക പുറത്തിറക്കി

 
Kochi Airport Winter Schedule: More Flights, New Destinations
Kochi Airport Winter Schedule: More Flights, New Destinations

Photo Credit: Facebook / Cochin International Airport Limited (CIAL)

● പുതിയ പട്ടികയില്‍ ഇത് 1576 പ്രതിവാര സര്‍വീസുകളാവും. 
● കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പ്രതിവാരം 15 സര്‍വീസ് ഉണ്ടാകും 
● രാജ്യാന്തര സെക്ടറില്‍ 26, ആഭ്യന്തര സെക്ടറില്‍ 7 എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്

കൊച്ചി: (KVARTHA) നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള ശൈത്യകാല വിമാന സര്‍വീസുകളുടെ പട്ടിക പുറത്തിറക്കി. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ നിലവിലുള്ള വേനല്‍ക്കാല പട്ടികയില്‍ ആകെ 1480 സര്‍വീസുകളാണുള്ളത്. പുതിയ പട്ടികയില്‍ ഇത് 1576 പ്രതിവാര സര്‍വീസുകളാവും. 

തായ് എയര്‍വേസ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്കുള്ള പ്രീമിയം സര്‍വീസുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ധിപ്പിച്ചു.  ഇതോടെ കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പ്രതിവാരം 15 സര്‍വീസ് ഉണ്ടാകും. തായ് എയര്‍ ഏഷ്യ, തായ് ലയണ്‍ എയര്‍ എന്നീ സര്‍വീസുകള്‍ ഉള്‍പ്പെടെയാണിത്. കൂടാതെ, വിയറ്റ് ജെറ്റ് വിയറ്റ് നാമിലേക്ക് പ്രതിദിന സര്‍വീസുകള്‍ തുടങ്ങും.

രാജ്യാന്തര സെക്ടറില്‍ 26, ആഭ്യന്തര സെക്ടറില്‍ 7 എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറില്‍ ഏറ്റവുമധികം സര്‍വീസ് നടത്തുന്നത് അബൂദബിയിലേക്കാണ്- 67 പ്രതിവാര സര്‍വീസുകളാണ് ഇവിടേക്ക് നടത്തുന്നത്. 

ദുബൈയിലേക്ക് 46 സര്‍വീസുകളും ദോഹയിലേക്ക് 31 സര്‍വീസുകളും ഉണ്ട്. പുതിയ ശൈത്യകാല സമയക്രമമനുസരിച്ച് യുഎഇയിലേക്കുള്ള മൊത്തം പ്രതിവാര സര്‍വീസുകളുടെ എണ്ണം 134 ആണ്. രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 51 ഓപ്പറേഷനുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് പട്ടികയില്‍ ഒന്നാമത്. 

ഇത്തിഹാദ്- 28, എയര്‍ അറേബ്യ അബൂദബി- 28, എയര്‍ ഏഷ്യ- 18, എയര്‍ ഇന്ത്യ- 17, എയര്‍ അറേബ്യ, ആകാശ, എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് - 14 വീതം എന്നിവരാണ് മറ്റ് പ്രമുഖ എയര്‍ലൈനുകള്‍. 


ആഭ്യന്തര സെക്ടറില്‍ ബെംഗളൂരു- 112, മുംബൈ- 75, ഡെല്‍ഹി- 63, ചെന്നൈ- 61, ഹൈദരാബാദ് - 52, അഗത്തി - 15, അഹമ്മദാബാദ്, കൊല്‍ക്കത്ത 14 വീതം, പുണെ- 13, കോഴിക്കോട്, ഗോവ, കണ്ണൂര്‍, തിരുവനന്തപുരം 7 വീതം, സേലം 5 സര്‍വീസുകളുമാണ് സിയാല്‍ ശൈത്യകാല സമയക്രമത്തില്‍ പ്രവര്‍ത്തിക്കുക. 

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബെംഗളൂരു 10, ചെന്നൈ 7, പുണെ 6, ഹൈദരാബാദ്  5 എന്നിങ്ങനെ അധിക സര്‍വീസ് നടത്തും. അഹമ്മദാബാദിലേക്ക് ആകാശ എയര്‍ പ്രതിദിന അധിക വിമാന സര്‍വീസുകള്‍ നടത്തും. രാജ്യാന്തര- ആഭ്യന്തര മേഖലയില്‍ ആഴ്ചയില്‍ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി ക്ലബില്‍ പ്രവേശിച്ച സിയാല്‍, ഒരു കലണ്ടര്‍ വര്‍ഷത്തിലും സാമ്പത്തിക വര്‍ഷത്തിലും 10 ദശലക്ഷം യാത്രക്കാര്‍ എത്തിച്ചേര്‍ന്ന കേരളത്തിലെ ഏക വിമാനത്താവളമായി മാറിയിരിക്കയാണ്. ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനി ശ്രമിക്കുകയാണെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. യാത്രക്കാരുടെ വര്‍ധന കണക്കിലെടുത്ത് സിയാല്‍ അതിന്റെ രാജ്യാന്തര ടെര്‍മിനല്‍ (ടി 3) വികസനം നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

#CochinAirport #WinterSchedule #NewRoutes #Travel #Kerala #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia