പട്ടിണിയില്ലെന്നേയുള്ളു, ജനങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍; കോവിഡിലെ ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് കെകെ ശൈലജ
Jul 30, 2021, 15:16 IST
തിരുവനന്തപുരം: (www.kvartha.com 30.07.2021) കോവിഡിനെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് കെ കെ ശൈലജ എം എല്‍ എ. ചെറുകിട ഇടത്തരം വ്യവസായ, വ്യാപാര മേഖലയിലുള്ളവരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍കാര്‍ അടിയന്തരമായി ഇടപെടണം. ലൈറ്റ് ആന്‍ഡ് സൗന്‍ഡ് മേഖലയിലെ ജീവനക്കാര്‍ പട്ടിണിയിലാണ് -അവര്‍ പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രത്യേക പാകേജ് പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു കെ കെ ശൈലജയുടെ പ്രസംഗം.
കോവിഡ് പ്രതിസന്ധിയില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹായം ചെയ്യുമ്പോഴും അവരെ ഇനിയും സഹായിക്കേണ്ടതുണ്ട് എന്നാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇടപെടലുണ്ടാവണം. പരമ്പരാഗത തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തൊഴിലാളികളും ദുരിതത്തിലാണെന്ന് കെ കെ ശൈലജ പറഞ്ഞു
സര്‍കാര്‍ കിറ്റ് ഉള്‍പെടെ നല്‍കുന്നത് കൊണ്ട് തൊഴിലാളികള്‍ക്ക് പട്ടിണിയില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്നുണ്ട്. എങ്കിലും ബാങ്ക് വായ്പകളും കുട്ടികളുടെ പഠനചെലവും കണ്ടെത്താന്‍ പലരും ബുദ്ധിമുട്ടുകയാണ്. ക്ഷേമനിധികളില്‍ നിന്ന് പലര്‍ക്കും 1000 രൂപ സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് കെ കെ ശൈലജ അറിയിച്ചു.
തൊഴിലാളികള്‍ക്കായി പ്രത്യേക പാകേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, കുറഞ്ഞ പലിശയിലുള്ള വായ്പയോ തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു.
എന്നാല്‍ ഗൗരവമായ പ്രശ്നമാണ് കെ കെ ശൈലജ ഉയര്‍ത്തിയതെന്നും ഖാദി മേഖലയിലും കശുവണ്ടി, ബീഡി തൊഴിലാളി മേഖലയിലും സഹായം നല്‍കിയെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി നല്‍കി. വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണെന്നും പി രാജീവ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.