'കിസ് കാം' വിവാദം: ആസ്‌ട്രോണമർ സിഇഒയ്ക്ക് പിന്നാലെ വനിതാ ജീവനക്കാരിയും പുറത്ത്


● ഇരുവരും ആലിംഗനം ചെയ്യുന്നത് ലൈവ് ക്യാമറയിൽ പതിഞ്ഞിരുന്നു.
● ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.
● വിവാഹേതര ബന്ധ ആരോപണങ്ങളെ തുടർന്നാണ് ഇരുവരും പുറത്തായത്.
● ആൻഡി ബൈറണിന്റെ കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായി.
കാലിഫോർണിയ: (KVARTHA) കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെയുണ്ടായ 'കിസ് കാം' വിവാദങ്ങളെത്തുടർന്ന് ആസ്ട്രോണമർ കമ്പനിയിലെ ചീഫ് പീപ്പിൾ ഓഫീസർ ക്രിസ്റ്റിൻ കാബോട്ട് രാജിവെച്ചു. വിവാദങ്ങൾക്ക് പിന്നാലെ കമ്പനി സിഇഒ ആൻഡി ബൈറൺ നേരത്തെ രാജിവെച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപ് യുഎസിലെ ബോസ്റ്റണിൽ നടന്ന കോൾഡ് പ്ലേ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. ആൻഡി ബൈറണും സഹപ്രവർത്തക ക്രിസ്റ്റിൻ കാബോട്ടും ആലിംഗനം ചെയ്ത് പരിപാടി ആസ്വദിക്കുന്നത് ലൈവ് ക്യാമറയിൽ പതിഞ്ഞു. വലിയ സ്ക്രീനിൽ തങ്ങളുടെ മുഖം കണ്ടയുടൻ ഇരുവരും പിടിവിട്ട് ഓടിമറയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.
ക്യാമറ ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിഞ്ഞതോടെ ഇരുവരും രൂക്ഷമായ വിമർശനങ്ങളാണ് നേരിട്ടത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആൻഡി ബൈറണും ക്രിസ്റ്റിൻ കാബോട്ടും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഉയർന്നതോടെയാണ് ഇരുവരും സ്ഥാപനത്തിൽ നിന്ന് പുറത്തുപോകേണ്ടി വന്നത്. ഡാറ്റ, അനലിറ്റിക്സ്, ഇന്റലിജൻസ് സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ആസ്ട്രോണമർ.
ആൻഡി ബൈറണിന്റെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ
സംഭവത്തെത്തുടർന്ന് ആൻഡി ബൈറണിന്റെ കുടുംബത്തിലും അസ്വാരസ്യങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അധ്യാപികയായ മേഗൻ കെറിഗനാണ് ബൈറണിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്.
മസാച്യുസെറ്റ്സിൽ താമസിക്കുന്ന പ്രശസ്തയായ അധ്യാപികയാണ് മേഗൻ കെറിഗൻ. 50 വയസ്സുകാരിയായ ഇവർ മസാച്യുസെറ്റ്സിലെ ബാൻക്രോഫ്റ്റ് സ്കൂളിലെ അസോസിയേറ്റ് ഡയറക്ടറാണ്.
വീഡിയോ വൈറലായതിന് മണിക്കൂറുകൾക്ക് ശേഷം, മേഗൻ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ഭർത്താവിന്റെ കുടുംബപ്പേര് നീക്കം ചെയ്തത് ഈ അസ്വാരസ്യങ്ങൾ ശരിവയ്ക്കുന്നതാണ്.
ഈ വിഷയത്തിൽ നിങ്ങളുടെ പ്രതികരണം എന്താണ്? കമന്റ് ബോക്സിൽ അറിയിക്കുക.
Article Summary: CEO and employee resign from Astronomer after 'Kiss Cam' controversy.
#KissCam #ColdPlay #Astronomer #Resignation #Controversy #ViralVideo