കര്‍ണാലില്‍ മഹാപഞ്ചായത്ത്; അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം; ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി
Sep 7, 2021, 12:55 IST
ചണ്ഡീഗഢ്: (www.kvartha.com 07.09.2021) പൊലീസ് മര്‍ദനത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹരിയാനയിലെ കര്‍ണാലില്‍ കിസാന്‍ മഹാപഞ്ചായത്ത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാനാണ് കിസാന്‍ മോര്‍ചയുടെ തീരുമാനം. കര്‍ണാല്‍ മിനി സെക്രടേറിയറ്റിന് സമീപമാണ് മഹാപഞ്ചായത്ത് ചേര്‍ന്നത്.
അതേസമയം സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച കര്‍ണാല്‍ ജില്ലയില്‍ 10 കമ്പനി കേന്ദ്ര സായുധ പോലീസ് സേന ഉള്‍പെടെ 40 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ മേഖലയില്‍ ഇന്റര്‍നെറ്റ്, എസ് എം എസ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ദേശീയപാതവഴിയുള്ള ഗതാഗതം അര്‍ധരാത്രിമുതല്‍ തടഞ്ഞു.
ആഗസ്റ്റ് 28നുണ്ടായ പൊലീസ് അതിക്രമത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെടുകയും 40ല്‍പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. എസ്ഡിഎമ്മിനും പൊലീസുകാര്‍ക്കും എതിരെ കേസെടുക്കുക, കൊല്ലപ്പെട്ട സുശീല്‍ കാജലിന്റെ കുടുംബത്തിനു 40 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുക, പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം വീതം സഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാപഞ്ചായത്ത്. യു പിയിലെ മുസഫര്‍ നഗറില്‍ നേരത്തെ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. രാജസ്ഥാനില്‍ 15-ാം തീയതിയും ഛത്തീസ്ഗഢില്‍ 28നും മഹാപഞ്ചായത്ത് ചേരാനാണ് തീരുമാനം.
ബി ജെ പിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ ഒ പി ധങ്കര്‍ സഞ്ചരിച്ച വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കര്‍ഷക സംഘത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അന്ന് 40ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കേറ്റ സുശീല്‍ കാജല്‍ എന്ന കര്‍ഷകന്‍ പിന്നീട് മരിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരുടെ രക്തം പുരണ്ട വസ്ത്രങ്ങളും തലപ്പാവുകളും തലക്ക് ഗുരുതരമായി പരിക്കേറ്റ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പിന്നാലെ കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ എസ് പി ഉത്തരവിട്ട തരത്തിലുള്ള വിഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. അതോടെ എസ് പിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ സ്ഥലംമാറ്റിയ എസ് പിയെ കൊലക്കുറ്റത്തിന് കേസെടുത്ത് സെര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്നും കര്‍ഷകന്‍ ആവശ്യപ്പെടുന്നു. കര്‍ണാലിലെ പ്രക്ഷോഭത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.