പുരപ്പുറ സൗരോർജ്ജത്തിൽ കേരളം തിളങ്ങുന്നു; രാജ്യത്ത് ഒന്നാം സ്ഥാനം


● എറണാകുളത്താണ് ഏറ്റവും കൂടുതൽ സൗരോർജ്ജ പ്ലാന്റുകൾ.
● ഇടുക്കി, വയനാട് ജില്ലകളിൽ പ്രചാരണ പരിപാടികൾ നടത്തും.
● സംസ്ഥാനത്തിന്റെ ആകെ സൗരോർജ്ജ ഉത്പാദന ശേഷി 1684.47 മെഗാവാട്ടാണ്.
● കെ.എസ്.ഇ.ബി.യുടെ സംവിധാനങ്ങൾ ഈ നേട്ടത്തിന് പ്രധാന പങ്ക് വഹിച്ചു.
(KVARTHA) പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചത്.
പി.എം. സൂര്യഘർ പദ്ധതി അപേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ ശതമാനത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അപേക്ഷകരിൽ 67.44 ശതമാനം പേരും സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചു.

ആകെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ നേട്ടമാണ്.
2025 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം, പി.എം. സൂര്യഘർ പദ്ധതിയിലേക്ക് 1,80,671 അപേക്ഷകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതിൽ 1,23,860 സൗരോർജ്ജ പ്ലാന്റുകളുടെ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി. ഇവയിൽ നിന്ന് പ്രതിദിനം 495.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 1,27,141 ഗുണഭോക്താക്കൾക്ക് 869.31 കോടി രൂപയുടെ സബ്‌സിഡി ലഭ്യമായിട്ടുണ്ട്.
2025 ജൂലൈ 9-ലെ കണക്കുകൾ പ്രകാരം, എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ച് ഗ്രിഡുമായി ബന്ധിപ്പിച്ചത് (22,067).
മറ്റ് ജില്ലകളിലെ കണക്കുകൾ താഴെ പറയുന്നവയാണ്:
● തൃശ്ശൂർ (15,417)
● തിരുവനന്തപുരം (11,536)
● മലപ്പുറം (9,849)
● കണ്ണൂർ (9,064)
● കൊല്ലം (8,547)
● ആലപ്പുഴ (8,358)
● കോഴിക്കോട് (7,885)
● പാലക്കാട് (7,583)
● കോട്ടയം (7,249)
● പത്തനംതിട്ട (4,446)
● കാസർകോട് (3,601)
● ഇടുക്കി (1,217)
● വയനാട് (498)
ഇതിൽ, ഇടുക്കി, വയനാട് ജില്ലകളിൽ സൗരോർജ്ജ നിലയങ്ങൾക്കായി ലഭിച്ച അപേക്ഷകളിൽ കുറവ് വന്നത് പരിഹരിക്കുന്നതിനും സൗരോർജ്ജം സാധാരണക്കാരിലേക്ക് കൂടുതലായി എത്തിക്കുന്നതിനുമായി 1.5 കോടി രൂപ ചെലവഴിച്ച് പ്രചാരണ പരിപാടികൾ സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പാക്കും.
സംസ്ഥാനത്തിന്റെ ആകെ സൗരോർജ്ജ ഉത്പാദന ശേഷി 1684.47 മെഗാവാട്ടാണ്. ഇതിൽ കെ.എസ്.ഇ.ബി.യുടെയും സ്വകാര്യ റൂഫ്ടോപ് നിലയങ്ങളും ഗ്രൗണ്ട് മൗണ്ടഡ് പദ്ധതികളും ഉൾപ്പെടുന്നു. കേരളത്തിന്റെ മൊത്തം സൗരോർജ്ജ ശേഷിയുടെ 81 ശതമാനവും റൂഫ്ടോപ് സൗരോർജ്ജ പ്ലാന്റുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
ഈ വിഭാഗത്തിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. പ്രതിദിന വൈദ്യുതി ആവശ്യകതയുടെ 31.3% വരെ നിറവേറ്റാൻ റൂഫ്ടോപ്പ് സൗരോർജ്ജ നിലയങ്ങളിലൂടെ കഴിയുന്നു. 2024-2025 സാമ്പത്തിക വർഷത്തിൽ ലോ ടെൻഷൻ (LT) വിഭാഗത്തിലെ പ്രൊസ്യൂമർമാർ (സൗരോർജ്ജം ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവർ) 1,076 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയും 816.41 ദശലക്ഷം യൂണിറ്റ് ഗ്രിഡിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
സൗരോർജ്ജ രംഗത്തെ ഈ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പിന്നിൽ കെ.എസ്.ഇ.ബി.എൽ നടപ്പിലാക്കിയ സംവിധാനങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി കോൾ സെന്ററും പി.എം. സൂര്യഘർ ഹെൽപ്പ് ഡെസ്‌കും ഉൾപ്പെടുന്ന ഒരു പരാതി പരിഹാര ഫോറം കെ.എസ്.ഇ.ബി.എൽ ഇതിനായി സ്ഥാപിച്ചു.
പദ്ധതി സംബന്ധിച്ച പരാതികൾക്കും വിവരങ്ങൾക്കും പൊതുജനങ്ങൾക്ക് നോഡൽ ഓഫീസർ നൗഷാദ് ഷറഫുദീനെ (മൊബൈൽ നമ്പർ 9025351982) അല്ലെങ്കിൽ ഹെൽപ് ഡെസ്‌കുമായി (മൊബൈൽ നമ്പർ 9496266631, 9496018370) ബന്ധപ്പെടാവുന്നതാണ്.
1210 വിതരണക്കാരെ കെ.എസ്.ഇ.ബി. സൗരോർജ്ജ പദ്ധതികൾക്കായി എംപാനൽ ചെയ്തിട്ടുണ്ട്. എല്ലാ 14 ജില്ലകളിലുമുള്ള ഫീൽഡ് ഓഫീസർമാർക്ക് വിതരണക്കാരെ എംപാനൽ ചെയ്യുന്നതിന്റെയും പോർട്ടൽ പ്രവർത്തനങ്ങളുടെയും പരിശോധനയുടെയും നെറ്റ് മീറ്റർ കണക്ഷൻ നൽകുന്നതിന്റെയും ചുമതല നൽകി.
പ്രധാന ദേശീയ ബാങ്കുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ ഒരു സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ഇത് ഇൻസ്റ്റാളേഷനുകൾക്ക് 6.5% പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നുണ്ട്. വിതരണക്കാരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി പ്രതിമാസ ഡെവലപ്പർ യോഗങ്ങളും ബോർഡ് നടത്തുന്നു.
ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും സുസ്ഥിര ഭാവയിലേക്കുമുള്ള കേരളത്തിന്റെ നിർണായക ചുവടുവയ്പ്പ് അടിവരയിടുന്നതാണ് സൗരോർജ്ജ വളർച്ച സംബന്ധിച്ച ഈ കണക്കുകൾ.
സൗരോർജ്ജത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ച് ചനിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala tops India in rooftop solar energy growth rate.
#Kerala, #SolarEnergy, #RooftopSolar, #RenewableEnergy, #KSEB, #PMSuryaghar