ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍നിന്നുമെത്തിച്ച കൂറ്റന്‍ കാര്‍ഗോയുടെ യാത്രയ്ക്ക് താല്‍ക്കാലിക തടസം
Sep 3, 2021, 08:29 IST
തിരുവനന്തപുരം: (www.kvartha.com 03.09.2021) ഐ എസ് ആര്‍ ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍നിന്നുമെത്തിച്ച കൂറ്റന്‍ കാര്‍ഗോയുടെ യാത്രയ്ക്ക് താല്‍ക്കാലിക തടസം. ഇതേത്തുടര്‍ന്ന്, കഴക്കൂട്ടം ദേശീയപാതയ്ക്കരികില്‍ വാഹനം 3 ദിവസമായി നിര്‍ത്തിയിട്ടിരിക്കുകയാണ്. ഫുട് ഓവര്‍ ബ്രിഡ്ജ് കടന്നാല്‍ 2 ദിവസം കൊണ്ട് ചാക്ക ഓള്‍സെയിന്റ്‌സ് കോളജ് വഴി വാഹനം തുമ്പയിലെ ഐ എസ് ആര്‍ ഒ കേന്ദ്രത്തിലെത്തും.
സാഹചര്യമുള്ളിടങ്ങളില്‍ ഗതാഗതം തിരിച്ചുവിട്ടും നിയന്ത്രണമേര്‍പെടുത്തിയും കാര്‍ഗോ കടന്നെങ്കിലും ചിലയിടങ്ങളില്‍ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. പൊലീസും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും കാര്‍ഗോയുടെ യാത്രയ്ക്ക് സഹായകമാകുന്നുണ്ട്. കൂറ്റന്‍ കാര്‍ഗോ വാഹനം കൗതുകമാണെങ്കിലും കടന്നുപോകുന്ന വഴിയിലെ നാട്ടുകാര്‍ക്ക് അത് മണിക്കൂറുകളുടെ ദുരിതമാണ്. വാഹനം കടന്നുപോകുന്ന ഇടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും, വൈദ്യുതി തടസവുമാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
കഴിഞ്ഞ മാസം 18നാണ് വാഹനം കൊല്ലം തുറമുഖത്തുനിന്ന് യാത്ര ആരംഭിച്ചത്. കെ എസ് ഇ ബിയും പൊലീസും വളരെയധികം പരിശ്രമിച്ചാണ് ദേശീയപാതയിലൂടെ വാഹനം കടത്തിവിട്ടത്. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മറ്റുവാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. യാത്രയ്ക്ക് തടസമാകുന്ന മരക്കൊമ്പുകളും വൈദ്യുതി കമ്പികളും മാറ്റേണ്ടതിനാല്‍ വൈദ്യുതി പ്രസരണം ഓഫ് ചെയ്യണം. അതിനാല്‍ രാത്രി സമയത്ത് കാര്‍ഗോ നീക്കം നടക്കില്ല.
പിന്നിട്ട 14 വൈദ്യുതി സെക്ഷനുകളില്‍ ജീവനക്കാര്‍ സുഗമമായ യാത്രയ്ക്ക് രംഗത്തിറങ്ങി. കഴക്കൂട്ടത്തെത്തിയപ്പോള്‍ സ്വകാര്യ സ്‌കൂളിന് മുന്നിലെ ഫുട് ഓവര്‍ ബ്രിഡ്ജ് തടസമാകുമെന്ന് കരുതിയെങ്കിലും മറിമടക്കാനായി. രണ്ടാമത്തെ ബ്രിഡ്ജാണ് വില്ലനായത്. 12 ജീവനക്കാരാണ് ആകെയുള്ളത്. രാജേശ്വരിക്കാണ് വാഹനത്തിന്റെ ഗതാഗത ചാര്‍ജ്.
പൂനെയിലെ വാള്‍ചിന്‍ നഗര്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് 260 കിലോമീറ്റര്‍ റോഡ് മാര്‍ഗം മുംബൈയില്‍ എത്തിച്ച ശേഷം ബാര്‍ജ് വഴി കൊല്ലം തങ്കശ്ശേരി തുറമുഖത്ത് ഇറക്കിയാണ് ഈ പടുകൂറ്റന്‍ വാഹനം ദേശീയപാതയിലൂടെ യാത്ര തുടരുന്നത്. 96 ചക്രങ്ങളുള്ള ഹൈഡ്രോളിക് ആക്‌സില്‍ വാഹനത്തിലാണ് കാര്‍ഗോ കൊണ്ടുപോകുന്നത്. വാഹനങ്ങളില്‍ 2 കാര്‍ഗോയാണുള്ളത്. ഇതിന് 128, 56 ടണ്‍ വീതമാണ് ഭാരം. 128 ടണ്‍ ഭാരമുള്ള കാര്‍ഗോയുടെ നീളം 9.8 മീറ്ററും വീതി 5.6 മീറ്ററും ഉയരം 5.7 മീറ്ററുമാണ്. 56 ടണ്‍ ഭാരമുള്ള കാര്‍ഗോയ്ക്ക് 5.1 മീറ്റര്‍ വീതിയും 5.9 നീളവും 6.05 മീറ്റര്‍ ഉയരവും ആണുള്ളത്. വാഹനത്തിന്റെ ഉയരം കൂടി ചേരുമ്പോള്‍ ഉയരം 7.52 മീറ്ററാകും.
കഴിഞ്ഞ മാസം 9ന് കാര്‍ഗോയുമായി മുംബൈയില്‍ നിന്നു കപ്പല്‍ പുറപ്പെട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തുറമുഖത്ത് തന്നെ ഒരു മാസത്തിലേറെ കിടക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാര്‍ഗോയുമായി കപ്പല്‍ കൊല്ലത്ത് എത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.