ഐഎസ്ആര്‍ഒയുടെ പുതിയ വിക്ഷേപണ വാഹനം എസ്എസ്എല്‍വി ആദ്യ വിക്ഷേപണം ഉടന്‍; പുതിയ റോകറ്റിന്റെ നിര്‍ണായക പരീക്ഷണം വിജയകരം

 



ബെംഗ്‌ളൂറു: (www.kvartha.com 15.03.2022) ഐഎസ്ആര്‍ഒയുടെ പുതിയ വിക്ഷേപണ വാഹനം എസ്എസ്എല്‍വി ആദ്യ വിക്ഷേപണം ഉടനെ നടത്തും.
പുതിയ റോകറ്റിന്റെ നിര്‍ണായക പരീക്ഷണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം മേയില്‍ ഉണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. 

പുതിയ റോകറ്റിന്റെ ആദ്യ ഖര ഇന്ധന ഘട്ടത്തിന്റെ പരീക്ഷണം തിങ്കളാഴ്ച രാവിലെ 12.05ന് ശ്രീഹരിക്കോട്ടയില്‍ വച്ചായിരുന്നു. റോകറ്റിന്റെ മറ്റ് ഭാഗങ്ങളുടെ പരീക്ഷണം നേരത്തെ നടന്നിരുന്നു. ആദ്യ വിക്ഷേപണത്തിന് മുന്നോടിയായുള്ള നിര്‍ണായക പരീക്ഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 

മൂന്ന് ഖര ഇന്ധന ഘട്ടങ്ങളുള്ള ചെറു റോകറ്റാണ് സ്‌മോള്‍ സാറ്റലൈറ്റ് ലോന്‍ജ്
വെഹികിള്‍ അഥവാ എസ്എസ്എല്‍വി. റോകറ്റിന്റെ അവസാനത്തെ ഘട്ടത്തില്‍ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഒരു വേഗത നിയന്ത്രണ എന്‍ജിനും
ഉണ്ട്. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹത്തെ താഴ്ന്ന ഭൂ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ എസ്എസ്എല്‍വിക്കാവും. 34 മീറ്റര്‍ ഉയരവും, രണ്ട് മീറ്റര്‍ വ്യാസവുമുള്ള എസ്എസ്എല്‍വിയുടെ ഭാരം 120 ടണ്‍ ആണ്. 2018 ഡിസംബറിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വിക്ഷേപണ വാഹനത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കിയത്. 

ഐഎസ്ആര്‍ഒയുടെ പുതിയ വിക്ഷേപണ വാഹനം എസ്എസ്എല്‍വി ആദ്യ വിക്ഷേപണം ഉടന്‍; പുതിയ റോകറ്റിന്റെ നിര്‍ണായക പരീക്ഷണം വിജയകരം


പിഎസ്എല്‍വിയേക്കാള്‍ കുറഞ്ഞ ചിലവില്‍ ചെറു ഉപഗ്രഹങ്ങളെ വിക്ഷേപിക്കുകയെന്നതാണ് എസ്എസ്എല്‍വി പദ്ധതിയുടെ ലക്ഷ്യം. ഒരു എസ്എസ്എല്‍വി നിര്‍മിക്കാന്‍ 30 കോടി മുതല്‍ 35 കോടി രൂപ വരെ ചെലവാണ് പ്രതീക്ഷിക്കുന്നത്. അതായത് മറ്റ് വിക്ഷേപണ വാഹനങ്ങളായ പിഎസ്എല്‍വിയെയും ജിഎസ്എല്‍വിയെയും അപേക്ഷിച്ച് വളരെ കുറച്ച് സമയം കൊണ്ട് ഒരു എസ്എസ്എല്‍വി വിക്ഷേപണത്തിന് തയ്യാറാക്കാമെന്നത് മുതല്‍കൂട്ടാണ്. 

എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണങ്ങള്‍ ഐസ്ആര്‍ഒ തന്നെയായിരിക്കും നടത്തുകയെങ്കിലും ഭാവിയില്‍ ഈ റോകറ്റിന്റെ നിര്‍മാണം അടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് പദ്ധതി. ന്യൂ സ്‌പേസ് ഇന്‍ഡ്യ ലിമിറ്റഡ് എന്ന ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായിരിക്കും എസ്എസ്എല്‍വിയുടെ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്തുക. 

Keywords:  News, National, India, Bangalore, ISRO, Technology, Top-Headlines, Business, Finance, ISRO successfully conducts ground test of solid booster stage for SSLV
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia