Tribute | ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം; അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത് ആയിരങ്ങള്‍
Tribute | ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം; അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത് ആയിരങ്ങള്‍
● പാഴ്‌സി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍
● ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേന്ദ്രമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ പ്രമുഖര്‍ക്കുമാണ് പ്രവേശനമുണ്ടായിരുന്നത്
മുംബൈ: (KVARTHA) ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയ്ക്കു വിട നല്‍കി രാജ്യം. ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സില്‍ നടന്ന പൊതുദര്‍ശനത്തില്‍ രത്തന്‍ ടാറ്റയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്.
രാഷ്ട്രീയനേതാക്കള്‍, ബിസിനസ് പ്രമുഖര്‍, സിനിമാ താരങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. രത്തന്‍ ടാറ്റയുടെ അരുമയായിരുന്ന ഗോവ എന്ന നായയേയും മൃതദേഹത്തിനരികില്‍ എത്തിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോവയില്‍ നിന്നാണ് രത്തന്‍ ടാറ്റ ഈ നായയെ കണ്ടെത്തുന്നത്. പിന്നീട് ബോംബെയിലുള്ള വസതിയിലേക്ക് കൊണ്ടുവരികയായിരുന്നു.
വര്‍ളിയിലെ ഡോ. ഇ മോസസ് റോഡിലുള്ള വര്‍ളി പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പാഴ്‌സി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേന്ദ്രമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ പ്രമുഖര്‍ക്കുമാണ് സംസ്‌കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്.
സംസ്‌കാര ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട് നവിസ്, പിയൂഷ് ഗോയല്‍ എന്നിവരും പങ്കെടുത്തു.
മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ദുഃഖാചരണമായിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. വിനോദപരിപാടികളൊന്നും നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.
ബുധനാഴ്ച രാത്രി 11.45 ഓടെയാണ് രത്തന്‍ ടാറ്റയുടെ മരണം സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നാലു ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില ഭേദമാണെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
1991 മുതല്‍ 2012 വരെ 21 വര്‍ഷം ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്നു. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തിന് മരണാന്തര ബഹുമതിയായി ഭാരത രത്‌നം നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യാഴാഴ്ച ഉച്ചയോടെ ആവശ്യപ്പെട്ടു.
#RatanTata #TataGroup #Tribute #IndianBusiness #LegendaryLeader #MumbaiFuneral