Hindenburg | എന്താണ് ഹിൻഡൻബർഗ്, ഇതിൻ്റെ റിപ്പോർട്ട് ബിസിനസ് ലോകത്തെ പിടിച്ചുകുലുക്കുന്നത് എന്തുകൊണ്ട്? അദാനിക്ക് സംഭവിച്ചത്!
അദാനി ഗ്രൂപ്പിനെതിരായ ആദ്യത്തെ റിപ്പോർട്ട് ഇന്ത്യൻ ഓഹരി വിപണിയെ കുലുക്കിമറിച്ചിരുന്നു.
ന്യൂഡൽഹി: (KVARTHA) അമേരിക്കൻ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് റിസർച്ച് വീണ്ടും ഇന്ത്യൻ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ഗൗരവമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ഈ തവണ ലക്ഷ്യം സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് ആണ്. ഹിൻഡൻബർഗിന്റെ റിപ്പോർട്ട്, ബുച്ചും അവരുടെ ഭർത്താവും സാമ്പത്തിക ക്രമക്കേടുകൾക്ക് പങ്കാളിയാണെന്ന ആരോപണം ഉന്നയിക്കുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കിയ വിദേശത്തെ കടലാസ് കമ്പനികളിൽ മാധബി പുരി ബുചിനും ഭർത്താവ് ധവാൽ ബുചിനും നിക്ഷേപപങ്കാളിത്തമുണ്ടെന്നായിരുന്നു ഹിൻഡൻബർഗ് ആരോപിച്ചത്. കഴിഞ്ഞ 18 മാസത്തിനിടെ ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഹിൻഡൻബർഗ് റിസർച്ച് സൃഷ്ടിക്കുന്ന തരംഗങ്ങൾ വളരെ വലുതാണ്. പ്രത്യേകിച്ച് അദാനി ഗ്രൂപ്പിനെതിരായ ആദ്യത്തെ റിപ്പോർട്ട് ഇന്ത്യൻ ഓഹരി വിപണിയെ കുലുക്കിമറിച്ചിരുന്നു.
ഹിൻഡൻബർഗ് എന്താണ് ചെയ്യുന്നത്?
ഹിൻഡൻബർഗ് റിസർച്ച് എന്നത് അമേരിക്കയിലെ ഒരു ഗവേഷണ കമ്പനിയാണ്. ഈ കമ്പനി പ്രധാനമായും ചെയ്യുന്നത് വലിയ കമ്പനികളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണവും വിശകലനവുമാണ്. സാമ്പത്തിക ക്രമക്കേടുകൾ, അധാർമിക ബിസിനസ് രീതികൾ, രഹസ്യ സാമ്പത്തിക കാര്യങ്ങൾ എന്നിവയെല്ലാം അവരുടെ പരിശോധനയുടെ കണ്ണിൽപ്പെടും.
ഹിൻബർഗ് റിപ്പോർട്ടുകൾ വലിയ കമ്പനികളുടെ സുതാര്യതയില്ലായ്മയും അഴിമതിയും വെളിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇത് നിക്ഷേപകർക്ക് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു. ഹിൻഡൻബർഗ് റിസർച്ച് ഒരു പ്രത്യേക തന്ത്രമാണ് ഉപയോഗിക്കുന്നത്, അതായത് ഷോർട്ട് സെല്ലിംഗ്. ഒരു ഓഹരി അല്ലെങ്കിൽ സെക്യൂരിറ്റിയുടെ വില ഇടിയുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന ഒരു ട്രേഡിങ് സ്ട്രാറ്റജിയാണ് ഷോർട്ട് സെല്ലിങ്.
കമ്പനി സ്ഥാപകനായ നേറ്റ് ആൻഡേഴ്സൺ ഒരു ആക്ടിവിസ്റ്റ് ഷോർട്ട് സെല്ലർ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഹിൻഡൻബർഗ് റിസർച്ച് 2017 മുതൽ പ്രവർത്തിക്കുന്നുണ്ടെന്നും അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ കൂടാതെ ഇന്ത്യയിലും വിദേശത്തുമുള്ള കമ്പനികളിലെ നിയമവിരുദ്ധ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും വെളിപ്പെടുത്തിയ 16 റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവിട്ടിട്ടുണ്ടെന്നും അവകാശപ്പെടുന്നു. അഫിരിയ, പെർഷിംഗ് ഗോൾഡ്, നിക്കോള എന്നിവയിലെയും മറ്റ് ചില പ്രശസ്ത കമ്പനികളിലെയും സാമ്പത്തിക ക്രമക്കേടുകൾ വെളിപ്പെടുത്തിയതായി ഹിൻഡൻബർഗ് റിസർച്ച് പറയുന്നുണ്ട്.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, 2020 മുതൽ 30 കമ്പനികളുടെ ഗവേഷണ റിപ്പോർട്ടുകൾ ഹിൻഡൻബർഗ് വെളിപ്പെടുത്തിയിട്ടുണ്ട്, റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടടുത്ത ദിവസം തന്നെ ആ കമ്പനിയുടെ ഓഹരികൾ ശരാശരി 15 ശതമാനം ഇടിഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളിൽ ഈ കമ്പനികളുടെ ഓഹരികളിൽ ശരാശരി 26 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ഹിൻഡൻബർഗ് റിസർച്ച് ഇന്ത്യയിൽ
രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ അദാനി ഗ്രൂപ്പിനെതിരെ 2023 ജനുവരി 24 ന് ഒരു റിപ്പോർട്ട് പുറത്തിറക്കിയതോടെയാണ് ഹിൻഡൻബർഗ് ഇന്ത്യയിൽ ശ്രദ്ധയാകർഷിച്ചത്. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി 2020 മുതൽ 100 ബില്യൺ ഡോളർ സമ്പാദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന റിപ്പോർട്ടിൽ 37 ഷെൽ കമ്പനികൾ നടത്തുന്നതായും കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിച്ചതായും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയിൽ വൻ ഇടിവുണ്ടായി.
ഈ റിപ്പോർട്ടിന് ശേഷം അദാനി ഗ്രൂപ്പ് കമ്പനികൾക്ക് 150 ബില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടായി. റിപ്പോർട്ട് പുറത്തുവന്ന് ഒരു മാസത്തിനുള്ളിൽ അദാനിയുടെ ആസ്തി 80 ബില്യൺ ഡോളറിലധികം ഇടിഞ്ഞു, അതായത് 6.63 ലക്ഷം കോടി രൂപ. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് പത്ത് ദിവസത്തിനുള്ളിൽ, അദ്ദേഹം സമ്പന്നരുടെ ആദ്യ 20 പട്ടികയിൽ നിന്ന് പുറത്തായി.
ഇതിന് പുറമെ കമ്പനിയുടെ 20,000 കോടി രൂപയുടെ എഫ്പിഒയും ഗൗതം അദാനിക്ക് റദ്ദാക്കേണ്ടി വന്നു. കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. റിപ്പോർട്ട് രാഷ്ട്രീയ രംഗത്തും കൊടുങ്കാറ്റ് സൃഷ്ടിച്ചു. കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് പാർലമെൻ്റിൽ ചോദ്യങ്ങൾ ഉയർന്നു. വിഷയം സുപ്രീം കോടതിയിലുമെത്തി. ഇതിന്റെ അലയൊലി അടങ്ങും മുമ്പാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.