അടച്ചുതീർത്ത വായ്പയുടെ പേരിൽ സിബിൽ സ്കോർ കുറച്ചു; എച്ച്ഡിഎഫ്സി ബാങ്ക് 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ
ADVERTISEMENT
● 30 ദിവസത്തിനകം രേഖകൾ തിരുത്തി സിബിലിന് നൽകാനും ബാങ്കിനോട് നിർദേശിച്ചു
● മുഖത്തല ആലുംമൂട് സ്വദേശി ഐസക് ഇട്ടിച്ചെറിയയാണ് പരാതി നൽകിയത്
● 2007-ൽ എടുത്ത ടൂവീലർ വായ്പ 2009-ൽ പൂർണമായി അടച്ചുതീർത്തിരുന്നു
● സെഞ്ചുറിയൻ ബാങ്കിൽ നിന്നെടുത്ത വായ്പ പിന്നീട് എച്ച്ഡിഎഫ്സി ബാങ്കിൻ്റെ കീഴിലായി
കൊല്ലം: (KVARTHA) പൂർണമായി അടച്ചുതീർത്ത വായ്പയുടെ പേരിൽ വർഷങ്ങളോളം കുടിശ്ശികക്കാരനായി രേഖപ്പെടുത്തി സിബിൽ സ്കോർ കുറച്ച സംഭവത്തിൽ എച്ച്ഡിഎഫ്സി ബാങ്കിന് പിഴ. 30 ദിവസത്തിനകം രേഖകൾ തിരുത്തി നൽകാൻ ബാങ്കിനോട് കൊല്ലം ജില്ലാ ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു.
പരാതിക്കാരന് 50000 രൂപ നഷ്ടപരിഹാരവും ബാങ്ക് നൽകണം. മുഖത്തല ആലുംമൂട് സ്വദേശി ഐസക് ഇട്ടിച്ചെറിയ സമർപ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്. കമീഷൻ പ്രസിഡൻ്റ് എസ് കെ ശ്രീല, അംഗം സ്റ്റാൻലി ഹാരോൾഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വായ്പയുടെ നാൾവഴികൾ
ബിസിനസ് ആവശ്യത്തിനായി 2007-ൽ സെഞ്ചുറിയൻ ബാങ്കിൽനിന്ന് ടൂവീലർ വാങ്ങുന്നതിനായി ഐസക് വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടവിനായി ഭാര്യയും ഗ്യാരൻ്ററുമായ ബീന പണിക്കരുടെ 1725 രൂപ വീതമുള്ള ചെക്കുകളും അന്ന് ബാങ്കിന് കൈമാറി.
എന്നാൽ, 2008-ൽ ഗ്യാരൻ്റിയായി നൽകിയ രണ്ട് ചെക്ക് നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് ആ രണ്ടുതവണകളുടെ തുക പണമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ബാങ്ക് അധികൃതരുടെ നിർദേശപ്രകാരം തുക പണമായി അടയ്ക്കുകയും തുടർന്ന് 2009-ൽ വായ്പ പൂർണമായും അടച്ചുതീർത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു.
സിബിൽ സ്കോർ കുറഞ്ഞതെങ്ങനെ
2023-ൽ ബിസിനസ് ആവശ്യത്തിനായി പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കിനെ സമീപിച്ചപ്പോഴാണ് കുറഞ്ഞ സിബിൽ സ്കോർ ചൂണ്ടിക്കാട്ടി വായ്പ നിഷേധിക്കപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2009-ൽ അടച്ചുതീർത്ത വായ്പയിൽ കുടിശ്ശിക ഉണ്ടായിരുന്നതായി സെഞ്ചുറിയൻ ബാങ്കിൻ്റെ പിൻഗാമിയായ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് വിവര ഏജൻസിയായ ട്രാൻസ് യൂണിയൻ സിബിലിന് റിപ്പോർട്ട് ചെയ്തതായി അറിഞ്ഞത്. ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം ജില്ലാ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
വിധിയുടെ പകർപ്പ് ലഭിച്ച് 30 ദിവസത്തിനകം രേഖകൾ ഭേദഗതി ചെയ്ത് വിവരം ട്രാൻസ് യൂണിയൻ സിബിലിന് നൽകണമെന്നും കമീഷൻ നിർദേശിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. മനോജ് ശ്രീധർ, അഡ്വ. സാജൻ സേവ്യർ, അഡ്വ. ടി കെ ജയകുമാരി, അഡ്വ. ദേവലക്ഷ്മി മനോജ്, അഡ്വ. സൂര്യ രാജ് എന്നിവർ ഹാജരായി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Kollam District Consumer Commission ordered HDFC Bank to pay Rs 50000 and correct records within 30 days for incorrectly reducing the CIBIL score of a customer over a closed loan.
#CIBILScore #HDFCBank #ConsumerCourt #KollamNews #KeralaNews #MalayalamNews #FinancialNews #BankingAwareness #AmmuNews
