പുതിയ വാഹനങ്ങള്‍ക്ക് ബിഎച് സീരീസ്; ഏകീകൃത രജിസ്ട്രേഷന്‍ സംവിധാനം അവതരിപ്പിച്ച് റോഡ് ട്രാന്‍സ്പോര്‍ട് മന്ത്രാലയം

 


ന്യൂഡെല്‍ഹി: 28.08.2021) പുതിയ വാഹനങ്ങള്‍ക്ക് ബിഎച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്ട്രേഷന്‍ സംവിധാനം അവതരിപ്പിച്ച് റോഡ് ട്രാന്‍സ്പോര്‍ട് മന്ത്രാലയം. ഇതോടെ ബിഎച് രജിസ്ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ റീ രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. അതുപോലെ തന്നെ ബിഎച് രജിസ്ട്രേഷന്‍ നടപടികള്‍കായി ആര്‍ടിഒ ഓഫിസുകളില്‍ കയറിയിറങ്ങേണ്ട. ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും.

പുതിയ വാഹനങ്ങള്‍ക്ക് ബിഎച് സീരീസ്; ഏകീകൃത രജിസ്ട്രേഷന്‍ സംവിധാനം അവതരിപ്പിച്ച് റോഡ് ട്രാന്‍സ്പോര്‍ട് മന്ത്രാലയം


കേന്ദ്ര-സംസ്ഥാന സര്‍കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫിസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ബിഎച് രജിസ്ട്രേഷനായി അപേക്ഷിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

നിലവിലെ രജിസ്ട്രേഷന്‍ സംവിധാനം സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഒരു തലവേദന തന്നെയായിരുന്നു . ഒരു സംസ്ഥാനത്ത് വെച്ച് വാഹനം വാങ്ങിയാല്‍ അവിടെ രജിസ്റ്റര്‍ ചെയ്ത വാഹനം 12 മാസത്തില്‍ കൂടുതല്‍ മറ്റു സംസ്ഥാനത്ത് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ആവില്ല. അതിനുള്ളില്‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്ട്രേഷന്‍ നടത്തണമെന്നാണ് നിലവിലെ നിയമം.

ആദ്യം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് നിന്നുള്ള എന്‍ഒസി, അവിടെ അടച്ച റോഡ് ടാക്സ് റീഫന്‍ഡ് ചെയ്ത് റീ രജിസ്ട്രേഷന്‍ ചെയ്യുന്ന സംസ്ഥാനത്ത് അടയ്ക്കണം. ഈ പ്രക്രിയകള്‍ ഏറെ തലവേദനയാണ് ഉണ്ടാക്കിയിരുന്നത്.

എന്നാല്‍ ബിഎച് സീരീസ് രാജ്യത്തൊട്ടാകെയുള്ള ഏകീകൃത സംവിധാനം ഇതിന് ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിഎച് രജിസ്ട്രേഷനുള്ള ഒരു വാഹനത്തിന് ഉടമ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ഇത്തരം റീ രജിസ്ട്രേഷന്‍ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നത്.

അതുപോലെ തന്നെ വാഹന നികുതി രണ്ട് വര്‍ഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷംതോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടി വരിക.

Keywords:  Govt Introduces New Registration Mark Under BH-Series For Seamless Transfer Across States, New Delhi, News, Technology, Business, Government-employees, Vehicles, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia