സംസ്ഥാനത്ത് 1000 കോടി മുതല്‍ മുടക്കില്‍ 4 സയന്‍സ് പാര്‍കുകള്‍; 'വര്‍ക് നിയര്‍ ഹോം' പദ്ധതി പ്രഖ്യാപിച്ച് സര്‍കാര്‍, കുടുംബശ്രീക്ക് 260 കോടി
Mar 11, 2022, 11:10 IST
തിരുവനന്തപുരം: (www.kvartha.com 11.03.2022) രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 260 കോടി രൂപ അനുവദിച്ചാണ് മേഖലയിലെ ധനമന്ത്രിയുടെ ബജറ്റ് വിഹിത പ്രഖ്യാപനം.
വര്‍ക് നിയര്‍ ഹോം' പദ്ധതി പ്രഖ്യാപിച്ച് സര്‍കാര്‍. ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പെടെ തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയും. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കി വക്കുന്നതായി ധനമന്ത്രി അറിയിച്ചു.
കോവിഡാനന്തരവും വര്‍ക് ഫ്രം ഹോം പോലുള്ള ആശയങ്ങള്‍ നിലനില്‍ക്കാനും വലിയ അളവില്‍ തുടര്‍ന്ന് പോകാനുമാണ് സാധ്യതയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കായി ഓണ്‍ലൈനായി തൊഴിലെടുത്ത് നല്‍കുക എന്ന സാധ്യത ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടിയാണ് 'വര്‍ക് നിയര്‍ ഹോം' പദ്ധതി.
സ്വകാര്യ സംരംഭകര്‍ക്ക് സാങ്കേതിക സഹായവും സ്ഥല സൗകര്യവും നല്‍കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍കുകള്‍ സ്ഥാപിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് 1000 കോടി മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍കുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങള്‍ ധാരാളം പുതിയ വ്യവസായ സാധ്യതകള്‍ തുറക്കുന്നു. ഈ സാധ്യതകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനാണ് 1000 കോടി മുതല്‍ മുടക്കില്‍ നാലു സയന്‍സ് പാര്‍കുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമായി ഇരട്ട ബ്ലോകുള്ള സയന്‍സ് പാര്‍കുകള്‍ സ്ഥാപിക്കും. ഇതുകൂടാതെ ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക് ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സമീപം സ്ഥാപിക്കും.
ഓരോ സയന്‍സ് പാര്‍കും 200 കോടിരൂപ വീതം മുതല്‍മുടക്കുള്ളതും രണ്ടു ബ്ലോകുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതുമായിരിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കും. ഈ പാര്‍കുകള്‍ സ്ഥാപിക്കുന്നത് സംസ്ഥാനത്തെ ഐടി പാര്‍കുകളിലോ ഏറ്റെടുക്കല്‍ ഘട്ടത്തിലുളള മറ്റു പാര്‍കുകളിലോ ആയിരിക്കും. അത്തരം സ്ഥല സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ പാര്‍കുകള്‍ സ്ഥാപിക്കുന്നതിനുള്ള 10 ഏകര്‍ സ്ഥലമേറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. പാര്‍കുകളില്‍ വ്യവസായ ഗവേഷണ രംഗങ്ങളില്‍ നിന്നുള്ള 100 ഉപയോക്താക്കള്‍ക്ക് താമസ സൗകര്യം ഏര്‍പെടുത്തുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.