ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്കുന്ന 8 ക്രിപ്റ്റോ കറന്‍സി ആപുകള്‍ക്ക് ഗൂഗിളിന്റെ പൂട്ട്
Aug 26, 2021, 15:45 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.08.2021) ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്കുന്ന ക്രിപ്റ്റോ കറന്‍സി ക്ലൗഡ് മൈനിങ് ആപ്ലികേഷനുകളുടെ പേരില്‍ ആളുകളെ പറ്റിച്ച് പണം തട്ടുന്ന 8 ആപുകള്‍ ഗൂഗിള്‍ നീക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇവ നീക്കം ചെയ്തു. ആപ്ലികേഷനുകള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്കി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ബിറ്റ് ഫന്‍ഡ്സ്, ബിറ്റ്കോയിന് മൈനര്‍, ബിറ്റ്കോയിന്(ബിടിസി), ക്രിപ്റ്റോ ഹോളിക്, ഡെയ്ലി ബിറ്റ്കോയിന് റിവാര്‍ഡ്സ്, ബിറ്റ്കോയിന് 2021, മൈന്‍ബിറ്റ് പ്രോ, എതേറിയം (ഇടിഎച്) എന്നിവയാണ് ഗൂഗിള്‍ വിലക്കിയ 8 ആപുകള്‍.
ക്ലൗഡ് മൈനിങുകളാണെന്നാണ് ആപുകള്‍ വാഗ്ദാനം ചെയ്യുന്നത്. ആപ് നല്കുന്ന സേവനങ്ങള്‍ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആപുകള്‍ നിരോധിക്കുന്നത്.
വിലക്കിയ ആപുകള്ക്കൊന്നും ക്ലൗഡ് മൈനിങ് ഓപറേഷന്സുമായി ബന്ധമില്ല. ഇവയ്ക്ക് ക്രിപ്റ്റോ കറന്‍സി മൈനിങ് ഫീചറുകളുമില്ല. എന്നാല്‍ ആപ് ഉപയോഗിക്കാനായി 14.99 ഡോളര്‍ മുതല്‍ 18.99 ഡോളര്‍ വരെ ഇവര്‍ ഈടാക്കും. അധിക പണം നല്കിയാല് ക്രിപ്റ്റോ കറന്‍സി മൈനിങ് ഫീചറുകള്‍ ലഭ്യമാകുമെന്ന് പറഞ്ഞ് പറ്റിച്ചാണ് പണം തട്ടിയെടുക്കുന്നത്.
ഉപഭോക്താക്കളെ പറ്റിച്ച് അവരുടെ പണം തട്ടിയെടുക്കുന്ന മോഷ്ടാക്കളാണ് ഇവയെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. 2020 ജൂലൈ മുതല്‍ 2021 ജൂലൈ വരെ നാലായിരത്തി അഞ്ഞൂറിലധികം ആളുകള്‍ ഇത്തരം ആപുകളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
ക്രിപ്റ്റോ കറന്‍സി ഒരു തരം ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ പണമാണ്. ലോകത്ത് നിരവധി പേരാണ് ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തെ ഇടപാടുകളില്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നത്. ക്രിപ്റ്റോ കറന്‍സിക്ക് സ്വീകാര്യത വര്‍ധിച്ചിരിക്കുന്ന ഘട്ടത്തിലാണ് സാങ്കേതിക ലോകത്തെ ചതിക്കുഴികളില്‍ ആളുകള്‍ പെട്ടുപോകുന്നതും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.