സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 120 രൂപ കൂടി; 'ധന്‍തേരസ്' ദിനത്തില്‍ നേട്ടം കൊയ്ത് രാജ്യത്തെ സ്വര്‍ണ വ്യാപാര മേഖല
Nov 5, 2021, 13:40 IST
കൊച്ചി: (www.kvartha.com 05.11.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,760 രൂപയും ഗ്രാമിന് 4,470 രൂപയുമായി. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് വിപണിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബര്‍ രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,840 രൂപയായി. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്.
ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോകറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്‍ഡ്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില. യു എസ് സമ്പദ്‌വ്യവസ്ഥയിലെ മാറ്റവും ഫെഡറല്‍ റിസര്‍വിന്റെ സമീപനവും ഇനിയും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുമെന്നാണ് സൂചന.
അതേസമയം, ദീപാവലിയോടനുബന്ധിച്ചുള്ള 'ധന്‍തേരസ്' ദിനത്തില്‍ രാജ്യത്തെ സ്വര്‍ണ വ്യാപാര മേഖല നേട്ടം കൊയ്തു. 'ധന്‍തേരസ്' മുഹൂര്‍ത്തത്തില്‍ രാജ്യ വ്യാപകമായി 7,500 കോടി രൂപയുടെ വില്‍പന നടന്നതായാണ് കണക്ക്. ഏകദേശം 15 ടണ്‍ സ്വര്‍ണമാണ് രാജ്യത്തെ ജ്വലറികള്‍ ഈ ദിവസം വിറ്റഴിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്‍ഡ്യ ട്രേഡേഴ്‌സും (സി എ ഐ ടി) അനുബന്ധ സംഘടനയായ ഓള്‍ ഇന്‍ഡ്യ ജൂവലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ്‌സ്മിത് ഫെഡറേഷനും (എ ഐ ജെ ജി എഫ്) പുറത്തുവിട്ട റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വില്പന കോവിഡിന് മുന്‍പുള്ള നിലവാരത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് മിക്ക സ്വര്‍ണ വ്യാപാരികളും പറയുന്നത്. കേരളം ഉള്‍പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2,000 കോടി രൂപയുടെ വില്പനയാണ് 'ധന്‍തേരസ്' ദിനത്തില്‍ നടന്നത്. ദീപാവലിയോടനുബന്ധിച്ച് മികച്ച വില്പനയുണ്ടാകുമെന്ന് നേരത്തെ തന്നെ സ്വര്‍ണ വ്യാപാരികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മുന്‍ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായതിനാല്‍ വില്പന കാര്യമായി നടന്നിരുന്നില്ല. ഈ വര്‍ഷം എല്ലാവരും ആഘോഷങ്ങളുടെ മൂഡിലേക്ക് വന്നതായും ഡിമാന്‍ഡ് കൂടിയതായും വ്യാപാരികള്‍ പറയുന്നു.
ഹിന്ദു കലന്‍ഡര്‍ വര്‍ഷം പ്രകാരം ദീപാവലി ഉത്സവാഘോഷങ്ങളുടെ തുടക്ക ദിനമായ 'ധന്‍തേരസ്' സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമായാണ് ഇന്‍ഡ്യക്കാര്‍ കരുതുന്നത്. വടക്കേ ഇന്‍ഡ്യക്കാരാണ് ഈ ദിവസത്തിന് അതീവ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണ വില്പനയും കൂടുതല്‍ നടക്കുന്നത് വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (എ കെ ജി എസ് എം എ ) സംസ്ഥാന ട്രഷററും ജെം ആന്‍ഡ് ജൂവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടറുമായ അബ്ദുള്‍ നാസര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.